പി.ജി വിദ്യാർഥികൾക്കും ഹിജാബ് വിലക്കി കർണാടകയിലെ കോളേജുകൾ
ഉഡുപ്പി മഹാത്മാഗാന്ധി മെമ്മോറിയൽ കോളേജിലും ഉള്ളാൾ കോളേജിലുമാണ് ഹിജാബ് ധരിച്ച ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് പ്രവേശനം വിലക്കിയത്
ഹിജാബ് ധരിക്കരുതെന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് 11, 12 ക്ലാസുകൾ നടത്തുന്ന പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിൽ മാത്രം ബാധകമാണെന്നിരിക്കെ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ഹിജാബ് വിലക്കി കോളേജുകൾ. ഉഡുപ്പി മഹാത്മാഗാന്ധി മെമ്മോറിയൽ (എംജിഎം) കോളേജിലും ഉള്ളാൾ കോളേജിലുമാണ് ഹിജാബ് ധരിച്ച ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് പ്രവേശനം വിലക്കിയത്.
തങ്ങളെ ക്ലാസുകളിൽ ഹാജരാകാനോ കോളജ് വളപ്പിൽ പ്രവേശിക്കാനോ പ്രിൻസിപ്പൽ അനുവദിച്ചിട്ടില്ലെന്നും ഇത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ബിരുദാനന്തര ബിരുദ വിദ്യാർഥികൾ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ബാധകമല്ലെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി സി എൻ അശ്വത് നാരായൺ ഒന്നിലധികം തവണ വ്യക്തമാക്കിയ സാഹചര്യത്തിലാണിത്.
ഹിജാബ് വിഷയം വിവാദമായതോടെ നേരത്തെ പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. കാവി സ്‌കാർഫ് ധരിച്ച ഒരു കൂട്ടം വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനെത്തുടർന്ന് ഹിജാബ് ധരിച്ച് അകത്ത് കയറിയ മുസ്ലീം പെൺകുട്ടികളെ സ്ഥാപനത്തിന്റെ ഗേറ്റിൽ തടഞ്ഞിരുന്നു.
'ഇവിടെ സാഹചര്യം ശരിയല്ലാത്തതിനാൽ ഞാൻ കുറച്ച് ദിവസമായി കോളേജിൽ വന്നില്ല. എന്നാൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കാതിരുന്നത് ഞങ്ങളെ ഞെട്ടിച്ചു. എന്തുകൊണ്ടാണ് പ്രിൻസിപ്പൽ ഇത് ചെയ്യുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല' എന്ന് ഉടുപ്പി കോളേജിലെ ഒരു പിജി വിദ്യാർഥി പറഞ്ഞു.
ഹിജാബ് ധരിച്ച വിദ്യാർത്ഥികൾക്ക് കോളേജിൽ പ്രവേശനം നിഷേധിച്ചതിന് സമാനമായ സംഭവം ഉള്ളാലിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിന്നീട് രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും വിദ്യാർത്ഥികളെ ഒരു ദിവസം ഹിജാബ് ധരിച്ച് ഇരിക്കാൻ അനുവദിക്കുകയും ചെയ്തു. വിഷയം ചർച്ച ചെയ്യാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, ഉഡുപ്പി ഗവൺമെന്റ് പ്രീ-യൂണിവേഴ്സിറ്റി കോളേജ് ഫോർ ഗേൾസ് കോളേജിലെ ആറ് വിദ്യാർത്ഥികൾ ഫെബ്രുവരി 28 മുതൽ ആരംഭിക്കാനിരിക്കുന്ന തങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് പ്രീ-യൂണിവേഴ്സിറ്റി ബോർഡിനോട് അഭ്യർത്ഥിച്ചു. ആറ് പേരും ഹൈക്കോടതിയെ സമീപിച്ചവരാണ്.
എന്നാൽ കർണാടകയിലെ വിദ്യാലയങ്ങളിൽ അധ്യാപികമാർക്ക് താത്കാലിക ഹിജാബ് നിരോധനമില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഹിജാബ്, കാവിഷാൾ തുടങ്ങിയവ നിരോധിച്ചത് വിദ്യാർഥികൾക്ക് മാത്രമാണെന്ന് ബുധനാഴ്ചയാണ് കോടതി വ്യക്തമാക്കിയത്. ഹിജാബ് ധരിച്ചെത്തുന്ന അധ്യാപികമാരും സ്‌കൂൾ കവാടങ്ങളിൽ തടയപ്പെടുന്നുണ്ടെന്ന് ഹിജാബ് നിരോധനത്തിനെതിരെ ഹരജി നൽകിയ വിദ്യാർഥികളുടെ അഭിഭാഷകനായ മുഹമ്മദ് താഹിർ അറിയിക്കുകയായിരുന്നു. അപ്പോൾ മുൻ ഉത്തരവ് വിദ്യാർഥികൾക്ക് മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് റിതു രാജ് അവാസ്തി വ്യക്തമാക്കി. പി.ജി
Adjust Story Font
16