തെലങ്കാനയിൽ വർഗീയ സംഘർഷത്തിന് ശ്രമിച്ചാൽ ഉരുക്കുകൈ കൊണ്ട് നേരിടും- മുന്നറിയിപ്പുമായി മന്ത്രി കെ.ടി.ആര്‍
ചില പാർട്ടികൾ രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് തെലങ്കാന വ്യവസായ, ഐ.ടി മന്ത്രി കെ.ടി രാമറാവു
ഹൈദരാബാദ്: സംസ്ഥാനത്തെ സാമുദായിക സൗഹാർദം തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ഉരുക്കുകൈകൊണ്ട് നേരിടുമെന്ന് തെലങ്കാന മന്ത്രി. വ്യവസായ, ഐ.ടി മന്ത്രി കെ.ടി രാമറാവു(കെ.ടി.ആർ)വിന്റേതാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ക്രമസമാധാനനില നിലനിർത്തുന്ന കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ച കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈദരാബാദിൽ 500 കോടിയുടെ വികസന പ്രവൃത്തികളുടെ ശിലാസ്ഥാപന ചടങ്ങിലായിരുന്നു മന്ത്രിയുടെ നയപ്രഖ്യാപനം. ''തെലങ്കാന രാഷ്ട്രസമിതി(ടി.ആർ.എസ്) ഒരിക്കലും മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ല. വികസനരാഷ്ട്രീയത്തിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. നിർമാണത്തിന്റെ രാഷ്ട്രീയത്തിലാണ്, വിധ്വംസക രാഷ്ട്രീയത്തിലല്ല ഞങ്ങൾ വിശ്വസിക്കുന്നത്.''-കെ.ടി.ആർ പറഞ്ഞു.
തന്റെ സ്‌കൂൾ പഠനകാലത്ത് ഹൈദരാബാദിൽ വർഗീയ സംഘർഷങ്ങളുണ്ടാകാറുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. എല്ലാവർഷവും ഇത്തരത്തിൽ കർഫ്യൂ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ, ടി.ആർ.എസ് അധികാരത്തിലെത്തിയ ശേഷം ഹൈദരാബാദിലോ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലോ ഒന്നും വർഗീയ ലഹളകളുണ്ടായിട്ടില്ല. ചില പാർട്ടികൾ രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും കെ.ടി.ആർ വിമർശിച്ചു.
Summary: Attempts to create communal problems in Telangana will be dealt with an iron hand, says Telangana's Minister for Industries and Information Technology K.T. Rama Rao
Adjust Story Font
16