രാജസ്ഥാനിലെ കരൗളിയിൽ വർഗീയ ലഹള; കർഫ്യൂ ലംഘിച്ച് 40ലേറെ മുസ്‌ലിം വീടുകൾ അഗ്നിക്കിരയായതായി റിപ്പോർട്ട്
കല്ലേറിനു പിന്നാലെ പരിസരത്തെ കടകളും വാഹനങ്ങളും വ്യാപകമായി അഗ്നിക്കിരയാക്കപ്പെട്ടു. പ്രദേശത്തെ വീടുകൾക്കുനേരെയും ആക്രമണം നീണ്ടു
രാജസ്ഥാനിലെ കരൗളിയിൽ വർഗീയ ലഹളയ്ക്കു പിന്നാലെ വ്യാപകമായി മുസ്‌ലിം വീടുകൾ അഗ്നിക്കിരയായതായി റിപ്പോർട്ട്. പ്രദേശത്ത് പ്രഖ്യാപിച്ച കർഫ്യൂവിനിടെ 40ഓലം വീടുകൾ അക്രമികൾ അഗ്നിക്കിരയാക്കിയതായി മുസ്‌ലിം മിറർ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന വ്യാപകമായ അക്രമസംഭവങ്ങളിൽ 46 പേരെ അറസ്റ്റ് ചെയ്തതായി രാജസ്ഥാൻ പൊലീസ് അറിയിച്ചു.
ശനിയാഴ്ച ഹിന്ദു പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടന്ന ബൈക്ക് റാലിക്കിടെയായിരുന്നു അക്രമസംഭവങ്ങളുടെ തുടക്കം. റാലി മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് എത്തിയപ്പോൾ റാലിയിൽനിന്ന് വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലൗഡ്‌സ്പീക്കറിൽ മുസ്‌ലിം വിരുദ്ധ ഗാനങ്ങളും കേൾപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഇതോടെയാണ് റാലിക്കുനേരെ കല്ലേറുണ്ടായത്.
കല്ലേറിനു പിന്നാലെ പരിസരത്തെ കടകളും വാഹനങ്ങളും വ്യാപകമായി അഗ്നിക്കിരയാക്കപ്പെട്ടു. പ്രദേശത്തെ വീടുകൾക്കുനേരെയും ആക്രമണം നീണ്ടു. വ്യാപകമായ കൊള്ളയും കൊള്ളിവയ്പ്പുമാണ് ഇവിടെ നടന്നത്.
വർഗീയ ലഹളയെത്തുടർന്ന് പൊലീസ് പ്രദേശത്ത് മൂന്നുദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അടക്കം ഉയർന്ന റാങ്കിലുള്ള 50 ഉദ്യോഗസ്ഥരടക്കം 600 പൊലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. നാല് ഐ.പി.എസുകാരെ തലസ്ഥാനമായ ജയ്പൂരിൽനിന്ന് കരൗളിയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
മുഴുവൻ കുറ്റവാളികളെയും അറസ്റ്റ് ചെയ്യുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. രാജസ്ഥാനിൽ വിദ്വേഷചിന്ത വളർത്താൻ അനുവദിക്കില്ല. എല്ലാവരും സമാധാനം പാലിക്കണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.
Summary: Violence in Rajasthan's Karauli, Muslim houses were burnt-out: Report
Adjust Story Font
16