Quantcast

കമ്മ്യൂണിസ്റ്റ് ഭരണം ത്രിപുരയെ നാശത്തിലേക്ക് തള്ളിവിട്ടെന്ന് മോദി

ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും കേഡർമാർ ബന്ദികളാക്കിയ അരാജകമായ സാഹചര്യം ത്രിപുരയിലെ ജനങ്ങൾക്ക് ഒരിക്കലും മറക്കാനാവില്ല

MediaOne Logo

Web Desk

  • Updated:

    2023-02-14 06:39:13.0

Published:

14 Feb 2023 6:38 AM GMT

Prime Minister Narendra Modi with Tripura Chief Minister
X

മോദി ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ

അഗര്‍ത്തല: കോൺഗ്രസും ഇടതുപക്ഷവും ത്രിപുരയെ നാശത്തിലേക്ക് തള്ളിവിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച അഗർത്തലയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനത്തിന്‍റെ ആദ്യ വ്യവസ്ഥ ക്രമസമാധാനവാഴ്ചയാണ്.കമ്മ്യൂണിസ്റ്റ് ഭരണം ത്രിപുരയെ നാശത്തിന്‍റെ വക്കിലേക്ക് തള്ളിവിട്ടിരുന്നു.ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും കേഡർമാർ ബന്ദികളാക്കിയ അരാജകമായ സാഹചര്യം ത്രിപുരയിലെ ജനങ്ങൾക്ക് ഒരിക്കലും മറക്കാനാവില്ല.ഇടതുപക്ഷം ത്രിപുരയിലെ ജനങ്ങളെ അടിമകളായും തങ്ങളെ രാജാക്കന്മാരായും കണക്കാക്കി.ത്രിപുരയിൽ സമാധാനവും നിയമവാഴ്ചയും കൊണ്ടുവന്നത് ഭാരതീയ ജനതാ പാർട്ടി മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രതിപക്ഷ സഖ്യം ഒരിക്കലും ത്രിപുരയെ വികസനത്തിലേക്ക് നയിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.



''ത്രിപുരയിലെ ജനങ്ങളെ ഒരു കാര്യം ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഇടതുപക്ഷത്തിനും കോൺഗ്രസിനും ഒരിക്കലും ത്രിപുര വികസിപ്പിക്കാൻ കഴിയില്ല. ത്രിപുരയിലെ ജനങ്ങൾ ദരിദ്രരായി തുടരണമെന്ന് ആഗ്രഹിക്കുന്നു. അവരുടെ ഖജനാവ് നിറയ്ക്കുക എന്ന അജണ്ട മാത്രമേ അവര്‍ക്കുള്ളൂ'' പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''പ്രതികാരത്തിന്‍റെതല്ല, ബി.ജെ.പിയുടേത് മാറ്റത്തിന്‍റെ രാഷ്ട്രീയമാണ്. ഞങ്ങൾ പൊതുതാൽപര്യത്തിന്റെയും ദേശീയ താൽപര്യത്തിന്റെയും രാഷ്ട്രീയമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ടുകളുമായി ബിജെപി തിരിച്ചുവരുന്നത്.മൂന്ന് പതിറ്റാണ്ടോളം ത്രിപുര ഭരിച്ച കമ്മ്യൂണിസ്റ്റുകൾ എല്ലാ തെരഞ്ഞെടുപ്പിന് മുമ്പും രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കി.കഴിഞ്ഞ 25-30 വർഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ കുഴിച്ച കുഴി നികത്താൻ ത്രിപുരയിലെ ബിജെപി സർക്കാർ അഹോരാത്രം പ്രയത്നിക്കുകയാണ്'' മോദി വിശദമാക്കി.



ഫെബ്രുവരി 16ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ സന്ദർശനമാണിത്.മാര്‍ച്ച് 2നാണ് വോട്ടെണ്ണല്‍. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഭരണം നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. എന്നാൽ പുതിയ രാഷ്ട്രീയ സഖ്യത്തിലൂടെ വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എമ്മും കോൺഗ്രസും. പ്രാദേശിക പാർട്ടിയായ ത്രിപ്രമോദയും പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഏഴ് മാസങ്ങൾക്ക് മുമ്പ് ബിപ്ലവ്കുമാറിനെ മാറ്റി മാണിക് സാഹയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ഭരണ വിരുദ്ധ വികാരം മറികടന്നതായാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. ബി.ജെ.പിയുടെ പാഴായ തെരഞ്ഞെപ്പ് പ്രഖ്യാപനങ്ങളും തൊഴിലില്ലായ്മയും ഉയർത്തിക്കാട്ടിയാണ് സിപിഎം -കോൺഗ്രസ് മുന്നണി വോട്ട് ചോദിക്കുന്നത്.



TAGS :

Next Story