Quantcast

ഉത്തർ പ്രദേശിലെ സംഭാലിൽ പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

കുട്ടികളെയും സ്ത്രീകളെയും പൊലീസ് ആക്രമിച്ചു

MediaOne Logo

Web Desk

  • Published:

    7 May 2024 4:10 PM GMT

up police against muslim voters
X

ലഖ്നൗ: ഉത്തർ പ്രദേശിലെ സംഭാലിൽ വോട്ട് ചെയ്യാനെത്തിയ മുസ്‍ലിംകളെ തടയുകയും ​പൊലീസ് ലാത്തി ചാർജ് നടത്തിയതായും പരാതി. വോട്ടർമാരെ പൊലീസ് ഉദ്യോഗസ്ഥർ ആക്രമിക്കുകയും ഓടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കുട്ടികളെയും സ്ത്രീകളെയുമെല്ലാം പൊലീസ് ആക്രമിച്ചു. സംഭാൽ ലോക്‌സഭാ മണ്ഡലത്തിലെ അസ്മൗലി ഗ്രാമത്തിലെ ഒവാരിയിലെ 181, 182, 183, 184 എന്നീ ബൂത്തുകളിലാണ് സംഭവം. മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചൊവ്വാഴ്ചയായിരുന്നു ഇവിടെ വോട്ടെടുപ്പ്.

‘ഞങ്ങളെ വോട്ട് ​ചെയ്യാൻ അനുവദിച്ചില്ല. പൊലീസ് ഞങ്ങളുടെ ആധാർ കാർഡുകളും വോട്ടർ ഐ.ഡിയും തട്ടിയെടുക്കുകയും താടി വലിച്ച് ഞങ്ങളെ അപമാനിക്കുകയും ചെയ്തു’ -പൊലീസിന്റെ ആക്രമണത്തിനിരയായ മുസ്ലിം യുവാവ് പറഞ്ഞു.

‘ഞങ്ങളെ തല്ലാൻ പൊലീസ് മടിച്ചില്ല. ഞങ്ങളുടെ ആധാർ കാർഡുകൾ വ്യാജമാണെന്ന് പറഞ്ഞ് ഞങ്ങളെ തിരിച്ചയച്ചു. അവർ ഞങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല’ -പ്രായമായ മുസ്ലീം സ്ത്രീ പറഞ്ഞു.

അതേസമയം, വോട്ടർമാരുടെ ഐ.ഡി കാർഡുകൾ പരിശോധിക്കാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് അധികാരമെന്ന് കാണിച്ച് സംഭാലിലെ എ.എസ്.പി അനുകൃതി ശർമ്മ പൊലീസ് ഉദ്യോഗസ്ഥരോട് പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ പറയുന്നു. വോട്ടർമാരെ പോളിംഗ് ബൂത്തിനകത്തേക്ക് കടത്തിവിടാൻ ശർമ്മ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.

അതേസമയം, വ്യാജ വോട്ട് ചെയ്യാനെത്തി​യ 50-ലധികം പേരെ പിടികൂടിയതായി സംഭാൽ പൊലീസ് അറിയിച്ചു. അന്വേഷണത്തിന് ശേഷം ആവശ്യമായ നിയമനടപടി സ്വീകരിക്കും. വോട്ടെടുപ്പ് സമാധാനപരമായും സുഗമമായും നടന്നുവെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story