സമൂസയിൽ കോണ്ടം, ഗുട്ക, പാൻ മസാല! ഞെട്ടിത്തരിച്ച് പൂനെ കമ്പനിയിലെ ജീവനക്കാർ; കേസ്
പൂനെയിലെ ഒരു പ്രമുഖ ഓട്ടോ മൊബൈൽ കമ്പനിയിൽ ജീവനക്കാർക്കു കഴിക്കാനായി കാന്റീനിൽ എത്തിച്ച സമൂസയിലാണ് വിചിത്രകരമായ സാധനങ്ങൾ കണ്ടെത്തിയത്
പൂനെ: പ്രമുഖ ഓട്ടോ മൊബൈൽ കമ്പനിയുടെ കാന്റീനിലെ സമൂസയിൽനിന്ന് കിട്ടിയ സാധനങ്ങൾ കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും. ഗർഭനിരോധന ഉറ, ഗുട്ക, പാൻ മസാല, കല്ല്... അങ്ങനെ പോകുന്നു ആ 'മസാല'പ്പട്ടിക. പൂനെ നഗരമായ ഔന്ദിലെ ഒരു പ്രമുഖ കമ്പനിയിലെ ജീവനക്കാരാണു സമൂസയിലെ സാധനങ്ങൾ കണ്ടു ഞെട്ടിത്തരിച്ചിരിക്കുന്നത്.
കമ്പനിക്കായി കാറ്ററിങ് സർവീസ് നടത്തുന്ന സ്ഥാപനത്തിന്റെ ജനറൽ മാനേജർ നൽകിയ പരാതിയിൽ ചിഖാലി പൊലീസ് അന്വേഷണമാരംഭിച്ചു. പ്രതിയെന്നു സംശയിക്കുന്ന ഒരാളെ പിടികൂടിയതായും റിപ്പോർട്ടുണ്ട്. നേരത്തെ സബ് കോൺട്രാക്ട് ഏറ്റെടുത്തിരുന്ന സ്ഥാപനമാണ് സംഭവത്തിനു പിന്നിലെന്നാണു സൂചന.
കമ്പനിയുടെ കാറ്ററിങ് കരാർ ഏറ്റെടുത്ത സ്ഥാപനം മറ്റൊരു പ്രാദേശിക സ്ഥാപനത്തിന് ഉപകരാർ നൽകിയിരുന്നുവെന്നാണ് അറിയുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർ തയാറാക്കിയ സമൂസയിൽനിന്ന് പ്രാഥമിക ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ബാൻഡേജ് പശ നേരത്തെ കണ്ടെത്തുകയും കരാർ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം മറ്റൊരു സ്ഥാപനത്തിന് ഉപകരാർ നൽകി. എന്നാൽ, കരാർ റദ്ദാക്കിയതിന്റെ പ്രതികാരം തീർക്കാനായി ആദ്യത്തെ സ്ഥാപനത്തിന്റെ ഉടമകൾ തങ്ങളുടെ രണ്ട് തൊഴിലാളികളെ പുതിയ സബ് കോൺട്രാക്ട് സ്ഥാപനത്തിലേക്ക് അയച്ചു. നേരത്തെ തയാറാക്കിയ ഗൂഢാലോചന പ്രകാരം പുതിയ സ്ഥാപനത്തിൽ തയാറാക്കുന്ന സമൂസയിൽ ഗർഭ നിരോധന ഉറ ഉൾപ്പെടെ ചേർക്കുകയായിരുന്നുവെന്നും സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കാറ്ററിങ് സ്ഥാപനത്തിലെ മൂന്നുപേർക്കും പഴയ സ്ഥാപനത്തിൽനിന്ന് അയച്ച രണ്ട് തൊഴിലാളികൾക്കുമെതിരെയാണു നടപടിയുള്ളത്. സബ് കോൺട്രാക്ട് സ്ഥാപനത്തിലെ ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ടെന്ന് എസ്.ഐ ധ്യാനേശ്വർ കട്കാർ അറിയിച്ചു. ഐ.പി.സി 328 പ്രകാരം കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
summary: Condoms, gutka, stones found in samosas supplied to Pune auto mobile firm
Adjust Story Font
16