Quantcast

മോദിയെ വിമർശിച്ച അധീർരഞ്ജൻ ചൗധരിക്ക് ലോക്‌സഭയിൽ നിന്ന് സസ്‌പെൻഷൻ

ആദ്യമായാണ് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവിനെ സസ്‌പെൻഡ് ചെയ്യുന്നത്

MediaOne Logo

Web Desk

  • Updated:

    2023-08-10 15:27:01.0

Published:

10 Aug 2023 2:51 PM GMT

മോദിയെ വിമർശിച്ച അധീർരഞ്ജൻ ചൗധരിക്ക് ലോക്‌സഭയിൽ നിന്ന് സസ്‌പെൻഷൻ
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച കോൺഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരിയെ ലോക്‌സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു.അധീർരഞ്ജൻ ചൗധരിക്കെതിരെ പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ചു. അധീർരഞ്ജൻ ചൗധരി നിരന്തരം സഭാ നടപടികൾ തടസപ്പെടുത്തിയെന്നും അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചെന്നും പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയത്തിൽ ആരോപിച്ചു.

ആദ്യമായാണ് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവിനെ സസ്‌പെൻഡ് ചെയ്യുന്നത്. അധീർരഞ്ജൻ ചൗധരിയുടെ പരാമർശങ്ങൾ പ്രിവിലേജ് കമ്മിറ്റി പരിശോധിക്കും. പ്രിവിലേജ് കമ്മിറ്റി അന്വേഷണം പൂർത്തിയാകുന്നത് വരെയായിരിക്കും സസ്‌പെൻഷൻ.

മഹാഭാരതത്തിലെ ധൃതരാഷ്ട്രർ അന്ധനായിരുന്നത് കൊണ്ടാണ് ദ്രൗപതിയെ വസ്ത്രാക്ഷേപം നടത്തിയത് അന്ന് ഹസ്തിനിപുരത്ത്‌ ആണെങ്കിൽ, ഇന്ന് മണിപ്പൂരിലാണ് സ്ത്രീകൾ അപമാനിക്കപ്പെടുന്നതെന്ന് അധീർരഞ്ജൻ ചൗധരി വിമര്‍ശിച്ചിരുന്നു. രാജാവ് അന്ധനാണെന്നു അധീർ പറഞ്ഞു തുടങ്ങിയപ്പോൾ ഭരണ പക്ഷം ബഹളം തുടങ്ങി. പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അമിത് ഷാ അടക്കമുള്ള മന്ത്രിമാർ രംഗത്ത് വന്നിരുന്നു.

സംഘർഷം നൂറു ദിവസം പിന്നിട്ടിട്ടും മണിപ്പൂർ സന്ദർശിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം അഴിച്ചുവിട്ടത്.സ്ത്രീകളെ നഗ്നരാക്കുകയും ബലാൽസംഗം ചെയ്യുന്നതും കാണുമ്പോൾ ബേട്ടി ബചാവോ ബേട്ടി പാടാവോ തുടങ്ങിയ പദ്ധതികൾ പി ആർ വർക്ക് മാത്രമാണെന്ന് ജനം മനസിലാക്കുന്നതായി പ്രതിപക്ഷം ഇന്ന് സഭയില്‍ ആഞ്ഞടിച്ചിരുന്നു.

പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞും പ്രതിപക്ഷത്തെ പരിഹസിച്ചുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയില്‍ സംസാരിച്ചത്.


രണ്ടേകാല്‍ മണിക്കൂറോളം പ്രസംഗിച്ച പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് പറയാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇറങ്ങിപോക്ക്. പ്രതിപക്ഷം സഭ വിട്ടപ്പോൾ മോദി മണിപ്പൂരിനെകുറിച്ച് സംസാരിച്ചു തുടങ്ങി.

'മണിപ്പൂരിൽ നിരവധി പേർക്ക് പ്രിയപ്പെട്ടവരേ നഷ്ടപ്പെട്ടു. സ്ത്രീകൾക്ക് നേരെ ക്ഷമിക്കാൻ കഴിയാത്ത അക്രമങ്ങൾ ഉണ്ടായി. പ്രതികൾ പിടിയിലായിട്ടുണ്ട്. ഇപ്പോൽ പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങളോട് പറയാനുള്ളത് നല്ലൊരു പുലരി ഉണ്ടാകുമെന്നാണ്'..മോദി പറഞ്ഞു. മണിപ്പൂരിൽ ഒന്നിച്ച് ചേർന്ന് ഇതിന് പരിഹാരം കണ്ടെത്തും.മണിപ്പൂരിൽ നഷ്ടമായത് തിരിച്ച് പിടിക്കും.മണിപ്പൂർ അതിവേഗം വളർച്ച കൈവരിക്കുമെന്നും മോദി പറഞ്ഞു.



TAGS :

Next Story