Quantcast

ഗുജറാത്തിൽ പോർവിളിയുമായി രാഹുൽ ഗാന്ധി; മോദിയുടെ തട്ടകം വീഴുമോ?

ഒരു ദശാബ്ദത്തിന് ശേഷം ഗുജറാത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അക്കൗണ്ട് തുറന്നതും പാര്‍ട്ടി പ്രതീക്ഷയോടെയാണ് കാണുന്നത്.

MediaOne Logo

Web Desk

  • Published:

    6 July 2024 6:04 PM GMT

Modi and Rahul gandhi
X

''എഴുതിവെച്ചോളൂ, ഇത്തവണ ഗുജറാത്തിൽ ബി.ജെ.പിയെ 'ഇൻഡ്യ' സഖ്യം പരാജയപ്പെടുത്തും''- പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ലോക്‌സഭയിൽ കത്തിക്കയറിയപ്പോൾ ആത്മവിശ്വാസത്തോടെ പറഞ്ഞ വാക്കുകളാണിത്.

ഇതേ ആത്മവിശ്വാസത്തോടെ തന്നെയാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധനം ചെയ്തപ്പോഴും രാഹുൽ ഗാന്ധി പറഞ്ഞത്, ഗുജറാത്തിൽ മോദിയേയും ബി.ജെ.പിയേയും ഇക്കുറി ഞങ്ങൾ തോൽപിക്കും എന്ന്. ഒരുകാര്യം കൂടി അദ്ദേഹം പറയുകയുണ്ടായി അതിനുള്ള പ്രവർത്തനം ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇത്രയും ആത്മവിശ്വാസത്തോടെ മോദിയുടെ തട്ടകത്ത് നിന്ന് ഇങ്ങനെ പറയണമെങ്കിൽ എന്തെങ്കിലും കാണാതെയാവില്ല.

പലകാരണങ്ങള്‍ വിലയിരുത്തുന്നുണ്ടെങ്കിലും അതിലൊന്നാണ് അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിലെ വിജയം. മോദിയും ബി.ജെ.പിയും തെരഞ്ഞെടുപ്പിൽ തുറുപ്പ്ചീട്ടാകുമെന്ന കരുതിയതും ആ നിലക്ക് കരുക്കൾ നീക്കിയതുമായ വിഷയമാണ് അയോധ്യ.

പ്രാണപ്രതിഷ്ഠാ ചടങ്ങുകളൊക്കെ ആ നിലക്കായിരുന്നു ബി.ജെ.പി കൊണ്ടുപോയിരുന്നത്. എന്നാൽ എട്ടുനിലയിൽ പൊട്ടിയതോടെ രാമനും ക്ഷേത്രവുമൊന്നും ബി.ജെ.പിയുടെ രക്ഷക്കെത്തില്ലെന്ന് മനസിലായി. ഹിന്ദുത്വ പരീക്ഷണശാലയാണ് ഗുജറാത്ത്. അയോധ്യയില്‍ തോല്‍പിച്ച സ്ഥിതിക്ക് ഗുജറാത്തിലും എന്തുകൊണ്ട് ആയിക്കൂടാ എന്ന ചിന്ത ഇങ്ങനെയാണ് വരുന്നത്.

വെറുതെയാവില്ല ഇന്‍ഡ്യ സഖ്യം

'ഇന്‍ഡ്യ' സഖ്യത്തിലാണ് കോൺഗ്രസിന്റെ മറ്റൊരു പ്രതീക്ഷ. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ അടിത്തറ ഇളക്കിയത് സമാജ്‌വാദി(എസ്.പി) പാര്‍ട്ടിയുടെ സഹായത്തോടെയാണ്. എന്നാല്‍ ഗുജറാത്തില്‍ എസ്.പിക്ക് കാര്യമായ റോളില്ല. ആം ആദ്മി പാര്‍ട്ടിയാണ്(എ.എ.പി) അവിടെ സജീവമാകുന്ന മറ്റൊരു പാര്‍ട്ടി.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമില്ലാതെയായിരുന്നു എ.എ.പിയും കോണ്‍ഗ്രസും മത്സരിച്ചിരുന്നത്. എ.എ.പിയുടെ ഗുജറാത്ത് പ്രവേശം വൻ ആവേശത്തോടെയായിരുന്നു ദേശീയമാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ അഞ്ച് സീറ്റുകളെ നേടാനായുള്ളൂ. നഗരമേഖലകളിൽ ഓളം സൃഷ്ടിച്ചെങ്കിലും ഗ്രാമങ്ങളിലേക്ക് ചേക്കാറാനായില്ല. കോണ്‍ഗ്രസും എ.എ.പിയും ഒരുമിച്ച് മത്സരിക്കുകയാണെങ്കില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയിലേത് പോലെ പ്രവര്‍ത്തകര്‍ തമ്മില്‍ വലിയ പിണക്കങ്ങളില്ലാത്തതും പ്ലസ് പോയിന്റാണ്.

അതേസമയം വരുന്ന ഡൽഹി, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക് മത്സരിക്കുമെന്ന തരത്തിലുള്ള ചില കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന സഖ്യത്തിന് വിള്ളല്‍ വീഴ്ത്തുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഭരണവിരുദ്ധ വികാരമുണ്ട്, മുതലാക്കാന്‍ പ്രതിപക്ഷത്ത് ആരുമില്ല

ഭരണവിരുദ്ധ വികാരം ആവോളം ഗുജറാത്ത് സർക്കാറിനുണ്ട്. ഭൂപേന്ദ്രപട്ടേലാണ് നിലവില്‍ സർക്കാറിനെ നയിക്കുന്നത്. മോദിയുടെ അടുപ്പക്കാരനായതുകൊണ്ടൊന്നും ഭൂപേന്ദ്രപട്ടേലിനെ ആളുകൾ വെറുതെ വിടുന്നില്ല. തൊഴിലില്ലായ്മയും വിലക്കയറ്റുവുമെല്ലാം ആളുകൾ പ്രശ്‌നമായി ഉയർത്തിക്കാണിക്കുന്നുണ്ട്. കര്‍ഷകരും സംതൃപ്തരല്ല.

എന്നാൽ ഈ ഭരണവിരുദ്ധ വികാരത്തെ മുതലെടുക്കാൻ പാകത്തിലുള്ളൊരു നേതാവ് പ്രതിപക്ഷത്ത് നിന്ന് ഇല്ലാതെ പോയതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ ബി.ജെ.പിക്ക് എളുപ്പമായത്.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

ഇക്കാര്യം മനസിലാക്കിയാണ് രാഹുൽഗാന്ധിയും ഇറങ്ങുന്നത്. മുമ്പ് എങ്ങനെയായിരുന്നോ അതല്ല ഇപ്പോൾ രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയും അതുവഴി സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയുമെല്ലാം രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഉണർവേകിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനവും പ്രതിപക്ഷ നേതാവ് എന്ന നിലയിലെ പ്രവർത്തനങ്ങളുമെല്ലാം ഗുജറാത്തിനെ ഇളക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാഹുൽ ഗാന്ധി തന്നെ നേരിട്ട് ഇറങ്ങിയാൽ എന്തെങ്കിലും ഒന്ന് സംഭവിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ അതിഥി വേഷമായിരുന്നുവെങ്കിൽ ഇക്കുറി രാഹുല്‍ ഗാന്ധിക്ക് അങ്ങനെയാവില്ലെന്ന് ഉറപ്പാണ്.

ഭരണത്തിലും സീറ്റെണ്ണത്തിലും റെക്കോര്‍ഡിട്ട് ബി.ജെ.പി

1995 മുതൽ ബി.ജെ.പിയാണ് ഗുജറാത്ത് ഭരിക്കുന്നത്. തുടർച്ചയായ ഏഴാം വർഷമാണ് ബി.ജെ.പി ഭരണം. മുഖ്യമന്ത്രിമാർ മാറുന്നുണ്ടെങ്കിലും ഭരണത്തിൽ മാറ്റമൊന്നുമില്ല. ഏഴാം ടേം കൂടി പൂർത്തിയായാൽ 32 വർഷമാകും ഗുജറാത്തിലെ ബി.ജെ.പിയുടെ ഭരണം. 2027ലാണ് അടുത്ത തെരഞ്ഞെടുപ്പ്. അതിന് ഇനിയും മൂന്ന് വർഷം ബാക്കിയുണ്ട്.

2022ലാണ് ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞത്. 188 അംഗ നിയമസഭയിൽ 156 സീറ്റുകൾ നേടി റെക്കോർഡ് സൃഷ്ടിച്ചായിരുന്നു ബി.ജെ.പി അധികാരം നിലനിർത്തിയത്. 1985ൽ കോൺഗ്രസ് നേടിയ 149 സീറ്റുകളെന്ന റെക്കോർഡാണ് ബി.ജെ.പി മറികടന്നത്. 17 സീറ്റുകളാണ് കോൺഗ്രസിനുള്ളത്.

അഞ്ച് സീറ്റുകൾ ആം ആദ്മി പാർട്ടിക്കാണ്. മൂന്ന് സ്വതന്ത്രന്മാരാണ് ശേഷിക്കുന്നവർ. ഒരു സീറ്റ് എസ്.പിക്കും. 52.5 ശതമാനം വോട്ട് വിഹിതമാണ് ബി.ജെ.പി സ്വന്തമാക്കിയതെങ്കിൽ 27.3 ശതമാനം വോട്ട് വിഹിതം കോൺഗ്രസിനുണ്ട്. കന്നി തെരഞ്ഞെടുപ്പിൽ തന്നെ 12.9 ശതമാനം വോട്ട് വിഹിതം നേടാൻ എ.എ.പിക്കായി.

പത്ത് വര്‍ഷത്തിന് ശേഷം ഗുജറാത്തില്‍ ലോക്‌സഭ സീറ്റ് നേടി കോണ്‍ഗ്രസ്

ഒരു ദശാബ്ദത്തിന് ശേഷം ഗുജറാത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അക്കൗണ്ട് തുറന്നതും പാര്‍ട്ടി പ്രതീക്ഷയോടെയാണ് കാണുന്നത്. ബനസ്‌കന്ത സീറ്റില്‍ നിന്നാണ് കോണ്‍ഗ്രസ് നീണ്ട ഇടവേളയ്ക്ക് ശേഷം വിജയിച്ച് കയറിയത്. ജെനിബെന്‍ താക്കൂറാണ് വിജയിച്ചത്.

ജെനിബന്‍ താക്കൂറും പ്രിയങ്കാ ഗാന്ധിയും

30,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ രേഖ ചൗധരിയെ ജെനിബെന്‍ താക്കൂര്‍ പരാജയപ്പെടുത്തിയത്. ഇതോടെ 2014 ലും 2019 ലും 26 സീറ്റിലും വിജയിച്ച് ക്ളീന്‍ ഷീറ്റ് നേടിയ ബിജെപിക്ക് ഇത്തവണ അത് തുടരാനായില്ല. ബിജെപിയുടെ പരമ്പരാഗത കോട്ടയായിരുന്നു ബനസ്‌കന്ത മണ്ഡലം. അവിടെ നിന്നാണ് കോണ്‍ഗ്രസ് ജയിച്ചുകയറിയത്. 1962-ന് ശേഷം ഈ സീറ്റിൽ വിജയിക്കുന്ന ആദ്യ വനിതാ സ്ഥാനാർഥിയാണ് ജെനിബെൻ.


TAGS :

Next Story