മണിപ്പൂര്‍ കത്തുന്നു; ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയമാണ് അക്രമത്തിന് കാരണമെന്ന് കോണ്‍ഗ്രസ്
മണിപ്പൂരിലെ ജനങ്ങൾ സംയമനം പാലിക്കണമെന്നും സംസ്ഥാനത്ത് സമാധാനം നിലനിൽക്കാൻ അനുവദിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ
മല്ലികാർജുൻ ഖാർഗെ
ഡല്‍ഹി: മണിപ്പൂരിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിന് കാരണം ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ്. മണിപ്പൂരിലെ ജനങ്ങൾ സംയമനം പാലിക്കണമെന്നും സംസ്ഥാനത്ത് സമാധാനം നിലനിൽക്കാൻ അനുവദിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
''മണിപ്പൂർ കത്തുകയാണ്, ബി.ജെ.പി സമുദായങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുകയും മനോഹരമായ ഒരു സംസ്ഥാനത്തിന്‍റെ സമാധാനം തകർക്കുകയും ചെയ്തു.ബിജെപിയുടെ വിദ്വേഷത്തിന്‍റെയും ഭിന്നിപ്പിന്‍റെയും അധികാരക്കൊതിയുടെയും രാഷ്ട്രീയമാണ് ഈ കുഴപ്പത്തിന് കാരണം. എല്ലാ ഭാഗത്തു നിന്നുമുള്ള ആളുകളോട് സംയമനം പാലിക്കാനും സമാധാനത്തിന് അവസരം നൽകാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു'' ഖാർഗെ ട്വിറ്ററിൽ കുറിച്ചു.മണിപ്പൂരിൽ ഗോത്രവർഗ പ്രക്ഷോഭത്തിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ട സാഹചര്യം നിയന്ത്രിക്കാൻ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചതായി പ്രതിരോധ വക്താവ് വ്യാഴാഴ്ച പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനാണ് സൈന്യത്തെയും അസം റൈഫിൾസിനെയും മണിപ്പൂരിൽ വിന്യസിച്ചത്. സംഘർഷ മേഖലകളിൽ സൈന്യവും അസം റൈഫിൾസും പൊലീസും ചേർന്ന് റൂട്ട് മാർച്ചും നടത്തി. നാലായിരം പേരാണ് ഇതിനകം സൈന്യത്തിൻ്റെ അഭയാർത്ഥി ക്യാമ്പുകളിൽ എത്തിയിട്ടുള്ളത്. ജനസംഖ്യയുടെ അമ്പത് ശതമാനത്തിലേറെ വരുന്ന മേയ്തി വിഭാഗത്തെ ന്യൂനപക്ഷ പദവി നൽകി പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുത്തി ഹൈക്കോടതി വിധി വന്നതാണ് പ്രതിഷേധങ്ങൾക്ക് കാരണം. സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഇൻ്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഓൾ ട്രൈബൽ സ്റ്റുഡൻ്റ്സ് യൂണിയൻ മണിപ്പൂർ നടത്തിയ മാർച്ചിന് പിന്നാലെ ചുരാചന്ദ്പൂരിലും ഇംഫാലിലും ഏറ്റുമുട്ടലുകൾ നടന്നു. എട്ട് ജില്ലകളിലാണ് നിലവിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. 'എൻ്റെ സംസ്ഥാനം കത്തുന്നു' എന്ന ട്വീറ്റിൽ ബോക്സിംഗ് താരം മേരി കോം കേന്ദ്ര സർക്കാരിനെയും പ്രധാന മന്ത്രിയെയും ടാഗ് ചെയ്ത് സഹായം അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രി ബീരേൻ സിംഗുമായി ഫോണിൽ ബന്ധപ്പെട്ട അമിത് ഷാ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത് സൈന്യം തുടരുകയാണ്. നിയമം ലംഘിച്ച് സംഘം ചേരുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16