മുസ്‍ലിംകൾക്കെതിരായ ആക്രമണവും വിദ്വേഷ പ്രചാരണവും ഏശിയില്ല; ഉത്തരാഖണ്ഡിലെ മംഗ്ലൂർ സീറ്റ് പിടിച്ചെടുത്ത് കോൺഗ്രസ്
ആക്രമണം അഴിച്ചുവിട്ട് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപണമുണ്ടായിരുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മംഗ്ലൂർ സീറ്റിലെ കോൺഗ്രസിന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം. 422 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഖാസി നിസാമുദ്ദീൻ ഇവിടെ വിജയിച്ചത്. ബി.ജെ.പിയുടെ കർത്താർ സിങ് ബാദനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. കോൺഗ്രസിന് 31,727ഉം ബി.ജെ.പിക്ക് 31,305ഉം വോട്ടും ലഭിച്ചു.
ബി.എസ്.പിയുടെ ഉബൈദുർ റഹ്മാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 19,559 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. ഉബൈദുർ റഹ്മാന്റെ പിതാവും ബി.എസ്.പി നേതാവുമായ സർവത്ത് കരീം അൻസാരി കഴിഞ്ഞ ഒക്ടോബറിൽ മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
2022ൽ ബി.എസ്.പിക്ക് 32,660, കോൺഗ്രസിന് 32,062, ബി.ജെ.പിക്ക് 18,763 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. ബി.ജെ.പിയുടെ വോട്ട് ഇത്തവണ 16.04 ശതമാനം കൂടിയപ്പോൾ ബി.എസ്.പിയുടേത് 13.81 ശതമാനം കുറഞ്ഞു.
തെരഞ്ഞെടുപ്പ് ദിവസം വലിയ അക്രമങ്ങളാണ് മണ്ഡലത്തിൽ അരങ്ങേറിയത്. മുസ്‍ലിം വോട്ടർമാരെ ബി.ജെ.പി പ്രവർത്തകർ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപണം ഉയർന്നു. വോട്ടെടുപ്പിന് മുന്നോടിയായി ലിബെർഹെഡി ഗ്രാമത്തിലെ മുസ്‍ലിംകളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. വോട്ട് ചെയ്യുന്നതിൽനിന്ന് ഇവരെ തടയുകയായിരുന്നു ലക്ഷ്യം. പരിക്കേറ്റവരെ കോൺഗ്രസ് സ്ഥാനാർഥി ഖാസി നിസാമുദ്ദീനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അക്രമികൾ പരസ്യമായി വെടിയുതിർത്തുവെന്ന് കോൺഗ്രസ് സ്ഥാനാർഥി ഖാസി നിസാമുദ്ദീൻ ആരോപിച്ചിരുന്നു. ‘അക്രമികൾ പരസ്യമായി വെടിയുതിർക്കുകയായിരുന്നു. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകളോ മറ്റു സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല’ -ഖാസി നിസാമുദ്ദീൻ പറഞ്ഞു. മുസ്‍ലിംകളെ സമാധാനപരമായി വോട്ട് ചെയ്യാൻ പൊലീസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
വോട്ട് ചെയ്യാനെത്തിയ മുസ്‍ലിം സ്ത്രീകളെ പോളിങ് ബൂത്തിൽനിന്ന് ബി.ജെ.പി പ്രവർത്തകർ തിരിച്ചയക്കുന്നതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. കൂടാതെ, ഹിജാബ് ധരിച്ച മുസ്‍ലിം വോട്ടർമാരുടെ ഫോട്ടോ ഉപയോഗിച്ച് ഹിന്ദുത്വവാദികൾ സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണവും അഴിച്ചുവിട്ടു. ദേവഭൂമിയായ ഉത്തരാഖണ്ഡിൽ മുസ്‍ലിം ജനസംഖ്യ വർധിക്കുകയാണെന്നായിരുന്നു പ്രചാരണം.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയും ഹിന്ദുത്വ വാദികൾ സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം തുടരുന്നുണ്ട്.
നാലാം തവണയാണ് നിസാമുദ്ദീൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. രണ്ട് തവണ ബി.എസ്.പി ടിക്കറ്റിലും ഒരു തവണ കോൺഗ്രസ് ടിക്കറ്റിലുമാണ് അദ്ദേഹം വിജയിച്ചത്. ചരിത്രപരമായി മുസ്‍ലിംകളും ദലിതുകൾക്കും ഭൂരിപക്ഷമുള്ള മണ്ഡലമാണ് മംഗ്ലൂർ.
ഉത്തരാഖണ്ഡിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ബദ്‍രീനാഥ് സീറ്റിലും കോൺഗ്രസ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ലഖ്പത് സിങ് ബുടോള 5095 വോട്ടിനാണ് ബി.ജെ.പിയുടെ രാജേന്ദ്ര സിങ് ഭണ്ഡാരിയെ പരാജയപ്പെടുത്തിയത്. ബുടോളയ്ക്ക് 27,696 വോട്ട് കിട്ടിയപ്പോൾ ഭണ്ഡാരിക്ക് 22,601 വോട്ട് ലഭിച്ചു. ഭണ്ഡാരി കോൺഗ്രസില്‍നിന്ന് രാജിവെച്ച് ബി.ജെ.പിയിലേക്ക് ചേക്കേറിയതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്.
മതം രാഷ്ട്രീയവിഷയമാക്കരുത് എന്നാണ് ജനവിധി തെളിയിക്കുന്നതെന്ന് കോൺഗ്രസ് സമൂഹമാധ്യമ വിഭാഗം മേധാവി സുപ്രിയ ശ്രീനേത് പ്രതികരിച്ചു. 'മതം വിശ്വാസമാണ്. അത് രാഷ്ട്രീയ വിഷയമല്ല. അയോധ്യയിൽനിന്ന് ബദ്‍രീനാഥ് വരെ ഇതാണ് ദൈവസന്ദേശം' - എന്നാണ് സുപ്രിയ എക്സില്‍ കുറിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഭണ്ഡാരിയുടെ രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് മാത്രമേ രാജ്യത്തെ മുന്നോട്ടു നയിക്കാനാകൂ എന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞിരുന്നു. ഗർവാൾ ലോക്‌സഭാ മണ്ഡലത്തിന് കീഴിൽ വരുന്ന നിയമസഭാ സീറ്റാണ് ബദ്‍രീനാഥ്. ലോക്‌സഭയിൽ ഇവിടെ ബി.ജെ.പിയാണ് വിജയിച്ചിരുന്നത്.
ഉപതെരഞ്ഞെടുപ്പ് ബി.ജെ.പിക്കുള്ള മുന്നറിയിപ്പാണെന്നും 2027ൽ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്നും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് പറഞ്ഞു. രാജ്യത്തെ മാറുന്ന അന്താരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നതാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.
ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയം തിരിച്ചടിച്ചെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേരയും പറഞ്ഞു. ‘മംഗ്ലൂർ മുസ്‍ലിം ഭൂരിപക്ഷ മേഖലയാണെന്നാണ് ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടത്. എന്നാൽ, ബദരീനാഥിലും അയോധ്യയിലും കോൺഗ്രസ് ജയിച്ചു. പൊതുജനങ്ങൾ ബി.ജെ.പിക്ക് ഉചിതമായ മറുപടി നൽകുകയാണ്. മംഗ്ലൂരിൽ വോട്ടെടുപ്പ് ദിവസം മുസ്‍ലിംകളെ വോട്ട് ചെയ്യുന്നതിൽനിന്ന് തടയപ്പെടുകയുണ്ടായി’ -പവൻ ഖേര കൂട്ടിച്ചേർത്തു.
Adjust Story Font
16