Quantcast

കൂട്ടുകെട്ടിന്റെ ആവശ്യം വരില്ല, മികച്ച ഭൂരിപക്ഷം തന്നെ നേടും; മല്ലികാർജുൻ ഖാർഗെ

'കോൺഗ്രസ് മികച്ച ഭൂരിപക്ഷം തന്നെ നേടും, ബാക്കിയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും'

MediaOne Logo

Web Desk

  • Published:

    13 May 2023 2:08 AM GMT

#KarnatakaElection2023, #KarnatakaAssemblyElection
X

മല്ലികാർജുൻ ഖാർഗെ

ബംഗളൂരു: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ജനതാദൾ നേതാവ് എച്ച്.ഡി കുമാരസ്വാമിയെ സമീപിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് മികച്ച ഭൂരിപക്ഷം തന്നെ നേടുമെന്നും ബാക്കിയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റുകൾ എത്ര ലഭിക്കുമെന്നതിനനുസരിച്ചാകും ബാക്കി നീക്കങ്ങൾ. ഫലം പൂർണമായും വന്നതിന് ശേഷമാകും തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയുമായി കോൺഗ്രസ് കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. അത്തരത്തിലുള്ള ഒരു നീക്കവും നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടകയിൽ ആർക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നും ജെ.ഡിഎസ് നിർണായക ശക്തിയാകുമെന്ന ചില എക്‌സിറ്റ്പോൾ ഫലങ്ങൾക്ക് പിന്നാലെയായിരുന്നു കോൺഗ്രസ് ജെ.ഡി.എസിനെ സമീപിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

അതേസമയം കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്ന് പല എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നുണ്ട്. എന്നിരുന്നാലും ജെ.ഡി.എസ് കിംഗ് മേക്കറാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. 2018ൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവെങ്കിലും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പിന്നീട് കോൺഗ്രസും ജെ.ഡി.എസും ചേർന്ന് കൂട്ടുകക്ഷി സർക്കാർ രൂപീകരിച്ചു. 14 മാസത്തിനുശേഷം ബി.ജെ.പിയിലേക്കുള്ള കൂട്ട കൂറുമാറ്റത്തിന് ശേഷം സര്‍ക്കാര്‍ വീഴുകയായിരുന്നു.

എന്നാല്‍ കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് തീരുമാനമെടുത്തതായും കഴിഞ്ഞദിവസം ജെ.ഡി.എസ് നേതാവ് അവകാശപ്പെട്ടിരുന്നു. അതേസമയം 224 അംഗ നിയമസഭയിൽ 150 ഓളം സീറ്റുകൾ നേടാനാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസ് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുമെന്നും മറ്റു കൂട്ടുകെട്ടിനെക്കുറിച്ച് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

TAGS :

Next Story