കോൺഗ്രസ് നേതൃത്വത്തെ ഉലച്ച് അജയ് മാക്കന്റെ തോൽവി; പരാജയത്തെക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതി വേണമെന്ന് ആവശ്യം
ജയിക്കാവുന്ന സീറ്റിൽ തോൽക്കുകയും തോൽക്കാൻ സാധ്യതയുണ്ടായിരുന്ന സീറ്റിൽ ജയിക്കുകയുമെന്ന വിചിത്രമായ വിധിയാണ് രാജ്യസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിനെ കാത്തിരുന്നത്.
ന്യൂഡൽഹി: രാജ്യസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തെ ഉലച്ച് എഐസിസി ജനറൽ സെക്രട്ടറി അജയ്മാക്കന്റെ തോൽവി. തോൽവിയെ കുറിച്ച് പഠിക്കാൻ സമിതിയെ ചുമതലപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഹരിയാനയിൽ അടിതെറ്റിയത് രാജസ്ഥാനിലെ വിജയത്തിളക്കത്തിന്റെ മാറ്റു കൂടി കുറയ്ക്കുന്നതാണ്.
ജയിക്കാവുന്ന സീറ്റിൽ തോൽക്കുകയും തോൽക്കാൻ സാധ്യതയുണ്ടായിരുന്ന സീറ്റിൽ ജയിക്കുകയുമെന്ന വിചിത്രമായ വിധിയാണ് രാജ്യസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിനെ കാത്തിരുന്നത്. രാജസ്ഥാനിൽ മൂന്നാമത്തെ സീറ്റിൽ വിജയിക്കാൻ ചെറുകക്ഷികളുടെയും സ്വതന്ത്രന്മാരുടെടെയും പിന്തുണ ഇല്ലാതെ സാധ്യമായിരുന്നില്ല. കോൺഗ്രസിന് പുറമെയുള്ള വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞെന്നു മാത്രമല്ല ബിജെപിയിൽ നിന്ന് കൂറുമാറിയുള്ള വോട്ട് നേടുകയും ചെയ്തു. ഹരിയാനയിൽ സ്ഥിതി നേരെ തിരിച്ചാണ്.
ഹരിയാനയിൽ ജയിക്കാവുന്ന വോട്ടുകളുടെ എണ്ണം 31 ആയിരുന്നു. കോൺഗ്രസ് എംഎൽഎമാരുടെ എണ്ണവും 31 തന്നെ. കോൺഗ്രസ് എംഎൽഎ ആയ കുൽദീപ് ബിഷ്ണോയി പുറംതിരിഞ്ഞു നിന്നതിനാൽ ചെറിയ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഒരു സ്വതന്ത്രൻ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നതോടെ കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിച്ചു. വോട്ടെണ്ണുന്നതിനിടയിൽ അജയ്മാക്കൻ ജയിച്ചു എന്ന ആദ്യ വാർത്ത കേട്ടപ്പോൾ തന്നെ കോൺഗ്രസ് ആഘോഷവും തുടങ്ങി. ആഘോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല.
ബിഷ്ണോയി കൂറുമാറിയെങ്കിലും കോൺഗ്രസിനെ ചതിച്ചത് ഒരു അസാധു വോട്ട് ആണ്. കിരൺ ചൗധരിയാണ് വോട്ട് അസാധുവാക്കിയതെന്നും അല്ലെന്നും വാദമുണ്ട്. എല്ലാ എംഎൽഎ മാരും പോളിങ് ഏജന്റിനെ കാണിച്ച ശേഷമാണ് ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കേണ്ടതെന്നിരിക്കെ ഏജന്റും എംഎൽഎ യും ചേർന്നുള്ള ചതിയാണോ എന്നും കോൺഗ്രസിൽ സംശയമുണ്ട്. അതുകൊണ്ടു തന്നെ കുൽദീപ് ബിഷ്‌ണോയെ പുറത്താക്കിയത് കൊണ്ട് മാത്രം ഹരിയാന കോൺഗ്രസിലെ പ്രശ്‌നങ്ങൾ അവസാനിക്കില്ല. തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ പഠിക്കാൻ കോൺഗ്രസ് സമിതിയെ ചുമതലപ്പെടുത്തിയേക്കും.
Adjust Story Font
16