Quantcast

കോൺഗ്രസിന് ട്രെയിൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ല: രാഹുൽ ഗാന്ധി

‘കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടല്ല, ജനാധിപത്യത്തെ തന്നെയാണ് കേന്ദ്രം മരവിപ്പിച്ചത്’

MediaOne Logo

Web Desk

  • Updated:

    2024-03-21 08:51:34.0

Published:

21 March 2024 7:30 AM GMT

Rahul Gandhi_Congress MP
X

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പ്രചാരണവും നടത്താൻ കഴിയുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിൽ എ.ഐ.സി.സി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി ഇരുട്ടിൽ നിൽക്കുകയാണ്. നേതാക്കൾക്ക് ട്രെയിൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ല. കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തിൽ ഇടപെടുന്നില്ല. ഇതെന്ത് ജനാധിപത്യമാണ്. ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് എന്ന് പറയുന്നത് വലിയ കളവാണ്. കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടല്ല മരവിപ്പിച്ചത്, ഇന്ത്യൻ ജനാധിപത്യത്തെ തന്നെയാണ് മരവിപ്പിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അധികാരത്തിലിരിക്കുന്നവർ എല്ലാ സംവിധാനങ്ങളും കൈയടക്കി വെച്ചിരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ജനാധിപത്യത്തിന് നിഷ്പക്ഷ തെരഞ്ഞെടുപ്പ് അനിവാര്യമാണ്.

ഇലക്ട്രൽ ബോണ്ടിലെ വിവരങ്ങളാണ് ബി.ജെ.പിയുടെ ആശങ്കക്ക് കാരണം. ആയിരകണക്കിന് കോടി രൂപയാണ് ബി.ജെ.പി ഇലക്ടറൽ ബോണ്ടിലൂടെ സ്വന്തമാക്കിയത്. കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ച് അപകടകരമായ കളിയാണ് കേന്ദ്രം കളിക്കുന്നത്. ഇങ്ങനെ പോയാൽ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കില്ല.

പരസ്യങ്ങളിലെല്ലാം ബി.ജെ.പിയുടെ ഏകാധിപത്യമാണ്. ആദ്യമായാണ് ഇങ്ങനെ നടക്കുന്നത്. പഞ്ചനക്ഷത്ര സൗകര്യമുള്ള ഓഫിസുകളാണ് ബി.ജെ.പിയുടേത്. ബി.ജെ.പി ടാക്സ് നൽകുന്നില്ല. രാഷ്ട്രീയ പാർട്ടികൾ ഇൻകം ടാക്സിന്റെ പരിധിയിൽ വരുന്നില്ല. കോൺഗ്രസ് മാത്രം എന്തിന് നികുതി നൽകണം. സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ കോൺഗ്രസിന്റെ അക്കൗണ്ട മരവിപ്പിച്ചത് റദ്ദാക്കണം. തെരഞ്ഞെടുപ്പ് പ്രചാരണം അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഖാർഗെ പറഞ്ഞു.

ഇത് കോൺഗ്രസിനെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും ജനാധിപത്യ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണമാണ് മരവിപ്പിക്കുന്നത്. ഒരു ഭാഗത്ത് ഇലക്ടറൽ ബോണ്ട് വാങ്ങിക്കൂട്ടുന്ന ബി.ജെ.പി, ജനാധിപത്യവിരുദ്ധ നടപടിയിലൂടെ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും അവർ പറഞ്ഞു. അജയമാക്കൻ, ജയറാം രമേശ്, കെ.സി. വേണുഗോപാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.



TAGS :

Next Story