കോണ്‍ഗ്രസിന് സ്വയം പുനരുജ്ജീവിപ്പിക്കാനുള്ള കഴിവുണ്ട്,എന്‍റെ ആവശ്യമില്ല: പ്രശാന്ത് കിഷോര്‍
പാർട്ടിയുടെ ഭാവി പദ്ധതിയുമായി ബന്ധപ്പെട്ട് ഞാനും കോൺഗ്രസ് നേതൃത്വവും പല കാര്യങ്ങളിലും ധാരണയിലെത്തി
ഡല്‍ഹി: കോണ്‍ഗ്രസിന് സ്വയം ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള കഴിവുണ്ടെന്നും അതിന് തന്‍റെ ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പാര്‍ട്ടിയില്‍ ചേരാനുള്ള ക്ഷണം നിരസിച്ചതിനു പിന്നാലെ ആജ് തകിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പികെയുടെ പ്രതികരണം.
''പാർട്ടിയുടെ ഭാവി പദ്ധതിയുമായി ബന്ധപ്പെട്ട് ഞാനും കോൺഗ്രസ് നേതൃത്വവും പല കാര്യങ്ങളിലും ധാരണയിലെത്തി. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ക്കു കഴിയും. കാരണം അവര്‍ക്ക് മികച്ച നേതാക്കളുണ്ട്. എന്‍റെ ആവശ്യമില്ല. എന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചെങ്കിലും ഞാനത് നിരസിച്ചു'' പ്രശാന്ത് കിഷോര്‍ പറയുന്നു. പാർട്ടിയിൽ തനിക്ക് ഒരു റോളും ആവശ്യമില്ലെന്നും ഭാവിയിലേക്കുള്ള ഒരു രൂപരേഖ ധാരണയായാൽ അത് നടപ്പിലാക്കണമെന്നു മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ അവരോട് പറയാൻ ആഗ്രഹിച്ചത് ഞാൻ ചെയ്തു. 2014ന് ശേഷം ആദ്യമായാണ് പാർട്ടി ഇത്രയും ഘടനാപരമായ രീതിയിൽ ഭാവി ചർച്ച ചെയ്യുന്നത്. പക്ഷേ, എംപവേർഡ് ആക്ഷൻ ഗ്രൂപ്പിനെക്കുറിച്ച് എനിക്ക് ചില സംശയങ്ങളുണ്ടായിരുന്നു, അവർ എന്നെ അതിന്‍റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നു. മാറ്റങ്ങള്‍ നടപ്പിലാക്കാനുള്ള ചുമതല എനിക്ക് നല്‍കാനായിരുന്നു ലക്ഷ്യം....പി.കെ പറഞ്ഞു. ഈയാഴ്ച ആദ്യം കോൺഗ്രസും പ്രശാന്ത് കിഷോറും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് പ്രിയങ്കാ ഗാന്ധിയെ പാർട്ടി അധ്യക്ഷയാക്കണമെന്ന് കിഷോര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാർട്ടി നേതൃത്വം സമ്മതിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ അഭ്യൂഹത്തോട് പാർട്ടിക്ക് നൽകിയ നേതൃത്വ ഫോർമുലയിൽ രാഹുലിന്‍റെയോ പ്രിയങ്ക ഗാന്ധിയുടെയോ പേരില്ലെന്നും സ്വകാര്യമായി എന്താണ് നിർദേശിച്ചതെന്ന് തനിക്ക് പറയാനാവില്ലെന്നുമാണ് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചത്.
രാഹുല്‍ ഗാന്ധി തന്‍റെ സുഹൃത്താണെന്നും അദ്ദേഹത്തിന്‍റെ സ്ഥാനം തീരുമാനിക്കാന്‍ താന്‍ ആരുമല്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ആക്രമണത്തിൽ തകർന്ന രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ പുനർനിർമ്മിക്കാൻ കഴിയുമെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു. 2002 മുതൽ ഇന്നു വരെയുള്ള പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായയിലെ മാറ്റം കാണുക - തീർച്ചയായും അത് സാധ്യമാണെന്ന് ഉദാഹരണമായി പ്രശാന്ത് ചൂണ്ടിക്കാട്ടി. ഭാവിയിലേക്കുള്ള പദ്ധതി തയ്യാറാക്കാനും നിർദേശിക്കാനും കോൺഗ്രസിൽ നിന്ന് പണമൊന്നും വാങ്ങിയിട്ടില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ആഴത്തില്‍ വേരുള്ള പാര്‍ട്ടിയാണെന്ന് ഭാവിയിൽ ബി.ജെ.പിക്കെതിരായ കോൺഗ്രസിന്‍റെ സാധ്യതകളെക്കുറിച്ച് സംസാരിക്കവെ കിഷോര്‍ വ്യക്തമാക്കി. അവർക്ക് അവസരമില്ലെന്ന് പറയുന്നത് തെറ്റാണ്. എന്നാൽ അവർ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. 2024ൽ പ്രധാനമന്ത്രി മോദിക്ക് ആരാണ് വെല്ലുവിളിയാവുക എന്നറിയില്ല. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന്‍ കഴിയില്ലെന്നും കിഷോര്‍ പറഞ്ഞു.
Adjust Story Font
16