'തരൂരിന് ഇരട്ടമുഖം, പാർട്ടിയെ ചളിവാരി തേക്കാൻ ശ്രമിക്കുന്നു'; കുറ്റപ്പെടുത്തി മിസ്ത്രി
സമിതി ഗൂഢാലോചന നടത്തിയെന്ന തരൂരിന്റെ പ്രസ്താവനയിൽ മിസ്ത്രി അതൃപ്തി അറിയിച്ചു
ന്യൂഡൽഹി: ശശി തരൂരിന് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ വിമർശനം. തരൂരിന് ഇരട്ടമുഖമാണെന്ന് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി കുറ്റപ്പെടുത്തി. സമിതി ഗൂഢാലോചന നടത്തിയെന്ന തരൂരിന്റെ പ്രസ്താവനയിൽ മിസ്ത്രി അതൃപ്തി അറിയിച്ചു. കള്ളവോട്ട് നടന്നെന്ന പരാതി സമിതി പരിഗണിച്ചെങ്കിലും വിഷയം തരൂർ മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചെന്നും മിസ്ത്രി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിന്റെ പലഘട്ടങ്ങളിലും തരൂർ വലിയ വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്. തനിക്ക് വിവേചനം നേരിടേണ്ടി വന്നുവെന്നതാണ് തരൂർ ഉന്നയിച്ച പ്രധാന ആരോപണം. ഉത്തർപ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ കള്ളവോട്ട് നടക്കുന്നുവെന്ന ആരോപണവുമായി തെരഞ്ഞെടുപ്പ് ദിനത്തിലാണ് തരൂർ രംഗത്തെത്തിയത്. ഈ വിഷയത്തിൽ തരൂരിന് നൽകിയ മറുപടിയിലാണ് തെരഞ്ഞെടുപ്പ് സമിതി തരൂരിനെതിരെ നിഷിധമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
തരൂരിന്റെ പരാതികൾ അക്കമിട്ട് നിരത്തിയാണ് സമിതി മറുപടി നൽകിയിരിക്കുന്നത്. ബാലറ്റ് പെട്ടിയിൽ ഔദ്യോഗികമല്ലാത്ത സീലുകൾ ഉപയോഗിച്ച് എന്നതാണ് തരൂരിന്റെ ആദ്യ പരാതി. പോളിംഗ് ബൂത്തിലെ റിട്ടേണിങ് ഓഫീസറോട് ഇത് സംബന്ധിച്ച് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് സമിതിയുടെ വിശദീകരണം. പോളിംഗ് ഏജന്റുമാരല്ലാത്ത ആളുകൾ പോളിങ് ബൂത്തിനകത്ത് കയറിയ സംഭവവും തരൂർ സമിതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കൂടാതെ, പോളിങ് ഷീറ്റുകൾ കാണാതായ സംഭവം, എഐസിസി സെക്രട്ടറിമാർ പോളിങ് ബൂത്തുകളിൽ കയറിയ സംഭവം തുടങ്ങിയവ ഉൾപ്പെടുത്തി തരൂർ നൽകിയ പരാതിയിലാണ് മിസ്ത്രി മറുപടി നൽകിയിരിക്കുന്നത്.
നാല് പേജുള്ള മറുപടിക്കത്തിന്റെ അവസാന ഭാഗത്താണ് തരൂരിനെതിരെ രൂക്ഷവിമർശനം മിസ്ത്രി നടത്തിയത്. തരൂർ പാർട്ടിയെ ചെളിവാരി തേക്കാൻ ശ്രമിക്കുകയാണ്. ഉന്നയിച്ച പരാതികളിൽ സമിതി നൽകിയ മറുപടികളിൽ തൃപ്തിയുണ്ടെന്ന് പറഞ്ഞ തരൂർ മാധ്യമങ്ങൾക്ക് മുന്നിലെത്തുമ്പോൾ ഇരട്ടമുഖം സ്വീകരിച്ചു. അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് മാറ്റിപ്പറയുകയാണുണ്ടായത്. ഇത് സമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കാൻ കാരണമായെന്നും മിസ്ത്രി കുറ്റപ്പെടുത്തി.
കൂടാതെ, തെരഞ്ഞെടുപ്പ് സമിതി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന തരൂരിന്റെ വാദത്തെയും സമിതി തള്ളി. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് സമിതി തരൂരിനെതിരെ രംഗത്തെത്തിയത്.
Adjust Story Font
16