വ്യാജ പ്രചാരണം; മോദിക്കും ഗോവ മുഖ്യമന്ത്രിക്കുമെതിരെ പരാതി നൽകി കോൺഗ്രസ്
ദക്ഷിണ ഗോവ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി വിരിറ്റോ ഫെർണാണ്ടസിനെതിരെയാണ് മോദിയും സാവന്തും വ്യാജ പ്രചാരണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
പനാജി: സ്ഥാനാർഥിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനുമെതിരെ പരാതി നൽകി കോൺഗ്രസ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രമേഷ് വെർമ മുമ്പാകെയാണ് ഗോവ കോൺഗ്രസ് അധ്യക്ഷൻ അമിത് പതാക്കർ മൂന്ന് പേജുള്ള പരാതി സമർപ്പിച്ചത്. കൂടാതെ, നിരവധി ബിജെപി നേതാക്കൾക്കുമെതിരെ പാർട്ടി പരാതി നൽകിയിട്ടുണ്ട്.
ദക്ഷിണ ഗോവ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി വിരിറ്റോ ഫെർണാണ്ടസിനെതിരെയാണ് മോദിയും സാവന്തും വ്യാജ പ്രചാരണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഫെർണാണ്ടസ് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്താണ് വ്യാജ പ്രചാരണം. ഈ ഭാഗങ്ങൾ ഉപയോഗിച്ച് തങ്ങളുടെ സ്ഥാനാർഥിക്ക് ഭരണഘടനയോട് ബഹുമാനമില്ലെന്ന് വരുത്തിത്തീർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പരാതിയിലുണ്ട്.
മുൻ സൈനികനായ ഫെർണാണ്ടസ് കാർഗിൽ യുദ്ധത്തിൽ ഉൾപ്പടെ പങ്കെടുത്തയാളാണ്. ഭരണഘടനയ്ക്ക് വലിയ ബഹുമാനം നൽകുന്ന വ്യക്തിയാണ് അദ്ദേഹം. എന്നാൽ, ഭരണഘടനയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ച് വ്യാജ പ്രചാരണം നടത്തുകയാണ് പ്രധാനമന്ത്രിയടക്കം ചെയ്തതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതരമായ ലംഘനമാണ് മോദിയിൽ നിന്നും ഉണ്ടായതെന്നും ഇക്കാര്യത്തിൽ ഉടനടി നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.
മോദിയേയും ഗോവ മുഖ്യമന്ത്രിയേയും കൂടാതെ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് സദാനന്ദ് ഷേത് തനവാഡെ, ദബോലിം എം.എൽ.എ മൗവിൻ ഗോധിനോ, മോർമുഗാവോ എം.എൽ.എ സങ്കൽപ് അമോങ്കർ, വാസ്കോ എം.എൽ.എ ദാജി സൽക്കർ, മർഗോ എം.എൽ.എ ദിഗംബർ കാമത്ത്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ദാമു നായിക് എന്നിവർക്കെതിരെയാണ് പരാതി. ഇവർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷവും വെറുപ്പും സൃഷ്ടിക്കാൻ ഉദ്ദേശിച്ചാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന തിരുത്തുമെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടി പറയുമ്പോഴാണ് ഏപ്രിൽ 23ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫെർണാണ്ടസിനെതിരെ രംഗത്തെത്തിയത്. 1961ൽ ഗോവ സ്വതന്ത്രമായതിന് ശേഷം ഇന്ത്യൻ ഭരണഘടന അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് ഫെർണാണ്ടസ് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മോദിയുടെ വാദം. ഇത് ഇന്ത്യയേയും അംബേദ്ക്കറേയും അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും സമാന പ്രസ്താവന എക്സിലൂടെ നടത്തിയിരുന്നു. ഇതാണ് പരാതിക്കാധാരം.
Adjust Story Font
16