മോദിയുടെ തെലങ്കാന പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ പ്രധാനമന്ത്രി വ്യക്തിപരമായ ആക്രമണം നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാന കരിംനഗറിൽ നടത്തിയ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. കോൺഗ്രസ് നേതാക്കളെ വാക്കാൽ അധിക്ഷേപിക്കുന്നതും പാർട്ടിക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നതുമാണ് പ്രസംഗമെന്നും ഇത് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.
'മുൻ പ്രധാനമന്ത്രി പി.വി നരസംഹറാവുവിനെ കോൺഗ്രസ് പാർട്ടിയും നേതൃത്വവും അപമാനിച്ചുവെന്ന് മോദി ആരോപിച്ചു. ഇത് വാസ്തവ വിരുദ്ധമാണ്. കാളേശ്വരം പദ്ധതിയുടെ ഭാഗമായ മേഡിഗദ്ദ തടയണയുടെ തകർച്ചയിൽ കോൺഗ്രസ് അധികാരത്തിലെത്തിയതിന് ശേഷം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മോദി ആരോപിച്ചു'.
'എന്നാൽ 2024 ഡിസംബർ ഏഴിന് കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്ന ശേഷം വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നേരിട്ട് സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു'- എഐസിസി അംഗം ജി നിരഞ്ജൻ പരാതിയിൽ പറയുന്നു.
ഇക്കാര്യത്തിൽ ഭാവി നടപടി നിർദേശിക്കാൻ കോൺഗ്രസ് സർക്കാർ ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആർ-ആർ നികുതി ചുമത്തുന്നുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ പ്രധാനമന്ത്രി വ്യക്തിപരമായ ആക്രമണം നടത്തിയെന്നും നിരഞ്ജൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
'ഒരു ആർ ഇവിടെ നികുതി ശേഖരിക്കുകയും ഡൽഹിയിലെ മറ്റൊരു ആറിന് അയയ്ക്കുകയും ചെയ്യുന്നതായും മോദി ആരോപിച്ചു. നേതാക്കളുടെ പ്രതിച്ഛായ തകർക്കാൻ വേണ്ടിയുള്ള അടിസ്ഥാനരഹിതമായ ആരോപണമാണിത്. നേരത്തെ കോൺഗ്രസ് നേതാക്കൾ അംബാനിയെയും അദാനിയെയും വിമർശിച്ചിരുന്നുവെന്നും എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപന ശേഷം അവർക്കെതിരെ സംസാരിക്കാൻ അവർ ശ്രമിക്കുന്നില്ലെന്നും മോദി ആരോപിച്ചു, എന്താണ് ഇതുകൊണ്ട് അർഥമാക്കുന്നത്?'- പരാതിയിൽ ചോദിച്ചു.
സംവരണം മുസ്‌ലിംകൾക്ക് കൈമാറാൻ ആഗ്രഹിക്കുന്നതിനാൽ എസ്‌സി, എസ്ടി, ബിസി വിഭാഗങ്ങൾക്ക് കോൺഗ്രസിൽ നിന്ന് അപകടമുണ്ടെന്ന് പ്രധാനമന്ത്രി മോദി സൂചിപ്പിച്ചതായും നിരഞ്ജൻ കൂട്ടിച്ചേർത്തു.
Adjust Story Font
16