Quantcast

നാഗാലാൻഡിൽ സംസ്ഥാന ഉപാധ്യക്ഷനടക്കം 15 എൻപിപി നേതാക്കൾ കോൺഗ്രസിൽ

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട കോൺ​ഗ്രസിന് ഊർജം പകരുന്നതാണ് എൻപിപി നേതാക്കളുടെ കടന്നുവരവ്.

MediaOne Logo

Web Desk

  • Published:

    22 Jan 2025 6:58 AM

Congress gaining momentum in Nagaland as 15 NPP leaders join its fold
X

കൊഹിമ: 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാവാതെ തകർന്നടിഞ്ഞ കോൺഗ്രസ് നാഗാലാൻഡിൽ തിരിച്ചുവരുന്നു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി)യുടെ 15 നേതാക്കളാണ് കോൺഗ്രസിൽ ചേർന്നത്. നാഗാലാൻഡ് പിസിസി പ്രസിഡന്റും എംപിയുമായ സുപോങ്മറെൻ ജാമിർ, വർക്കിങ് പ്രസിഡന്റ് ഖിരിയേഡി തിയുനു എന്നിവർ ഇവരെ സ്വീകരിച്ചു.

എൻപിപി സംസ്ഥാന വൈസ് പ്രസിഡന്റ് ബിടോങ് സാങ്തം, ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) എൽ. ഹികെതോ ഷോഹെ, മഹിളാ വിഭാഗം സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ഇല്ലിന ഷോഹെ, സെക്രട്ടറി ബിപിൻ കുമാർ, അകിതി ചിഷി തുടങ്ങിയവർക്കൊപ്പം എൻപിപിയുടെ യുവജന വിഭാഗം നേതാക്കളും കോൺഗ്രസിലെത്തി.

''പാർട്ടിയുടെ വഴിത്തിരിവാണ് ഇവരുടെ പ്രവേശനം. ഭരിക്കുന്ന പാർട്ടിയിലേക്ക് ചേക്കേറുന്ന ട്രെൻഡിൽനിന്ന് മാറി കോൺഗ്രസിന് ജനപിന്തുണ വർധിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. നാഗാലാൻഡിന്റെ വികസനത്തിനായി യുവാക്കൾ ഒത്തുചേരുകയാണ്''-ജാമിർ പറഞ്ഞു.

1993 മുതൽ 2003 വരെ 10 വർഷം കോൺഗ്രസ് തുടർച്ചയായി ഭരിച്ച സംസ്ഥാനമാണ് നാഗാലാൻഡ്. 2003ൽ കോൺഗ്രസിനെ വീഴ്ത്തി അധികാരത്തിലെത്തിയ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) തുടർച്ചയായ മൂന്ന് ടേം സംസ്ഥാനം ഭരിച്ചു. 2018ൽ ബിജെപി-എൻഡിപി സഖ്യം അധികാരത്തിലെത്തി. 2023ലും എൻഡിഎ സഖ്യമാണ് ഭരണം പിടിച്ചത്.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംപൂജ്യരായ കോൺഗ്രസ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത് പാർട്ടിക്ക് വലിയ ഊർജമായിരുന്നു. പിസിസി അധ്യക്ഷനായ സുപോങ്മറെൻ ജാമിർ ആണ് നാഗാലാൻഡിലെ ഏക പാർലമെന്റ് മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

TAGS :

Next Story