Quantcast

വിമർശകന് സീറ്റ് നല്‍കി കോൺഗ്രസ്; ജയ്പൂർ സ്ഥാനാർഥിയെച്ചൊല്ലി പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നു

കോൺഗ്രസിനെയും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെയും പരിഹസിക്കുന്ന 'ദി ജയ്പൂർ ഡയലോഗുമായി' സുനിൽ ശർമ്മയ്ക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു

MediaOne Logo

Web Desk

  • Published:

    24 March 2024 11:10 AM GMT

jaipur election 2024,Jaipur congress,congress Critic, Lok Sabha polls,Election2024,Jaipur Constituency,Sunil Sharmas links with Jaipur Dialogues,Sunil Sharmajaipur Dialogues,ജയ്പൂര്‍ ഡയലോഗ്,ജയ്പൂര്‍ തെരഞ്ഞെടുപ്പ്
X

ജയ്പൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥി പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അധിർ രഞ്ജൻ ചൗധരിയെപ്പോലുള്ള പ്രമുഖർ ഉൾപ്പെട്ട പട്ടികയാണ് കോൺഗ്രസ് പുറത്ത് വിട്ടത്. എന്നാൽ ജയ്പൂരിലെ സ്ഥാനാർഥിയെച്ചൊല്ലി ഇപ്പോൾ കോൺഗ്രസിനുള്ളിൽ തന്നെ വിമർശം ഉയരുകയാണ്. സുനിൽ ശർമ്മയാണ് ജയ്പൂരിലെ കോൺഗ്രസ് സ്ഥാനാർഥി.

കോൺഗ്രസിനെയും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെയും പരിഹസിക്കുന്ന 'ദി ജയ്പൂർ ഡയലോഗ് ഫോറവുമായി' സുനിൽ ശർമ്മയ്ക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നത്.ദി ജയ്പൂർ ഡയലോഗിന്‍റെ ഡയറക്ടറും പങ്കാളിയുമാണ് സുനില്‍ ശര്‍മ്മയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് ദീക്ഷിത് 2016ൽ സ്ഥാപിച്ചതാണ് 'ദി ജയ്പൂർ ഡയലോഗ്‌'. 'ദി ജയ്പൂർ ഡയലോഗിന്റെ' ഔദ്യോഗിക എക്സ് ഹാൻഡിൽ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തിൽ ഭൂരിഭാഗവും രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്‍രിവാളും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ളതാണ്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിനെ പുറമെ തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമാണ് 'ദി ജയ്പൂർ ഡയലോഗുകളെന്നതും' ശ്രദ്ധേയമാണ്.

കോൺഗ്രസ് എം.പി കൂടിയായ ശശി തരൂരും സുനിൽ ശർമ്മക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. തന്നെ ആക്രമിക്കുന്ന നിരവധി എക്‌സ് ഹാൻഡിലുകളിൽ ഒന്നാണ് ജയ്പൂർ ഡയലോഗ് എന്ന് ശശിതരൂർ എക്‌സിൽ ട്വീറ്റ് ചെയ്തു. എന്നാൽ ജയ്പൂർ ഡയലോഗ് ഫോറത്തിന്റെ ഡയറക്ടർ സ്ഥാനവുമായുള്ള ബന്ധം വിച്ഛേദിച്ചതായി സുനിൽ ശർമ്മ പറഞ്ഞതായി 'ദി ഇന്ത്യൻ എക്‌സ്പ്രസ് ' റിപ്പോർട്ട് ചെയ്യുന്നു. ജയ്പൂർ ഡയലോഗ് യൂട്യൂബ് ചാനലിന്റെ മാനേജ്മെന്റുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

'ജയ്പൂർ ഡയലോഗ്‌സ് യൂട്യൂബ് ചാനലിന്റെ മാനേജ്മെന്റുമായി ഞാൻ ഒരിക്കലും ബന്ധപ്പെട്ടിരുന്നില്ല. കോൺഗ്രസിന്റെ കാഴ്ചപ്പാട് വ്യക്തമാക്കാൻ ഒരു പാനലിസ്റ്റ് എന്ന നിലയിൽ ടിവി ചാനലുകളും യൂട്യൂബ് പ്ലാറ്റ്ഫോമുകളും എന്നെ പലപ്പോഴും ക്ഷണിക്കാറുണ്ട്. അതുപോലെ, ജയ്പൂർ ഡയലോഗ്‌സ് എന്നെ സാമൂഹിക വിഷയങ്ങളിൽ സംസാരിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും സുനിൽ ശർമ്മ എക്സിൽ വിശദീകരിച്ചിട്ടുണ്ട്.

ഏപ്രിൽ 19, ഏപ്രിൽ 26 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് രാജസ്ഥാനിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, ബി.ജെ.പി ജയ്പൂർ മണ്ഡലത്തിലെ സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


TAGS :

Next Story