യു.പിയിൽ ഭാരത് ജോഡോ യാത്രയിലേക്ക് അഖിലേഷ്, മായാവതിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ച് കോൺഗ്രസ്
ജനുവരി മൂന്നിനാണ് ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രവേശിക്കുന്നത്. പിന്നീട് ബാഗ്പത്, ഷംലി വഴി ഹരിയാനയിൽ പ്രവേശിക്കും.
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിലേക്ക് കടക്കാനിരിക്കെ, പരിപാടിയിലേക്ക് ബി.ജെ.പിയിതര കക്ഷി നേതാക്കളെ ക്ഷണിച്ച് കോൺഗ്രസ്. സമാജ്‌വാദി അധ്യക്ഷൻ അഖിലേഷ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി, ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കൾക്ക് യാത്രയിൽ പങ്കെടുക്കാൻ പാർട്ടി ക്ഷണം നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു. ജനുവരി മൂന്നിനാണ് ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രവേശിക്കുന്നത്. പിന്നീട് ബാഗ്പത്, ഷംലി വഴി ഹരിയാനയിൽ പ്രവേശിക്കും.
ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ ഉന്നയിക്കാൻ അനുവദിക്കാത്ത കാലത്ത്, ജനങ്ങളുടെ മനസ് അറിയാനുള്ള ഏക പോംവഴി ഈ യാത്രയാണെന്നും വക്താവ് പറഞ്ഞു. ഈ സർക്കാരിനെക്കുറിച്ച് മുഴുവൻ പ്രതിപക്ഷത്തിനും ഏതാണ്ട് ഒരേ കാഴ്ചപ്പാടാണ് ഉള്ളത്. അതിനാൽ യാത്രയിൽ പങ്കെടുക്കാൻ അവരെ ക്ഷണിച്ചിട്ടുണ്ടെന്നും പാർട്ടി വക്താവ് പറഞ്ഞു.
എസ്.പി എം.എൽ.എ ശിവ്പാൽ സിങ് യാദവ്, ബി.എസ്.പി ജനറൽ സെക്രട്ടറി സതീഷ് മിശ്ര, സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി മേധാവി ഓംപ്രകാശ് രാജ്ഭർ, സി.പി.ഐ സെക്രട്ടറി അതുൽ അഞ്ജൻ എന്നിവരെയും ക്ഷണിച്ചിട്ടുള്ളതായി കോൺഗ്രസ് വക്താവ് പറഞ്ഞു. ലഖ്‌നൗ യൂണിവേഴ്‌സിറ്റി പ്രഫസർ എന്ന നിലയിൽ മുൻ ഉപമുഖ്യമന്ത്രി ദിനേശ് ശർമയേയും മറ്റൊരു പ്രഫസറായ രവികാന്തിനെയും യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഭാരത് ജോഡോ യാത്ര ഏതെങ്കിലും പാർട്ടിയുടേതല്ലെന്നും രാജ്യമൊട്ടാകെയുള്ളതാണെന്നും വിവിധ പാർട്ടികളുടെ നേതാക്കളെ അതിൽ പങ്കെടുക്കാൻ ക്ഷണിക്കുമെന്നും യാത്രയുടെ സംസ്ഥാന കോഡിനേറ്ററായ മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. എന്നാൽ, അന്ന് ക്ഷണിക്കപ്പെടുന്ന നേതാക്കളുടെ പേരുകൾ അദ്ദേഹം പങ്കുവച്ചിരുന്നില്ല.
ഈ വർഷം ആദ്യം നടന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മൂന്ന് ദിവസങ്ങളിലും സംസ്ഥാനത്തെ യാത്രയിൽ പങ്കെടുക്കും. 10 സംസ്ഥാനങ്ങളിലൂടെ ഇതുവരെ 2,800 കിലോമീറ്ററിലധികം സഞ്ചരിച്ച കന്യാകുമാരി- കശ്മീർ യാത്ര ഒമ്പത് ദിവസത്തെ ശൈത്യകാല അവധിയിലാണ്. ജനുവരി മൂന്നിന് പുനരാരംഭിക്കുന്ന യാത്ര സെപ്തംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് ആരംഭിച്ചത്.
Adjust Story Font
16