കർണാടകയിൽ ബി.ജെ.പിയെ താഴെയിറക്കാനുറച്ച് കോൺഗ്രസ്; 'ബസ് യാത്ര' ക്യാമ്പയിന് നാളെ തുടക്കം
ഡി.കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും നേതൃത്വത്തിൽ രണ്ട് മേഖലകളായി തിരിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്.
കർണാടക കോൺഗ്രസ് ബസ് യാത്ര
ബെംഗളൂരു: കർണാടകയിൽ അധികാരം തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി കോൺഗ്രസ്. പ്രധാന പ്രചാരണ പരിപാടിയായ ബസ് യാത്ര ക്യാമ്പയിന് നാളെ ബെലഗാവിയിൽ തുടക്കം കുറിക്കും. ക്യാമ്പയിൻ ലോഗോ പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ പ്രകാശനം ചെയ്തു. അധാർമികവും ഭരണഘടനാവിരുദ്ധവുമായ നീക്കത്തിലൂടെയാണ് ബി.ജെ.പി അധികാരം നേടിയതെന്ന് ശിവകുമാർ പറഞ്ഞു.
40% കമ്മീഷൻ അടിച്ചുമാറ്റാനുള്ള തിരക്കിലാണ് ബി.ജെ.പി നേതാക്കൾ. അതിനിടെ കർണാടകയുടെ വികസനം പിന്നോട്ട് പോയി. 2018 ലെ തെരഞ്ഞെടുപ്പ് സമയത്ത് അവർ മുന്നോട്ടുവെച്ച 90% വാഗ്ദാനങ്ങളും അവർ മറന്നുപോയിരിക്കുന്നു. വർഗീയ രാഷ്ട്രീയത്തിലാണ് ഇപ്പോൾ ബി.ജെ.പിയുടെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ ജില്ലകളിലും ബസ് യാത്ര പ്രചാരണത്തിനെത്തും. ഡി.കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും നേതൃത്വത്തിൽ രണ്ട് മേഖലകളായി തിരിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഉത്തര കർണാടകയിലും ഹൈദരാബാദ് കർണാടകയിലും ബസ് യാത്ര എത്തും. ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ പഴയ മൈസൂർ മേഖലയിലാണ് യാത്ര. രണ്ടാം ഘട്ടത്തിൽ സിദ്ധരാമയ്യ ദക്ഷിണ കന്നഡയിലും ഡി.കെ ശിവകുമാർ ഉത്തര കർണാടകയിലും യാത്ര നടത്തും.
ബി.ജെ.പി സർക്കാറിനെ ജനങ്ങൾക്ക് മടുത്തിരിക്കുകയാണ്. വിദ്വേഷ രാഷ്ട്രീയവും പ്രതികാര രാഷ്ട്രീയവും മൂലം ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാനാകുന്നില്ല. സംസ്ഥാനത്ത് ക്രമസമാധാനനില ആകെ തകർന്നിരിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
Adjust Story Font
16