Quantcast

മമത ബാനര്‍ജിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം; ബംഗാള്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഒരു സ്വകാര്യ ടെലിവിഷൻ ടോക്ക് ഷോയിലാണ് കൗസ്താവ് വിവാദ പരാമര്‍ശം നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-03-04 05:44:15.0

Published:

4 March 2023 5:42 AM GMT

Koustav Bagchi
X

കൗസ്താവ് ബാഗ്ചി

കൊല്‍ക്കൊത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് ബംഗാള്‍ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കൗസ്താവ് ബാഗ്ചി അറസ്റ്റില്‍. ഒരു സ്വകാര്യ ടെലിവിഷൻ ടോക്ക് ഷോയിലാണ് കൗസ്താവ് വിവാദ പരാമര്‍ശം നടത്തിയത്.

കൊൽക്കത്തയിലെ ബർട്ടോല്ല പൊലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാഗ്ചിയെ അറസ്റ്റ് ചെയ്തത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബുർട്ടോല്ല പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പുലർച്ചെ മൂന്ന് മണിയോടെ നേതാവിന്‍റെ ബരാക്‌പൂരിലെ വസതിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷം ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് കോൺഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തത്.സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തലിനുള്ള ശിക്ഷ), 153 (കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കൽ)തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് ബാഗ്ചിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

'അവസാനം എന്നെ അറസ്റ്റ് ചെയ്തു' സംഭവത്തെക്കുറിച്ച് ബാഗ്ചി ഫേസ്ബുക്കില്‍ കുറിച്ചു. ബാഗ്ചിയുടെ പോസ്റ്റിനു പിന്നാലെ നേതാവിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ബർട്ടോല്ല പോലീസ് സ്‌റ്റേഷനു മുന്നിൽ പ്രതിഷേധം തുടങ്ങി."അർദ്ധരാത്രിയിൽ കൗസ്താവ് ബാഗ്ചിയെ അറസ്റ്റ് ചെയ്ത കൊൽക്കത്ത പൊലീസിന്‍റെ നടപടിയെ ഞാൻ ശക്തമായി അപലപിക്കുന്നു.ആരുടെയും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ മമത സർക്കാരിന് കഴിയില്ല.കൗസ്താവ് ബാഗ്ചിയെ സർക്കാർ ഉടൻ മോചിപ്പിക്കണം'' സംസ്ഥാന കോൺഗ്രസ് വക്താവ് സുമൻ റോയ് ചൗധരി ഇന്ത്യ ടുഡേയോട് പറഞ്ഞു. ''മുർഷിദാബാദിലെ സാഗർദിഗി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിനാൽ പ്രതികാരം ചെയ്യാനുള്ള ശ്രമത്തിലാണ് അവർ.ഈ സംസ്ഥാനത്ത് ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൗസ്താവ് ബാഗ്ചിയെ ഇന്ന് ബാങ്ക്ഷാൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും കൊൽക്കത്ത പൊലീസ് അറിയിച്ചു.

TAGS :

Next Story