ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: ഒറ്റ അക്കത്തിലേക്ക് എഎപി ചുരുങ്ങുമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഷീലാ ദീക്ഷിത് എന്താണ് ഡല്‍ഹിക്ക് വേണ്ടി ചെയ്തതെന്ന് എടുത്തുകാണിക്കേണ്ടതുണ്ടെന്ന് മകന്‍ കൂടിയായ സന്ദീപ് ദീക്ഷിത്
ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ആം ആദ്മി പാര്‍ട്ടി(എഎപി) വന്‍ തോല്‍വി ഏറ്റുവാങ്ങുമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. പറഞ്ഞതൊന്നും കൃത്യമായി പാലിക്കുന്നില്ല, സ്വന്തം പ്രവൃത്തികള്‍ തന്നെ എഎപി സര്‍ക്കാറിന് തിരിച്ചടിയാകുമെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു.
സന്ദീപ് ദീക്ഷിതും മത്സര രംഗത്തണ്ട്. ന്യൂഡൽഹി മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപിയുടെ എല്ലാമായ അരവിന്ദ് കെജ്‌രിവാളിനെയാണ് അദ്ദേഹം നേരിടുന്നത്. മുന്‍ എംപി പര്‍വേഷ് വര്‍മയാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഷീലാ ദീക്ഷിത് എന്താണ് ഡല്‍ഹിക്ക് വേണ്ടി ചെയ്തതെന്ന് എടുത്തുകാണിക്കേണ്ടതുണ്ടെന്ന് മകന്‍ കൂടിയായ സന്ദീപ് ദീക്ഷിത് പറഞ്ഞു. പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
'മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ ആവശ്യം ഞങ്ങള്‍ക്കില്ല. ഷീലാ ദീക്ഷിത് ആദ്യമായി മുഖ്യമന്ത്രിയായപ്പോഴും അങ്ങനെയായിരുന്നു. കോൺഗ്രസ് ജയിച്ചാൽ ഷീല, മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിരുന്നുവെങ്കിലും ഞങ്ങളത് പ്രഖ്യാപിച്ചിരുന്നില്ല. അങ്ങനെയൊരു ശീലം കോണ്‍ഗ്രസിനില്ല''- സന്ദീപ് ദീക്ഷിത് പറഞ്ഞു.
അഞ്ചോ അല്ലെങ്കില്‍ പത്തിനടുത്ത് സീറ്റുകളോ കോണ്‍ഗ്രസിന് ലഭിക്കുകയും എഎപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്താല്‍ കെജ്‌രിവാളിനെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് അങ്ങനെയൊന്ന് സംഭവിക്കില്ലെന്നായിരുന്നു മറുപടി. 'ഈ ചോദ്യം നിങ്ങള്‍ എഎപിക്കാരോട് ആണ് ചോദിക്കേണ്ടത്. കാരണം അവര്‍ക്കാണ് ഏഴോ എട്ടോ സീറ്റുകള്‍ ലഭിക്കുക'- സന്ദീപ് ദീക്ഷിത് പറഞ്ഞു.
അതേസമയം ഈസ്റ്റ് ഡൽഹി സീറ്റിൽ നിന്ന് ഒരിക്കല്‍ എന്നെ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് ന്യൂഡല്‍ഹി സീറ്റില്‍ തന്നെ മത്സരിപ്പിക്കുന്നതെന്ന് സന്ദീപ് ദീക്ഷിത് പറഞ്ഞു. കെജ്‌രിവാളിനെതിരെയുള്ള പോരാട്ടമാകുമ്പോള്‍ വിശ്വാസ്യതയുള്ളൊരു മുഖം വേണം അതിനാലാണ് എന്നെ അവിടെ സ്ഥാനാര്‍ഥിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷീലാ ദീക്ഷിതിന്റെ മണ്ഡലമായിരുന്നതിനാല്‍ കോണ്‍ഗ്രസിന് പറ്റിയ മണ്ണാണ് ന്യൂഡല്‍ഹിയിലേതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി എഎപി സര്‍ക്കാറിനെ താന്‍ വിമര്‍ശിക്കുന്നുണ്ടെന്നും പറയുന്നതിന്റെ പത്ത് ശതമാനം പോലും അവര്‍ ചെയ്തു കാണിക്കുന്നില്ലെന്നും സന്ദീപ് ദീക്ഷിത് കുറ്റപ്പെടുത്തി.
അതേസമയം ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ 70 സീറ്റുകളിലേക്കും എഎപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രചാരണ പരിപാടികളും അവര്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്. എന്നാല്‍, 48 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ മാത്രമെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളൂ. 29 സ്ഥാനാർത്ഥികളടങ്ങിയ ആദ്യ ഘട്ട പട്ടിക ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16