Quantcast

രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാൻ പാർട്ടി ഒരു മടിയും കാണിക്കേണ്ടന്ന് കോൺഗ്രസ് നേതാവ്; നിർമാണത്തിന് താൻ 11 ലക്ഷം നൽകി

ചടങ്ങിനോടനുബന്ധിച്ച് തന്റെ കുടുംബത്തിൽ പ്രത്യേക ആഘോഷം സംഘടിപ്പിക്കുമെന്നും സിങ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-01-12 14:26:49.0

Published:

12 Jan 2024 2:25 PM GMT

Congress leader says should not be any hesitation in attending Ram Temple
X

ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പാർട്ടി ഒരു മടിയും കാണിക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ് നേതാവ്. ജമ്മു കശ്മിരിൽ നിന്നുള്ള നേതാവായ കരൺ സിങ്ങാണ്, പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പാർട്ടി വ്യക്തമാക്കിയതിന് പിന്നാലെ വിരുദ്ധ അഭിപ്രായവുമായി രം​ഗത്തെത്തിയത്.

ആരോ​ഗ്യകാരണങ്ങളാൽ തനിക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നും എന്നാൽ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഹിന്ദുക്കൾ ചടങ്ങ് ആഘോഷിക്കുമെന്നും കരൺ സിങ് പറഞ്ഞു. താൻ ഒരു രഘുവംശിയാണെന്നും ക്ഷേത്ര നിർമാണത്തിനായി 11 ലക്ഷം രൂപ സംഭാവന നൽകിയിട്ടുണ്ടെന്നും സിങ് വ്യക്തമാക്കി. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാനുള്ള അനുമതി നൽകിയത് സുപ്രിംകോടതിയാണെന്നും സിങ് പറഞ്ഞു.

"നിർമാണത്തിനായി 11 ലക്ഷം രൂപ വ്യക്തിഗത സംഭാവന നൽകിയ എനിക്ക് ചടങ്ങിൽ പങ്കെടുക്കുന്നത് ഏറെ സന്തോഷകരമാണ്. ഖേദകരമെന്നു പറയട്ടെ, പ്രായം 93നോട് അടുക്കുമ്പോൾ ആരോ​ഗ്യ കാരണങ്ങളാൽ എനിക്ക് പോകാനാവില്ല". എന്നാൽ ചടങ്ങിനോടനുബന്ധിച്ച് ഒരു പ്രത്യേക ആഘോഷം സംഘടിപ്പിക്കുമെന്ന് കശ്മീരിലെ മുൻ രാജാവായ ഹരി സിങ്ങിന്റെ മകൻ കൂടിയായ സിങ് പറഞ്ഞു.

"ഞങ്ങളുടെ കുടുംബമായ ധർമാർഥ് ട്രസ്റ്റ് പ്രതിഷ്ഠാ അവസരത്തിൽ ജമ്മുവിലെ ഞങ്ങളുടെ പ്രശസ്തമായ ശ്രീ രഘുനാഥ ക്ഷേത്രത്തിൽ പ്രത്യേക ആഘോഷം സംഘടിപ്പിക്കുന്നുണ്ട്. ലോധി റോഡിലെ ഞങ്ങളുടെ ശ്രീരാമ മന്ദിറിലും ചെറിയ തോതിൽ ആഘോഷമുണ്ട്"- കരൺ സിങ് കൂട്ടിച്ചേർത്തു. ജനുവരി 22നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുക.

രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ പ​ങ്കെടുക്കുമെന്ന് അറിയിച്ച് ഹിമാചൽപ്രദേശിലെ പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ് രം​ഗത്തെത്തിയിരുന്നു. വീർഭദ്ര സിങ്ങിന്റെ പുത്രനെന്ന നിലയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ പ​ങ്കെടുക്കുകയെന്നത് തന്റെ ധാർമിക കടമയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ജനുവരി 22ന് ചടങ്ങ് നടക്കുമ്പോൾ പ്രധാനമന്ത്രി മോദിയും അവിടെയുണ്ടാകും. താൻ തീർച്ചയായും ചടങ്ങിൽ പങ്കെടുക്കും. തന്നെ ക്ഷണിച്ച വിഎച്ച്പിക്കും ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിനും നന്ദി അറിയിക്കുന്നു. ചരിത്രത്തിന്റെ ഭാഗമാവാനുള്ള അപൂർവാവസരമാണ് തങ്ങൾക്ക് ലഭിച്ചതെന്നും വിക്രമാദിത്യ സിങ് അവകാശപ്പെട്ടിരുന്നു. മുതിർന്ന നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി തന്റെ പിതാവും പ്രവർത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം മുഖ്യമ​ന്ത്രി സുഖ്‍വീന്ദർ സിങ് സുഖുവും താൻ രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങിന് പോവുമെന്ന് പറഞ്ഞിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് തങ്ങൾക്ക് ക്ഷണം ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ക്ഷണിച്ചാലും ഇല്ലെങ്കിലും ചടങ്ങിനെത്തുമെന്നും ഹിമാചല്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ കെണിയില്‍ വീഴില്ലെന്ന് കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തെ പ്രതികരിച്ചിരുന്നു.

ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, സോണിയാ ​ഗാന്ധി, അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച ചേർന്ന യോ​ഗത്തിന് പിന്നാലെയായിരുന്നു കോൺ​ഗ്രസ് തീരുമാനം അറിയിച്ചത്. ക്ഷേത്ര നിർമാണം ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്നും ആർഎസ്എസ്- ബിജെപി പരിപാടിയിൽ പങ്കെടുക്കാനില്ലെന്നുമായിരുന്നു നേതാക്കളുടെ പരാമർശം.

എന്നാൽ കോൺ​ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധ നിലപാടുമായാണ് മുഖ്യമന്ത്രിയും മന്ത്രിയും ഇപ്പോൾ കരൺസിങ്ങും രം​ഗത്തെത്തിയിരിക്കുന്നത്.




TAGS :

Next Story