സ്മൃതി ഇറാനിക്കെതിരായ പോസ്റ്റ് 24 മണിക്കൂറിനകം പിൻവലിക്കണം; കോൺഗ്രസ് നേതാക്കളോട് ഡൽഹി ഹൈക്കോടതി
കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, പവൻ ഖേര, നെറ്റ ഡിസൂസ എന്നിവരോടാണ് പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. സ്മൃതി ഇറാനി സമർപ്പിച്ച സിവിൽ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഉത്തരവ്.
ന്യൂഡൽഹി: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിക്കെതിരായ സമൂഹമാധ്യമ പോസ്റ്റുകൾ 24 മണിക്കൂറിനകം പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് ഡൽഹി ഹൈക്കോടതി. സ്മൃതിയുടെ മകൾക്ക് ഗോവയിലെ റസ്‌റ്റോറന്റ് ബന്ധം ആരോപിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് കോൺഗ്രസ് നേതാക്കളോട് ഡിലീറ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്.
കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, പവൻ ഖേര, നെറ്റ ഡിസൂസ എന്നിവരോടാണ് പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. സ്മൃതി ഇറാനി സമർപ്പിച്ച സിവിൽ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഉത്തരവ്. ഹരജി ഇനി ആഗസ്റ്റ് 18ന് പരിഗണിക്കും. അന്ന് കോൺഗ്രസ് നേതാക്കൾ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
കോൺഗ്രസ് നേതാക്കൾ പോസ്റ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ ട്വിറ്ററും ഫേസ്ബുക്കും അത് കളയണമെന്നും കോടതി നിർദേശിച്ചു. പ്രഥമ ദൃഷ്ട്യാ സ്മൃതി ഇറാനിയുടെ ഹരജി കോൺഗ്രസ് നേതാക്കൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മിനി പുഷ്‌കർണയുടെ ഉത്തരവ്.
കോടതിയുടെ നോട്ടീസ് ലഭിച്ചതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് സ്ഥിരീകരിച്ചു. ''സ്മൃതി ഇറാനി നൽകിയ കേസിൽ ഔദ്യോഗികമായി മറുപടി നൽകാൻ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കോടതിക്ക് മുന്നിൽ വസ്തുതകൾ അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവരുടെ വാദങ്ങൾ ഞങ്ങൾ ഖണ്ഡിക്കുകയും തെറ്റാണെന്ന് തെളിയിക്കുകയും ചെയ്യും''-ജയറാം രമേശ് ട്വീറ്റ് ചെയ്തു.
The Delhi High Court has issued notice asking us to formally reply to the case filed by Smriti Irani. We look forward to presenting the facts before the court. We will challenge and disprove the spin being put out by Ms. Irani.
— Jairam Ramesh (@Jairam_Ramesh) July 29, 2022
Adjust Story Font
16