മണ്ഡല സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് എം.എല്‍.എക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുട്ട,തക്കാളിയേറ്
എംഎൽഎ കാലെ യാദയ്യയ്ക്ക് നേരെയാണ് മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മുട്ടയും തക്കാളിയും എറിഞ്ഞത്
ഹൈദരാബാദ്: സ്വന്തം നിയോജക മണ്ഡലത്തിലെത്തിയ കോണ്‍ഗ്രസ് എം.എല്‍.എയെ തക്കാളിയും മുട്ടയുമെറിഞ്ഞ് സ്വീകരിച്ച് പാര്‍ട്ടിപ്രവര്‍ത്തകര്‍. തെലങ്കാനയിലെ ചെവെല്ലയില്‍ ബുധനാഴ്ചയാണ് സംഭവം. എംഎൽഎ കാലെ യാദയ്യയ്ക്ക് നേരെയാണ് മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മുട്ടയും തക്കാളിയും എറിഞ്ഞത്.
യദയ്യയുടെ ചേവെല്ല നിയോജക മണ്ഡലത്തിലെ ഷബാദ് മണ്ഡല് സന്ദർശനത്തിനിടെയാണ് സംഭവം. പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്‍റെ വിശ്വസ്തരായി പ്രവര്‍ത്തിവരുന്ന പ്രവര്‍ത്തകരാണ് തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്. ബിആർഎസിൽ നിന്ന് (ഭാരത് രാഷ്ട്ര സമിതി) കോൺഗ്രസിൽ ചേർന്നവർക്ക് അമിത പ്രാധാന്യം നൽകുകയും ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന പ്രവര്‍ത്തകരെ അവഗണിക്കുകയുമാണെന്ന പരാതി തെലങ്കാന കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. അടുത്തിടെ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന മുൻ ബിആർഎസ് അംഗങ്ങളിൽ ഒരാളാണ് കാലെ യാദയ്യ.
'എംഎല്‍എ ഗോ ബാക്ക്' എന്ന് മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. പ്രാദേശിക ബിആർഎസ് നേതാക്കളെ എം.എൽ.എ പിന്തുണയ്ക്കുന്നതായി പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.എംഎൽഎയുടെ വാഹനത്തിന് നേരെ പ്രവർത്തകർ മുട്ടയും തക്കാളിയും എറിയുന്നതും വീഡിയോയിൽ കാണാം. സംഭവത്തില്‍ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഈ വർഷം ജൂണിലാണ് യാദയ്യ കോൺഗ്രസിൽ ചേർന്നത്. 2023ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ചെവെല്ലയിൽ നിന്ന് ബിആർഎസ് ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം കോൺഗ്രസിലെ പമേന ബീം ഭാരതിനെ 268 വോട്ടിൻ്റെ നേരിയ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്. 2014-ലെ ആന്ധ്രാപ്രദേശ് വിഭജനത്തിന് ശേഷം യദയ്യ ചെവെല്ലയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് 781 വോട്ടിൻ്റെ നേരിയ വ്യത്യാസത്തിൽ വിജയിച്ചെങ്കിലും പിന്നീട് തെലങ്കാന രാഷ്ട്ര സമിതിയിൽ ചേർന്നു. 2018-ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ടിആർഎസ് (ബിആർഎസ്) ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം 33,552 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
Adjust Story Font
16