Quantcast

'മുസ്‌ലിം സമുദായത്തോടുള്ള വിവേചനം'; വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺ​ഗ്രസ് സുപ്രിംകോടതിയിൽ

ബിൽ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയിൽ പറയുന്നു.

MediaOne Logo

Web Desk

  • Updated:

    4 April 2025 1:39 PM

Published:

4 April 2025 11:24 AM

Congress moves Supreme Court against Waqf Amendment Bill
X

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധം അവ​ഗണിച്ച് കേന്ദ്രം ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദ​ഗതി ബില്ലിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് കോൺ​ഗ്രസ്. എം.പി മുഹമ്മദ് ജാവേദാണ് സുപ്രിംകോടതിയില്‍ ഹ​രജി നൽകിയത്. ബിൽ മുസ്‌ലിം സമുദായത്തോടുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

ബിൽ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയിൽ പറയുന്നു. വഖഫ് സംയുക്ത പാർലമെന്ററി കമ്മിറ്റിയിൽ അംഗമായിരുന്നു ജാവേദ്. ബില്ലിനെതിരെ കോൺ​ഗ്രസ് സുപ്രിംകോടതിയെ സമീപിക്കുമെന്ന് നേരത്തെ ജനറൽ സെക്രട്ടറി ജയറാം രമേശ് എംപി അറിയിച്ചിരുന്നു.

വഖഫ് ഭേദ​ഗതി ബിൽ ഭരണ​ഘടനയ്ക്കെതിരായ ആക്രമണമാണെന്ന് കോൺ​ഗ്രസ് എംപി ഇമ്രാൻ മസൂദ് പ്രതികരിച്ചു. 'അവർക്ക് 400 സീറ്റ് ഉണ്ടായിരുന്നെങ്കിൽ ഭരണഘടനയെ പോലും മാറ്റിയേനെ. ഇപ്പോൾ അവർ ക്രമേണ അതിൽ മാറ്റങ്ങൾ വരുത്തുകയാണ്. ബില്ലിനെതിരെ ഞങ്ങൾ സുപ്രിംകോടതിയെ സമീപിക്കുകയാണ്'- അദ്ദേഹം വ്യക്തമാക്കി.

ഈ പോരാട്ടം മുസ്‌ലിംകളുടെ മാത്രം കാര്യമല്ലെന്നും എല്ലാ പൗരന്മാർക്കും വേണ്ടി ഭരണഘടനയെ സംരക്ഷിക്കുന്നതിനാണെന്നും മസൂദ് കൂട്ടിച്ചേർത്തു. വഖഫ് ഭേദ​ഗതി ബിൽ മുസ്‌ലിംകളെ അരികുവത്കരിക്കാനുള്ള ആയുധമാണെന്നും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കുകയാണ് ലക്ഷ്യമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി കഴിഞ്ഞദിവസം എക്സിലൂടെ പ്രതികരിച്ചിരുന്നു.

'ആർ‌എസ്‌എസും ബിജെപിയും അവരുടെ സഖ്യകക്ഷികളും ചേർന്ന് ഭരണഘടനയ്‌ക്കെതിരായ ഈ ആക്രമണം ഇന്ന് മുസ്‌ലിംകളെ ലക്ഷ്യംവച്ചുള്ളതാണ്. എന്നാൽ ഭാവിയിൽ മറ്റ് സമുദായങ്ങളെയും ലക്ഷ്യംവയ്ക്കുന്നതിനുള്ള ഒരു മാതൃക സൃഷ്ടിക്കുന്നു. ഇന്ത്യ എന്ന ആശയത്തെ തന്നെ ആക്രമിക്കുകയും മതസ്വാതന്ത്ര്യത്തിനുള്ള അവകാശമായ ആർട്ടിക്കിൾ 25 ലംഘിക്കുകയും ചെയ്യുന്ന ഈ നിയമനിർമാണത്തെ കോൺഗ്രസ് ശക്തമായി എതിർക്കുന്നു- രാഹുൽ ​ഗാന്ധി വിശദമാക്കി.

ലോക്സഭയ്ക്ക് പിന്നാലെ ഇന്നലെ രാജ്യസഭയിലും വഖഫ് നിയമ ഭേദഗതി ബിൽ പാസായിരുന്നു. പ്രതിപക്ഷത്തിന്‍റെ എതിർപ്പ് തള്ളിയാണ് രാജ്യസഭയിലും ബിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിക്കുകയും 95 പേർ എതിർക്കുകയും ചെയ്തു. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും. കഴിഞ്ഞദിവസം 11 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ബിൽ ലോക്സഭയിൽ പാസാക്കിയത്. 288 പേർ ബില്ലിനെ അനുകൂലിച്ചു. 232 പേർ എതിർത്തു. ന്യൂനപക്ഷവകുപ്പ് മന്ത്രി കിരൺ റിജിജുവാണ് ബിൽ ഇരു സഭകളിലും‌ അവതരിപ്പിച്ചത്.

അതേസമയം, ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികളൊന്നാകെ രം​ഗത്തെത്തിയിരുന്നു. മുസ്‍ലിം വ്യക്തിനിയമ ബോർഡ് രാജ്യവ്യാപകപ്രതിഷേധത്തിന് ആഹ്വാനവും ചെയ്തു. നിയമമായാൽ ഉടൻ സുപ്രിംകോടതിയിൽ ഹരജി ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് ഡിഎംകെയും മുസ്‍ലിം ലീഗും.



TAGS :

Next Story