'കൂടുതൽ സമയം ജോലി ചെയ്യുന്നതിലല്ല കാര്യം, തൊഴിലും ജീവിതവും ഒപ്പം കൊണ്ടുപോകാനാകണം'- നാരായണ മൂർത്തിക്കെതിരെ കാർത്തി പി ചിദംബരം
രാജ്യ പുരോഗതിയെ സഹായിക്കുന്നതിന് ഇന്ത്യക്കാർ ആഴ്‌ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്നും നരേന്ദ്രമോദി ഒരാഴ്‌ചയില്‍ 100 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെന്നും നാരായണമൂർത്തി ചൂണ്ടിക്കാട്ടിയിരുന്നു
ഡൽഹി: ഇൻഫോസിസ് സഹസ്ഥാപകൻ എൻആർ നാരായണ മൂർത്തിയെ വിമർശിച്ച് കോൺഗ്രസ് എംപി കാർത്തി ചിദംബരം. ഇന്ത്യയുടെ വര്‍ക്ക് വീക്ക് അഞ്ച് ദിവസമായി ചുരുക്കിയതില്‍ നാരായണ മൂർത്തി അസ്വസ്ഥത പ്രകടിപ്പിച്ചതിനെതിരെയാണ് കോൺഗ്രസ് എംപി രംഗത്തെത്തിയത്.
കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യുന്നതിന് പകരം കാര്യക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കാർത്തി പി ചിദംബരം പറഞ്ഞു. ആഗോളതലത്തിൽ ഇന്ത്യയുടെ വളർച്ചയ്ക്കും മത്സരക്ഷമതക്കും ആഴ്‌ചയിൽ 70 മണിക്കൂർ ജോലി അനിവാര്യമാണെന്നായിരുന്നു നാരായണമൂർത്തിയുടെ പരാമർശം. എന്നാൽ, കൂടുതൽ ജോലി ചെയ്യുന്നത് അർത്ഥശൂന്യമാണെന്ന് കാർത്തി പി ചിദംബരം പരിഹസിച്ചു.
'കൂടുതൽ മണിക്കൂർ ജോലി ചെയ്യുന്നതിലാണ് കാര്യം. കാര്യക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സാധാരണക്കാരുടെ ദൈനംദിന ജീവിതം ഒരു പോരാട്ടമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളോടും കാര്യക്ഷമമല്ലാത്ത സംവിധാനങ്ങളോടുമാണ് ഈ പോരാട്ടം. നല്ല സാമൂഹിക ക്രമത്തിനും ഐക്യത്തിനും തൊഴിൽ-ജീവിത സന്തുലിതാവസ്ഥ വളരെ പ്രധാനപ്പെട്ട ഒന്നാണ്. നാലുദിവസത്തെ വർക്ക് വീക്കിലേക്ക് നമ്മൾ മാറേണ്ടിയിരിക്കുന്നു. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12 മുതൽ വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 2 വരെ 4 ദിവസത്തെ പ്രവൃത്തി ദിവസമാണ് ആവശ്യം'- എംപി എക്‌സിൽ കുറിച്ചു.
എന്നാൽ, ആഴ്‌ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന തൻ്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നാരായണമൂർത്തി. തൊഴിൽ-ജീവിത സന്തുലിതാവസ്ഥയിൽ തനിക്ക് വിശ്വാസമില്ല. 1986ൽ ഇന്ത്യയുടെ വർക്ക് വീക്ക് ആറ് ദിവസങ്ങളിൽ നിന്ന് അഞ്ച് ദിവസത്തേക്ക് മാറ്റിയതിൽ നിരാശനാണെന്നും സിഎൻബിസി ഗ്ലോബൽ ലീഡർഷിപ്പ് ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞിരുന്നു. തന്റെ ഈ വീക്ഷണം മാറില്ലെന്നും ശവക്കുഴിലേക്ക് വരെ കൊണ്ടുപോകുമെന്നുമായിരുന്നു നാരായണമൂർത്തിയുടെ പ്രസ്‌താവന.
രാജ്യ പുരോഗതിയെ സഹായിക്കുന്നതിന് ഇന്ത്യക്കാർ ആഴ്‌ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഒരാഴ്‌ചയില്‍ 100 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെന്നും നാരായണമൂർത്തി ചൂണ്ടിക്കാട്ടിയിരുന്നു. തൻ്റെ കരിയറിലുടനീളം താൻ ദീർഘനേരം ജോലി ചെയ്‌തു, ഒരു ദിവസം 14 മണിക്കൂർ വരെ, ആഴ്‌ചയിൽ ആറര ദിവസം ജോലിചെയ്‌തു. രാവിലെ 6:30 ന് ഓഫീസിൽ നിന്ന് ആരംഭിച്ച് രാത്രി 8:40 ന് മാത്രം അവസാനിപ്പിക്കുന്ന ദിനചര്യയിൽ തനിക്ക് അഭിമാനമുണ്ടെന്നും നാരായണമൂർത്തി പറഞ്ഞിരുന്നു. ഇന്ത്യയുടെ വികസനത്തിന് വിശ്രമമല്ല, ത്യാഗമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാരായണ മൂർത്തിയുടെ പ്രസ്‌താവനകൾക്കെതിരെ കോണ്‍ഗ്രസ് നേതാവായ ഗൗരവ് ഗഗോയി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാർത്തി പി ചിദംബരവും വിമർശനം ഉന്നയിച്ചത്.
Adjust Story Font
16