'ഇനി ഖാർഗെ യുഗം'; കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു
24 വർഷത്തിന് ശേഷം നെഹ്‍റു കുടുംബത്തിന് പുറത്ത് നിന്ന് എത്തുന്ന കോൺഗ്രസ് അധ്യക്ഷനാണ് മല്ലികാർജുൻ ഖാർഗെ
ഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. എ.ഐ.സി.സി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ സോണിയക്ക് പുറമെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, പി.സി.സി അധ്യക്ഷൻമാർ, മുതിർന്ന നേതാക്കന്മാർ അടക്കമുള്ളവർ പങ്കെടുത്തു. ചടങ്ങ് പുരോഗമിക്കുകയാണ്.
അതേസമയം എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പ് ശ്രമകരമായിരുന്നെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി പറഞ്ഞു. ഉൾപാർട്ടി ജനാധിപത്യമുണ്ടെന്ന് തെളിയിക്കാൻ കോൺഗ്രസിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പാർട്ടികളും ഉൾപാർട്ടി ജനാധിപത്യം പ്രസംഗിക്കുമെന്നും കോൺഗ്രസ് അത് കാണിച്ചു കൊടുക്കുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു.
24 വർഷത്തിന് ശേഷം നെഹ്‍റു കുടുംബത്തിന് പുറത്ത് നിന്ന് എത്തുന്ന കോൺഗ്രസ് അധ്യക്ഷനാണ് മല്ലികാർജുൻ ഖാർഗെ. ദലിത് വിഭാഗത്തിൽ നിന്ന് അര നൂറ്റാണ്ടിന് ശേഷം അധ്യക്ഷനാകുന്ന നേതാവ് എന്ന പ്രത്യേകതയും ഖാർഗെയ്ക്കുണ്ട്.
ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥി നിർണയ ചർച്ചകളിൽ ഉച്ചയ്ക്ക് ശേഷം ഖാർഗെ പങ്കെടുക്കും. ഹിമാചൽ പ്രദേശ് ഗുജറാത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് ഖാർഗെയ്ക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി. പ്രവർത്തക സമിതി പുനഃസംഘടന, വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനേയും പ്രതിപക്ഷത്തേയും ശക്തിപ്പെടുത്തുക തുടങ്ങിയ ചുമതലകളും മല്ലികാർജുൻ ഖാർഗെയ്ക്കുണ്ട്.
Adjust Story Font
16