ഒഡീഷ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ട് ഖാർഗെ
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തോൽവിയെ തുടർന്നാണ് നടപടി.
ന്യൂഡൽഹി: ഒഡീഷ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പിരിച്ചുവിട്ടു. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തോൽവിയെ തുടർന്നാണ് നടപടി.
സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയും ജില്ലാ, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളും പോഷക സംഘടനകളും വിവിധ സെല്ലുകളുമെല്ലാം പിരിച്ചുവിട്ടു. പുതിയ ഡി.സി.സി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നത് വരെ നിലവിലുള്ള പ്രസിഡന്റുമാർ തുടരും. ശരത് പട്‌നായിക് ആയിരുന്നു പിരിച്ചുവിട്ട പി.സി.സിയുടെ അധ്യക്ഷൻ.
ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിൽ 147 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 14 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. 78 സീറ്റ് നേടി ബി.ജെ.പി കാൽ നൂറ്റാണ്ടിലധികമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.ഡിയിൽ നിന്ന് ഭരണം പിടിച്ചെടുത്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്.
Next Story
Adjust Story Font
16