Quantcast

കോൺഗ്രസ് അധ്യക്ഷൻ തെരഞ്ഞെടുപ്പില്‍ സുതാര്യതയില്ല; കലാപക്കൊടിയുയർത്തി ശശി തരൂരിന്‍റെ നേതൃത്വത്തില്‍ എം.പിമാർ

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ സുതാര്യതയിൽ സംശയം പ്രകടിപ്പിച്ചാണ് മുതിർന്ന നേതാക്കൾ എ.ഐ.സി.സി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി തലവൻ മധുസൂദൻ മിസ്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-09-10 07:32:15.0

Published:

10 Sep 2022 7:31 AM GMT

കോൺഗ്രസ് അധ്യക്ഷൻ തെരഞ്ഞെടുപ്പില്‍ സുതാര്യതയില്ല; കലാപക്കൊടിയുയർത്തി ശശി തരൂരിന്‍റെ നേതൃത്വത്തില്‍ എം.പിമാർ
X

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടക്കാനാരിക്കെ കലാപക്കൊടിയുയർത്തി എം.പിമാർ. ശശി തരൂർ അടക്കം അഞ്ച് എം.പിമാരാണ് തെരഞ്ഞെടുപ്പിലെ സുതാര്യതയിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. വോട്ടെടുപ്പ് നടപടിക്രമങ്ങളിൽ സുതാര്യത ആവശ്യപ്പെട്ട് എ.ഐ.സി.സി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി തലവൻ മധുസൂദൻ മിസ്ത്രിക്ക് കത്തെഴുതി.

ശശി തരൂറിനു പുറമെ മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബൊർദോലോയ്, അബ്ദുൽ ഖലിഖ് എന്നിവർ ചേർന്നാണ് മിസ്ത്രിക്ക് കത്തയച്ചിരിക്കുന്നത്. വോട്ടർപട്ടിക പുറത്തിറക്കണം. പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രതിനിധികൾ അടങ്ങിയ ഇലക്ടോറൽ കോളജിന്റെ വിശദാംശങ്ങൾ കൈമാറണം. ആർക്കൊക്കെ സ്ഥാനാർത്ഥികളെ നാമനിർദേശം ചെയ്യാനാകുമെന്നും ആർക്കൊക്കെ വോട്ടവകാശമുണ്ടെന്നുമുള്ള കാര്യങ്ങളിൽ വ്യക്തതയും സുതാര്യതയും കൊണ്ടുവരാനാണ് ഇതെന്നും കത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.

വോട്ടർപട്ടിക പരസ്യമാക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ രഹസ്യമായി വോട്ടർമാർക്കും സ്ഥാനാർത്ഥികൾക്കും ഇതു കൈമാറാനുള്ള സംവിധാനമുണ്ടാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കോൺഗ്രസ് എം.പിമാർ എന്ന നിലയ്ക്ക് പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളുടെ സുതാര്യതയിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ നടപടിക്രമങ്ങൾ ആരംഭിക്കും മുൻപുതന്നെ ഇലക്ടോറൽ കോളജിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്നാണ് ആവശ്യം.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ തുടക്കം കുറിച്ചത്. കോൺഗ്രസിന് പുതുജീവനും പ്രവർത്തകർക്ക് പുത്തൻ ആവേശവും പകരുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്ര മൂന്നു ദിവസം പിന്നിടുമ്പോഴാണ് അധ്യക്ഷ തെരഞ്ഞെടുപ്പിനെച്ചൊല്ലി പാർട്ടിയുടെ മുതിർന്ന നേതാക്കൾ തന്നെ സംശയം രേഖപ്പെടുത്തി രംഗത്തെത്തുന്നത്.

അധ്യക്ഷൻ ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന്?

ഒക്ടോബർ 17നാണ് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 22ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 24 മുതൽ 30 വരെയായിരിക്കും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. ഒക്ടോബർ എട്ടുവരെ പത്രിക പിൻലിക്കാനാകും. ഫലപ്രഖ്യാപനം ഒക്ടോബർ 19നും പുറത്തുവരും. 28 പ്രദേശ് കോൺഗ്രസ് കമ്മിറ്റി, കേന്ദ്ര ഭരണപ്രദേശ കമ്മിറ്റികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രമായിരിക്കും വോട്ടവകാശമുണ്ടാകുക.

ഗാന്ധി കുടുംബത്തിൽനിന്ന് ആരും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് സൂചന. പാർട്ടി അധ്യക്ഷ പദവിയുടെ കാര്യത്തിൽ താൻ നേരത്തെ തന്നെ ഒരു തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നുമാണ് രാഹുൽ കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ പറഞ്ഞത്. അശോക് ഗെഹ്ലോട്ടിനെപ്പോലുള്ള മുതിർന്ന നേതാക്കളെ മുന്നിൽനിർത്താനാകും ഗാന്ധി കുടുംബത്തിന്റെ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. അതേസമയം, ശശി തരൂർ അടക്കമുള്ള പാർട്ടിക്കകത്തെ വിമതശബ്ദങ്ങളും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇതിനകം തന്നെ താൽപര്യം അറിയിച്ചുകഴിഞ്ഞിട്ടുണ്ട്.

Summary: Five Congress MPs including Shashi Tharoor have written to AICC central election authority chief Madhusudan Mistry expressing concern about the transparency of the party chief's election

TAGS :

Next Story