Quantcast

ദലിത് പിന്നാക്ക വിദ്യാർഥികൾക്കെതിരായ വിവേചനം തടയാൻ രോഹിത് വെമുല ആക്ട് കൊണ്ടുവരും: കോൺഗ്രസ്

പിന്നാക്ക വിഭാഗങ്ങളുടെ പൗരാവകാശങ്ങൾ സംരക്ഷിക്കാനും വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനും പ്രത്യേക മന്ത്രാലയം ആരംഭിക്കുമെന്നും പ്ലീനറി സമ്മേളനത്തിലെ പ്രമേയത്തിൽ കോൺഗ്രസ് വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    27 Feb 2023 3:55 AM GMT

Rohit Vemula, Rohit Vemula Act, Congress
X

Rohit Vemula

റായ്പൂർ: അധികാരത്തിലെത്തിയാൽ ദലിത് പിന്നാക്ക വിദ്യാർഥികൾക്കെതിരായ വിവേചനം തടയാൻ രോഹിത് വെമുല ആക്ട് കൊണ്ടുവരുമെന്ന് കോൺഗ്രസ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വാക്കിലും പ്രവൃത്തിയിലും മുൻനിരയിലുണ്ടാകുമെന്നും പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിച്ച സാമൂഹിക നീതി പ്രമേയത്തിൽ പാർട്ടി വ്യക്തമാക്കി.

10 വർഷത്തിലൊരിക്കൽ നടത്തുന്ന ദേശീയ സെൻസസിനൊപ്പം സാമൂഹിക-സാമ്പത്തിക ജാതി സെൻസസും നടത്താൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും പ്രമേയം പറയുന്നു.

സാമ്പത്തിക സംവരണത്തിനായി വാദിച്ച പാർട്ടിയാണ് കോൺഗ്രസ്. പക്ഷേ ബി.ജെ.പി സാമ്പത്തിക സംവരണം നടപ്പാക്കിയപ്പോൾ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ ഒഴിവാക്കി. എല്ലാ സമുദായത്തിലെയും പാവപ്പെട്ടവരെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായാണ് കോൺഗ്രസ് പരിഗണിക്കുന്നതെന്നും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ സാമ്പത്തിക സംവരണ ക്വാട്ടയിൽനിന്ന് ഒഴിവാക്കില്ലെന്നും കോൺഗ്രസ് പ്രമേയത്തിൽ വ്യക്തമാക്കി.

സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെ മാനദണ്ഡങ്ങൾ പരിഷ്‌കരിക്കുന്നതിന് ജാതി സെൻസസ് അനിവാര്യമാണ്. പക്ഷേ, ബി.ജെ.പി സർക്കാർ ഇതിന് വിസമ്മതിക്കുകയാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ദേശീയ സെൻസസിനൊപ്പം ജാതി സെൻസസും നടത്തും. പിന്നാക്ക വിഭാഗങ്ങളുടെ പൗരാവകാശങ്ങൾ സംരക്ഷിക്കാനും വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനും പ്രത്യേക മന്ത്രാലയം ആരംഭിക്കുമെന്നും പ്ലീനറി സമ്മേളനത്തിലെ പ്രമേയത്തിൽ കോൺഗ്രസ് വ്യക്തമാക്കി.

TAGS :

Next Story