പ്രചാരണത്തിന് പണമില്ല; പത്രിക പിൻവലിച്ച് പുരിയിലെ കോൺഗ്രസ് സ്ഥാനാർഥി
ഒഡിഷയില്‍ 21 ലോക്‌സഭാ സീറ്റിലേക്കും 147 നിയമസഭാ സീറ്റിലേക്കുമാണു മത്സരം നടക്കുന്നത്. മേയ് 13 മുതൽ ജൂൺ ഒന്നുവരെ നാലു ഘട്ടങ്ങളിലായാണു സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്
സുചാരിത മൊഹന്തി
ഭുവനേശ്വർ: പുരി ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മത്സരരംഗത്തുനിന്നു പിന്മാറി. സുചാരിത മൊഹന്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പണമില്ലെന്നു പറഞ്ഞു പത്രിക പിൻവലിച്ചത്. പ്രചാരണ പരിപാടികൾക്ക് എ.ഐ.സി.സി പണം നൽകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനാണു മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി അവർ കത്തെഴുതിയിരിക്കുന്നത്.
ചെലവ് ചുരുക്കിയിട്ടും പൊതു ധനസമാഹരണത്തിലൂടെ കണ്ടെത്തിയ പണവുമായി മുന്നോട്ടുപോകാനാകുന്നില്ലെന്ന് സുചാരിത പറയുന്നു. പാർട്ടി ഫണ്ട് നൽകിയില്ല. ബി.ജെ.പിയും ബി.ജെ.ഡിയുമെല്ലാം പണക്കൂമ്പാരത്തിനു മുകളിൽനിന്നാണു പ്രചാരണം നടത്തുന്നത്. ഇങ്ങനെ മുന്നോട്ടുപോകാൻ പ്രയാസമാണ്. സമ്പത്തിന്റെ അശ്ലീലപ്രദർശനമാണ് എങ്ങും. ഇങ്ങനെ മത്സരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സുചാരിത വ്യക്തമാക്കി.
ജനങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണു വേണ്ടത്. പക്ഷേ, അതും മതിയായ ഫണ്ടില്ലാതെ അസാധ്യമാണ്. ഇതിന് പാർട്ടിക്ക് ഉത്തരവാദിത്തമില്ല. ബി.ജെ.പി സർക്കാർ പാർട്ടിയെ ഞെരിച്ചിരിക്കുകയാണ്. ചെലവിന് നിയന്ത്രണണങ്ങളേറെയുണ്ടെന്നും അവർ പറഞ്ഞു.
ഒഡിഷ കോൺഗ്രസ് അധ്യക്ഷൻ അജോയ് കുമാറിനോട് കാര്യം ധരിപ്പിച്ചപ്പോൾ മോശം പെരുമാറ്റമായിരുന്നുവെന്നും അവർ സൂചിപ്പിച്ചിട്ടുണ്ട്. ചെലവ് സ്വയം നോക്കിക്കൊള്ളാൻ നിർദേശിക്കുകയായിരുന്നു അദ്ദേഹം. 10 വർഷംമുൻപ് രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ ശമ്പളം വാങ്ങിയിരുന്ന പ്രൊഫഷനൽ മാധ്യമപ്രവർത്തകയായിരുന്നു ഞാൻ. എന്റെ സമ്പാദ്യമെല്ലാം പുരിയിൽ പ്രചാരണത്തിനു വേണ്ടി ചെലവാക്കിയിരിക്കുകയാണെന്ന് സുചാരിത വെളിപ്പെടുത്തി.
പുരോഗമന രാഷ്ട്രീയം മുൻനിർത്തിയുള്ള തന്റെ സ്ഥാനാർഥിത്വത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങളിൽനിന്നു പണപ്പിരിവ് നടത്തിയെങ്കിലും അതും വിജയം കണ്ടില്ല. പ്രചാരണച്ചെലവ് വെട്ടിച്ചുരുക്കിനോക്കിയിട്ടും രക്ഷയില്ല. പുരിയിൽ പ്രചാരണരംഗത്ത് മുന്നേറാൻ മുൻപിലുള്ള ഏക തടസം ഫണ്ടിന്റെ ദൗർലഭ്യമാണ്. പാർട്ടി ഫണ്ടില്ലാതെ പ്രചാരണവുമായി മുന്നോട്ടുപോകാനാകില്ല. അതുകൊണ്ട് ടിക്കറ്റ് മടക്കിനൽകുകയാണെന്നും അവർ പറഞ്ഞു. നിയമസഭയിലേക്ക് ദുർബലരായ സ്ഥാനാർഥികളെയാണ് ഇറക്കിയതെന്നും സുചാരിത മൊഹന്തി വിമർശിച്ചിട്ടുണ്ട്.
ഒഡിഷയിൽ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാണ് നടക്കുന്നത്. 21 ലോക്‌സഭാ സീറ്റിലേക്കും 147 നിയമസഭാ സീറ്റിലേക്കുമാണു മത്സരം നടക്കുന്നത്. മേയ് 13 മുതൽ ജൂൺ ഒന്നുവരെ നാലു ഘട്ടങ്ങളിലായാണു സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.
summary: Congress’s Puri candidate Sucharita Mohanty opts out of polls
Adjust Story Font
16