മുസ്‍ലിംകൾ അടിമകളല്ലെന്ന് കോൺഗ്രസ് മനസിലാക്കണമെന്ന് കോൺഗ്രസ് നേതാവ്
നെഹ്‌റുവിന്റെ അനുയായികൾ 'ജയ് ഗംഗാ മയ്യാ' വിളിച്ചു നടക്കുകയാണെന്നും അസീസ് ഖുറൈശി വിമർശിച്ചു
ന്യൂഡൽഹി: മുസ്‍ലിംകൾ അടിമകളല്ലെന്ന് കോൺഗ്രസ് മനസിലാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അസീസ് ഖുറേഷി. ജവഹർലാൽ നെഹ്‌റുവിന്റെ അനന്തരാവകാശികളും കോൺഗ്രസുകാരും മതപരമായ ഘോഷയാത്രകള്‍ നടത്തുകയും 'ജയ് ഗംഗാ മയ്യാ' വിളിച്ചു നടക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.' ഇന്ന് നെഹ്‌റുവിന്റെ അനന്തരാവകാശികളും കോൺഗ്രസുകാരും മതപരമായ ഘോഷയാത്രകൾ നടത്തുന്നു, 'ജയ് ഗംഗാ മയ്യ' എന്ന് വിളിക്കുന്നു, അവർ ഹിന്ദുക്കളാണെന്ന് അഭിമാനത്തോടെ പറയുന്നു, അവർ കോൺഗ്രസ് ഓഫീസിൽ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നു..' ഇത് നാണക്കേടാണെന്നും അസീസ് ഖുറേഷി പറഞ്ഞു.
തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നില്ലെന്നും തന്നെ പുറത്താക്കാൻ പാർട്ടിയെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'എനിക്ക് ഭയമില്ല, വേണമെങ്കിൽ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഉൾപ്പെടെ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും മുസ്‍ലിം സമുദായം തങ്ങളുടെ അടിമകളല്ലെന്ന് മനസിലാക്കണമെന്നും ഖുറേഷി പറഞ്ഞു. ' നിങ്ങൾ മുസ്‌ലിങ്ങൾക്ക് ജോലി തരുന്നില്ല. നിങ്ങൾ അവരെ പൊലീസിലോ പട്ടാളത്തിലോ നേവിയിലോ എടുക്കുന്നില്ല. പിന്നെ എന്തിന് മുസ്‌ലിംകൾ നിങ്ങൾക്ക് വോട്ട് ചെയ്യണം?' അദ്ദേഹം ചോദിച്ചു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മിസോറാം സംസ്ഥാനങ്ങളിലെ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് അസീസ് ഖുറേഷി. 2020ലാണ് മധ്യപ്രദേശ് ഉറുദു അക്കാദമിയുടെ പ്രസിഡന്റായിനിയമിച്ചത്. മധ്യപ്രദേശ് സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്നു ഖുറേഷി. 1984ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സത്‌നയിൽ നിന്ന് എംപിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Adjust Story Font
16