കോൺഗ്രസും എസ്.പിയും അധികാരത്തിലെത്തിയാൽ ബുൾഡോസർ കയറ്റി രാമക്ഷേത്രം തകർക്കും-നരേന്ദ്ര മോദി
സംവരണം മുഴുവൻ മുസ്‌ലിംകൾക്കു നൽകണമെന്നാണ് ലാലു പ്രസാദ് യാദവ് പറയുന്നതെന്ന് മോദി ആരോപിച്ചു. കോൺഗ്രസ് രായ്ക്കുരാമാനം മുസ്‌ലിംകളെ മുഴുവൻ ഒ.ബി.സിക്കാരാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു
നരേന്ദ്ര മോദി
ലഖ്‌നൗ: കോൺഗ്രസും എസ്.പിയും അധികാരത്തിലെത്തിയാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ചു തകർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഡ്യ സഖ്യം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്. മോദി സർക്കാരിന് ഹാട്രിക് ലഭിക്കുമെന്ന് രാജ്യത്തിനൊന്നാകെയും ലോകത്തിനും ഇപ്പോൾ തന്നെ അറിയാമെന്നും മോദി പറഞ്ഞു.
ബാരാബങ്കിയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവശത്ത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം ദേശീയതാൽപര്യത്തിനു വേണ്ടി സമർപ്പിതരായി പ്രവർത്തിക്കുമ്പോൾ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് ഇൻഡ്യ സഖ്യം ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പുരോഗമിക്കും തോറും ഇൻഡ്യ സഖ്യക്കാർ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്കു നല്ലതു ചെയ്യുന്നവരും നിങ്ങളുടെ പ്രദേശങ്ങളിൽ വികസനം കൊണ്ടുവരികയും ചെയ്യുന്ന എം.പിമാരെയാണു തെരഞ്ഞെടുക്കേണ്ടത്. അല്ലാതെ അഞ്ചു വർഷവും മോദിയെ ആക്ഷേപിക്കുന്നവരെയല്ല. ഇതിനു താമര എന്ന ഒരേയൊരു സാധ്യത മാത്രമേ നിങ്ങൾക്കു മുന്നിലുള്ളൂവെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.
''100 സി.സി എൻജിൻ കൊണ്ട് 1,000 സി.സി വേഗത കൈവരിക്കാനാകുമോ? സത്വര വികസനം ആണു നിങ്ങൾക്കു വേണ്ടതെങ്കിൽ, ശക്തമായൊരു ഭരണകൂടത്തിനേ അതിനു സാധ്യമാകൂ. ബി.ജെ.പി സർക്കാരിനെക്കൊണ്ടേ അതു സാധിക്കൂ. രാമക്ഷേത്രം ഒരു ഉപകാരവുമില്ലാത്തതാണെന്നാണ് ഒരു എസ്.പി നേതാവ് രാമനവമി ദിനത്തിൽ പറഞ്ഞത്. ഇതേ സമയത്ത് തന്നെയാണ് രാമക്ഷേത്ര വിഷയത്തിലുള്ള സുപ്രിംകോടതി വിധി അട്ടിമറിക്കാനുള്ള കോൺഗ്രസ് നീക്കവും നടക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ കുടുംബവും അധികാരവും മാത്രമാണു വലിയ കാര്യം. എസ്.പിയും കോൺഗ്രസും അധികാരത്തിലെത്തിയാൽ അവർ രാംലല്ലയെ മാറ്റി ക്ഷേത്രത്തിലേക്ക് ബുൾഡോസർ അയയ്ക്കും.''
എവിടെയാണ് ബുൾഡോസർ പ്രയോഗം നടത്തേണ്ടതെന്ന് യോഗി ആദിത്യനാഥിൽനിന്നു ചോദിച്ചു പഠിക്കണമെന്നും മോദി ഇൻഡ്യ സഖ്യത്തോട് ആവശ്യപ്പെട്ടു. എസ്.പിക്കും കോൺഗ്രസിനും വോട്ട് ബാങ്ക് ആണു വലുത്. എന്നാൽ, അവരുടെ യഥാർഥ മുഖം ഞാൻ പുറത്തുകൊണ്ടുവരുമ്പോൾ അവരുടെ ഉറക്കം നഷ്ടപ്പെടും. തോന്നിയതു വിളിച്ചുപറയുകയും ആക്ഷേപങ്ങൾ ചൊരിയുകയും ചെയ്യും. പ്രീണനരാഷ്ട്രീയത്തിനു കീഴടങ്ങിയിരിക്കുകയാണ് എസ്.പിയും കോൺഗ്രസും. ആ സത്യം മോദി രാജ്യത്തോട് വിളിച്ചുപറയുമ്പോൾ, ഞാൻ ഹിന്ദു-മുസ്‌ലിം ഭിന്നിപ്പുണ്ടാക്കുന്നുവെന്നാണ് അവർ പറയുന്നത്. ഇവർ കൊണ്ടുനടക്കുന്ന വോട്ട് ബാങ്കും ഇപ്പോൾ സത്യം മനസിലാക്കിയിട്ടുണ്ട്. മുത്വലാഖ് നിയമത്തിൽ നമ്മുടെ സഹോദരിമാരും അമ്മമാരുമെല്ലാം സന്തുഷ്ടരാണ്. അവർ നിരന്തരം ബി.ജെ.പിക്ക് അനുഗ്രഹം ചൊരിയുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനാരോഗ്യംമൂലം ജയിൽമോചിതനായ ബിഹാറിലെ കൽക്കരി കുംഭകോണത്തിന്റെ തലവൻ ഇപ്പോൾ പറയുന്നത്, സംവരണം മുഴുവൻ മുസ്‌ലിംകൾക്കു നൽകണമെന്നാണെന്നും ലാലു പ്രസാദ് യാദവിനെ ലക്ഷ്യമിട്ട് മോദി ആരോപിച്ചു. ദലിതുകൾക്കും ഗോത്രവർഗക്കാർക്കും പിന്നാക്കക്കാർക്കുമൊന്നും ഒന്നും വേണ്ടെന്നാണ് അതിനർഥം. ഭരണഘടന നിർമാണഘട്ടത്തിൽ സംവരണം മതത്തിന്റെ അടിസ്ഥാനത്തിലാകരുതെന്ന് കോൺസ്റ്റിറ്റുവെന്റ് അസംബ്ലി തീരുമാനിച്ചതാണ്. എന്നാൽ, പത്തു വർഷം മുൻപ് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനാണ് ഇവർ ശ്രമിച്ചത്. അവരത് കർണാടകയിലും ചെയ്തു. രായ്ക്കുരാമാനം മുസ്‌ലിംകളെ എല്ലാവരെയും ഒ.ബി.സിക്കാരാക്കിയിരിക്കുകയാണ് അവർ ചെയ്തത്. ഒ.ബി.സിക്കാർക്കു നൽകിയ സംവരണത്തിന്റെ വലിയൊരു ഭാഗം ഇവർ കൊള്ളയടിച്ചെന്നും മോദി ആരോപിച്ചു.
ബാരാബങ്കിയിൽ ബി.ജെ.പി സ്ഥാനാർഥി രാജ്‌റാണി റാവത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു മോദി. മുതിർന്ന കോൺഗ്രസ് നേതാവും ബാരാബങ്കി മുൻ ലോക്‌സഭാ എം.പിയുമായ പി.എൽ പുനിയയുടെ മകൻ തനുജ് പുനിയയാണ് ഇവിടെ ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാർഥി. മേയ് 20ന് അഞ്ചാംഘട്ടത്തിലാണ് ബാരാബങ്കിയിൽ വോട്ടെടുപ്പ് നടക്കുന്നത്.
Summary: 'Congress, SP will run bulldozer over Ram temple if voted to power': PM Narendra Modi
Adjust Story Font
16