ഇവിഎം വേണ്ട, ബാലറ്റ് പേപ്പര്‍ മതി; കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രാ മോഡല്‍ പ്രചരണത്തിനിറങ്ങുമെന്ന് നാനാ പടോളെ
ജനാധിപത്യ സംവിധാനത്തില്‍ വോട്ടര്‍മാരാണ് രാജാവ്, എന്നാല്‍ രാജാവിന്‍റെ വോട്ട് മോഷ്ടിക്കപ്പെടുകയാണ്
മുംബൈ: ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രാ മോഡല്‍ പ്രചരണത്തിനിറങ്ങുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്‍റ് നാനാ പടോളെ. ചൊവ്വാഴ്ച സോലാപൂർ ജില്ലയിലെ മർകദ്‌വാഡി ഗ്രാമം സന്ദര്‍ശിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗ്രാമത്തിൽ ബാലറ്റ് പേപ്പർ വോട്ടെടുപ്പ് നടത്താൻ ആഗ്രഹിക്കുന്ന ഗ്രാമീണരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, അയൽ രാജ്യങ്ങളിൽ ജനാധിപത്യം തകർക്കപ്പെടുമ്പോൾ, ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെ തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പടോളെ പറഞ്ഞു.
''ജനാധിപത്യ സംവിധാനത്തില്‍ വോട്ടര്‍മാരാണ് രാജാവ്, എന്നാല്‍ രാജാവിന്‍റെ വോട്ട് മോഷ്ടിക്കപ്പെടുകയാണ്'' അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിഎം മെഷീനുകളെക്കുറിച്ച് ആളുകൾക്ക് സംശയമുണ്ട്, അതിനാലാണ് സുതാര്യത ഉറപ്പാക്കാൻ ബാലറ്റ് പേപ്പറിലൂടെ വോട്ട് ചെയ്യണമെന്ന് മർകദ്‌വാഡി നിവാസികള്‍ ആവശ്യപ്പെടുന്നത്. ജനാധിപത്യത്തിൽ വോട്ട് ചെയ്യാനുള്ള അവകാശം സംരക്ഷിക്കുന്നതിനും ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി മർകദ്വാഡി ഗ്രാമത്തിൽ നിന്ന് ഭാരത് ജോഡോ യാത്രയ്ക്ക് സമാനമായ ഒരു വലിയ ക്യാമ്പയിന്‍ ഉടന്‍ ആരംഭിക്കുമെന്ന് പടോളെ അറിയിച്ചു. മുൻ എംഎൽഎ രാംഹരി രൂപൻവർ, പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുഖ്യ വക്താവ് അതുൽ ലോന്ദേ, മറ്റ് ജില്ലാതല നേതാക്കൾ എന്നിവരും പടോളെയ്‌ക്കൊപ്പമുണ്ടായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അമ്പരപ്പിക്കുന്ന ഫലം തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് തന്നെ ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണെന്ന് ഗ്രാമവാസികളോട് സംസാരിച്ച നാനാ പടോളെ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 58.33 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. എന്നാല്‍ , അതേ രാത്രി 11:30 ഓടെ ഈ കണക്ക് 65.2 ശതമാനമായും അടുത്ത ദിവസം നവംബർ 21 ന് ഉച്ചകഴിഞ്ഞ് 3 മണിയായപ്പോഴേക്കും 66.05 ശതമാനമായും ഉയർന്നു. 7.6 ദശലക്ഷം വോട്ടുകൾ അധികമായി രേഖപ്പെടുത്തിയതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. ഏതെങ്കിലും മണ്ഡലത്തിൽ വൈകുന്നേരം 5 മണിക്ക് ശേഷം നീണ്ട ക്യൂവിൻ്റെ വീഡിയോ തെളിവ് ആവശ്യപ്പെടുകയും ചെയ്തു. ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചെങ്കിലും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.
-ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ് പാർട്ടി മർകദ്വാഡി ഗ്രാമവാസികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.മഹാരാഷ്ട്രയിലുടനീളമുള്ള ഗ്രാമങ്ങൾ ഇപ്പോൾ ബാലറ്റ് പേപ്പറിലൂടെ വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രാമസഭ പ്രമേയങ്ങൾ പാസാക്കുകയാണ്. ഭാവിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് സത്താറ ജില്ലയിലെ കോലെവാഡി ഗ്രാമം കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ ഇവിഎമ്മിനെതിരെ പ്രമേയം പാസാക്കുന്ന രണ്ടാമത്തെ ഗ്രാമമാണ് കോലെവാഡി. ''മർകദ്വാഡിയില്‍ ആരംഭിച്ച ക്യാമ്പയിന്‍ സംസ്ഥാനമൊട്ടാകെ വ്യാപിക്കുകയാണ്. സാംഗ്ലി ജില്ലയിലെ കോലെവാഡി, റായ്ഗഡ് ജില്ലയിലെ മംഗാവ് തുടങ്ങിയ ഗ്രാമങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു, ഈ പോരാട്ടം ഒരു പ്രാദേശിക പ്രസ്ഥാനത്തിൽ നിന്ന് രാജ്യവ്യാപകമായ ഒരു മൂവ്മെന്‍റാക്കി മാറ്റി'' പടോളെ കൂട്ടിച്ചേര്‍ത്തു. മർകദ്‌വാഡിയിലെ എല്ലാ സംഭവവികാസങ്ങളും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും ഭാരത് ജോഡോ യാത്രയ്ക്ക് സമാനമായി വലിയ തോതിലുള്ള റാലിയുടെ പദ്ധതികൾ നടന്നുവരികയാണെന്നും പടോളെ അറിയിച്ചു.
സോലാപൂരിലെ മൽഷിറാസ് മണ്ഡലത്തിലെ മർകദ്‌വാഡിയിൽ നിന്നുള്ള ഒരു വിഭാഗം ഗ്രാമീണർ ഇവിഎമ്മുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്‌ത് ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് റീ പോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവിഎമ്മിനെതിരെ ഗ്രാമീണര്‍ പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ 200 ലധികം ആളുകൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കെതിരെ പ്രതിഷേധിക്കുകയും ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആവശ്യപ്പെട്ടിരുന്നു. ഭാരത് ജോഡോ യാത്ര പോലൊരു പ്രചാരണം ഇതിനായി ആവശ്യമാണെന്നും മറ്റ് രാഷ്ട്രീയ പാർട്ടികളോടും തങ്ങൾ സംസാരിക്കുമെന്നും പറഞ്ഞിരുന്നു.
Adjust Story Font
16