മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും വോട്ടുകുറഞ്ഞു; ഗുജറാത്തിൽ കോൺഗ്രസ് നിഷ്പ്രഭമായതിങ്ങനെ
അഞ്ചു വര്‍ഷത്തിനിടെ 14.1 ശതമാനം വോട്ടാണ് പാർട്ടിക്ക് നഷ്ടമായത്.
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റത് ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതം. തുടർച്ചയായ ഏഴാമൂഴത്തിലും ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയപ്പോൾ മുഖ്യപ്രതിപക്ഷ കക്ഷിക്ക് പലയിടത്തും ഒന്നു പൊരുതാൻ പോലുമായില്ല. പരമ്പരാഗതമായ ബിജെപി-കോൺഗ്രസ് രാഷ്ട്രീയദ്വയത്തിനിടയിലേക്ക് കയറിവന്ന ആം ആദ്മി പാർട്ടി പരിക്കേല്‍പ്പിച്ചതും കോണ്‍ഗ്രസിനാണ്.
ഈ തെരഞ്ഞെടുപ്പിൽ 27.3 ശതമാനം വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്. ആകെ ലഭിച്ചത് 17 സീറ്റും. (പൂർണഫലം പുറത്തുവരുമ്പോൾ കണക്കിൽ നേരിയ വ്യത്യാസമുണ്ടാകാം). 2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 77 സീറ്റാണ് കിട്ടിയത്. വോട്ടുവിഹിതം 41.4%. അഞ്ചു വർഷം കഴിയുമ്പോൾ പാര്‍ട്ടിക്ക് നഷ്ടമായത് 14.1 ശതമാനം വോട്ട്.
മുൻ തെരഞ്ഞെടുപ്പിൽ നിന്ന് മൂന്നു ശതമാനം വോട്ടാണ് ഭരണകക്ഷിയായ ബിജെപി വർധിപ്പിച്ചത്. 99 സീറ്റു കിട്ടിയ 2017ൽ 49.1 ശതമാനം വോട്ടാണ് പാർട്ടിക്കു കിട്ടിയത്. 156 സീറ്റുകളിൽ മേധാവിത്വമുള്ള ഇത്തവണ ലഭിച്ചത് 52.5 ശതമാനം വോട്ടും. കഴിഞ്ഞ തവണ പേരിനു മാത്രമുണ്ടായിരുന്ന ആം ആദ്മി പാർട്ടി 12.9 ശതമാനം വോട്ടു നേടി. നേരത്തെ ഇത് 0.1 ശതമാനം മാത്രമായിരുന്നു. എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിന്റെ വോട്ടാണ് ആം ആദ്മി പാർട്ടി പിടിച്ചെടുത്തത്.
സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷ സീറ്റുകളിലും ബിജെപിക്കു വോട്ടു വർധിച്ചു. 2017നെ അപേക്ഷിച്ച് 1.9 ശതമാനം വോട്ടിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 2017ൽ 41.5 ശതമാനമായിരുന്നെങ്കിൽ ഇത്തവണ 43.4 ശതമാനം. ഈ മേഖലയിൽ കോൺഗ്രസിന് ഏഴു ശതമാനം വോട്ടുകുറഞ്ഞു. ഇത്തവണ 43.3 ശതമാനം വോട്ടു മാത്രമാണ് കോൺഗ്രസിന് കിട്ടിയത്. കഴിഞ്ഞ തവണ അത് 51.7 ശതമാനമായിരുന്നു. അതേസമയം, ആം ആദ്മി പാർട്ടിയുടെ വോട്ടു വിഹിതം 0.2 ശതമാനത്തിൽനിന്ന് 6.4 ശതമാനമായി.
അവസാനമായി അധികാരത്തിലിരുന്ന 1985ൽ 55.5 ശതമാനമായിരുന്നു കോൺഗ്രസിന്റെ വോട്ടുവിഹിതം. ആ റെക്കോർഡ് തകർക്കാൻ ബിജെപിക്കായിട്ടില്ല. ബിജെപി അധികാരത്തിലെത്തിയ 1990ൽ കോൺഗ്രസിനായിരുന്നു വോട്ടുവിഹിതം കൂടുതൽ. കോൺഗ്രസിന് 30.74 ശതമാനവും ബിജെപിക്ക് 26.29 ശതമാനവും. 1995 മുതൽ 2017 വരെ ബിജെപി സ്ഥിരമായി 40 ശതമാനമോ അതിനു മുകളിലോ വോട്ടുവിഹിതം നിലനിര്‍ത്തി. അതാണിപ്പോൾ പാർട്ടി അമ്പത് ശതമാനത്തിന് മുകളിലെത്തിച്ചത്.
വീടുകൾ കയറിയിറങ്ങിയുള്ള 'നിശ്ശബ്ദ പ്രചാരണ'മാണ് ഇത്തവണ കോൺഗ്രസ് സംസ്ഥാനത്ത് സ്വീകരിച്ചത്. പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തുടങ്ങിയ പ്രധാനപ്പെട്ട നേതാക്കൾ പ്രചാരണത്തിനെത്തിയെങ്കിലും രാഹുൽഗാന്ധി സജീവമല്ലാതിരുന്നത് തിരിച്ചടിയായി. പതിവുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരുന്നു ബിജെപിയുടെ തുറുപ്പുചീട്ട്. സ്വന്തം സംസ്ഥാനത്ത് 31 പാർട്ടി റാലികൡലാണ് മോദി സംസാരിച്ചത്.
Adjust Story Font
16