'കോൺഗ്രസിന് മുസ്‌ലിംകളുടെ വോട്ട് വേണം, മുസ്‌ലിം സ്ഥാനാർഥികൾ പാടില്ല'; മഹാരാഷ്ട്രയിൽ കോൺഗ്രസ് കാമ്പയിൻ കമ്മിറ്റി അംഗം രാജിവച്ചു
മഹാരാഷ്ട്രയിലെ 48 മണ്ഡലങ്ങളിൽ ഒന്നിൽപ്പോലും മഹാവികാസ് അഘാഡി സഖ്യം ഒരു മുസ്‌ലിമിനെ സ്ഥാനാർഥിയാക്കിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് മുതിർന്ന കോൺഗ്രസ് നേതാവായ മുഹമ്മദ് ആരിഫ് നസീം ഖാൻ രാജിവച്ചത്.
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഒരു മുസ്‌ലിം സ്ഥാനാർഥിയെപ്പോലും നിർത്താത്ത കോൺഗ്രസ് നിലപാടിനെതിരെ പാർട്ടിക്കകത്ത് പ്രതിഷേധം പരസ്യമാകുന്നു. മുതിർന്ന നേതാവ് മുഹമ്മദ് ആരിഫ് നസീം ഖാൻ പാർട്ടിയുടെ പ്രചാരണ കമ്മിറ്റി അംഗത്വം രാജിവച്ചു. ഒരു മുസ്‌ലിമിന് പോലും സ്ഥാനാർഥിത്വം നൽകാത്ത പാർട്ടിയുടേയോ മുന്നണിയുടേയോ പ്രചാരണത്തിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലെന്ന് അദ്ദേഹം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തെ 48 ലോക്‌സഭാ മണ്ഡലങ്ങളിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഒരു സ്ഥാനാർഥി പോലും മുസ്‌ലിമില്ല. ഒരു മുസ്‌ലിം സ്ഥാനാർഥിയെ എങ്കിലും നിർത്തണമെന്ന് മുസ്‌ലിം സംഘടനകളും പാർട്ടി പ്രവർത്തകരും നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഒരാൾക്ക് പോലും അവസരം നൽകാൻ അവർ തയ്യാറായില്ലെന്നും ആരിഫ് നസീം ഖാൻ പറഞ്ഞു.
വോട്ടഭ്യർഥിച്ച് ആളുകളെ കാണുമ്പോൾ മുസ്‌ലിംകളുടെ വോട്ട് ആവശ്യപ്പെടുന്ന കോൺഗ്രസ് എന്തുകൊണ്ടാണ് ഒരു മുസ്‌ലിം സ്ഥാനാർഥിയെപ്പോലും നിർത്താത്തത് എന്നാണ് തിരിച്ചുചോദിക്കുന്നത്. ഇതിന് തനിക്ക് മറുപടിയില്ല. വോട്ടർമാരെ അഭിമുഖീകരിക്കാൻ പ്രയാസമുള്ളതുകൊണ്ടാണ് രാജിവെക്കുന്നതെന്നും നസീം ഖാൻ വ്യക്തമാക്കി.
കോൺഗ്രസ്, ശിവസേന (ഉദ്ധവ് വിഭാഗം), എൻ.സി.പി (ശരദ് പവാർ) എന്നീ പാർട്ടികളാണ് മഹാവികാസ് അഘാഡി സഖ്യത്തിലുള്ളത്. 17 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കാൻ ആരിഫ് നസീം ഖാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടി നേതൃത്വം തള്ളുകയായിരുന്നു. കോൺഗ്രസിന്റെ സിറ്റി യൂണിറ്റ് പ്രസിഡന്റായ വർഷ ഗെയ്ക്‌വാദ് ആണ് ഇവിടെ മത്സരിക്കുന്നത്.
ന്യൂനപക്ഷ സംഘടനകളിൽനിന്ന് ഈ അവഗണനക്കെതിരെ വ്യാപകമായ വിമർശനമുയരുന്നുണ്ട്. അവർ ഈ അനീതിയെക്കുറിച്ച് ചോദിക്കുമ്പോൾ തനിക്ക് മറുപടിയില്ല. എല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യം കൊടുക്കുന്ന ഉൾക്കൊള്ളലിന്റെ പാരമ്പര്യത്തിൽനിന്ന് കോൺഗ്രസ് വ്യതിചലിച്ചെന്നും ആരിഫ് നസീം ഖാൻ കുറ്റപ്പെടുത്തി.
Adjust Story Font
16