Quantcast

മോദിക്കും യോ​ഗിക്കും പിന്നാലെ വിദ്വേഷം തുപ്പി കേന്ദ്രമന്ത്രിയും; 'കോൺഗ്രസ് നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്‌ലിംകൾക്ക്‌ നൽകും'

തുക്‌ഡെ- തുക്‌ഡെ സംഘം കോൺഗ്രസിനെ പൂർണമായും വളഞ്ഞിരിക്കുകയാണെന്നും അവരുടെ ആശയങ്ങൾ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അനുരാ​ഗ് താക്കൂർ ആരോപിച്ചു.

MediaOne Logo

Web Desk

  • Updated:

    2024-04-28 06:40:28.0

Published:

28 April 2024 6:09 AM GMT

മോദിക്കും യോ​ഗിക്കും പിന്നാലെ വിദ്വേഷം തുപ്പി കേന്ദ്രമന്ത്രിയും; കോൺഗ്രസ് നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്‌ലിംകൾക്ക്‌ നൽകും
X

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനും പിന്നാലെ വിദ്വേഷ പ്രചരണവുമായി കേന്ദ്രമന്ത്രിയും. 'നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്‌ലിംകൾക്ക് നൽകാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു' എന്ന് പറഞ്ഞ് കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂറാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

പ്രധാനമന്ത്രിയുടെ വിവാദ പ്രസം​ഗത്തെ പിന്തുണച്ചും ഏറ്റുപിടിച്ചും ബിജെപി നേതാക്കൾ രം​ഗത്തെത്തിയതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെയും പ്രസ്താവന. ഹിമാചൽ പ്രദേശിലെ ഹമിർപുവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു താക്കൂർ.

'കോൺഗ്രസിൻ്റെ പ്രകടന പത്രികയിൽ കോൺഗ്രസിൻ്റെ കൈയ്ക്കൊപ്പം നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്‌ലിംകൾക്ക്‌ നൽകാനും രാജ്യത്തിൻ്റെ ആണവായുധങ്ങൾ അവസാനിപ്പിക്കാനും ജാതീയതയിലും പ്രാദേശികതയിലും രാജ്യത്തെ വിഭജിക്കാനും ആഗ്രഹിക്കുന്ന വിദേശ ശക്തികളുടെ കൈകളും ദൃശ്യമാണ്'- താക്കൂർ പറഞ്ഞു. തുക്‌ഡെ- തുക്‌ഡെ സംഘം കോൺഗ്രസിനെ പൂർണമായും വളഞ്ഞിരിക്കുകയാണെന്നും അവരുടെ ആശയങ്ങൾ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അനുരാ​ഗ് താക്കൂർ ആരോപിച്ചു..

'കോൺഗ്രസിൻ്റെ 'തുക്‌ഡെ-തുക്‌ഡെ' സംഘത്തോടൊപ്പമാണോ അതോ 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിൽ വിശ്വസിക്കുന്ന നരേന്ദ്രമോദിയുടെ കൂടെയാണോ പോവേണ്ടത് എന്ന് നിങ്ങൾ തീരുമാനിക്കണം. കുട്ടികളുടെ സ്വത്ത് അവരുടെ പക്കലായിരിക്കണമോ അതോ മുസ്‌ലിംകൾക്ക് നൽകണമോ എന്ന് നിങ്ങൾ തീരുമാനിക്കണം'- താക്കൂർ പറഞ്ഞു.

എന്നാൽ, ബിജെപി മുസ്‌ലിംകൾക്ക് എല്ലാ അവകാശങ്ങളും തുല്യമായി നൽകിയിട്ടുണ്ടെന്നും അത് മതത്തെ അടിസ്ഥാനമാക്കിയല്ലെന്നും മറിച്ച് അതവരുടെ അവകാശമാണെന്നും താക്കൂർ അവകാശപ്പെട്ടു. രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തതിനാൽ നിങ്ങളുടെ മക്കളുടെ സ്വത്ത് തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നതായും ഗാന്ധി കുടുംബം അവർക്ക് അനുയോജ്യമായത് ചെയ്യുന്നതായും കേന്ദ്രമന്ത്രി ആരോപിച്ചു.

അതേസമയം, താക്കൂറിൻ്റെ പരാമർശം അതിരുകടന്നതാണെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. താക്കൂറിനെതിരെ പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയിട്ടുണ്ടെന്നും അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇല്ലെങ്കിൽ കുറ്റക്കാരുടെ പേരെടുത്ത് പറഞ്ഞ് നാണം കെടുത്തുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെയും പാതയാണ് താക്കൂറും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച രാജസ്ഥാനിലെ ബൻസ്‌വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ വിദ്വേഷ പരാമർശം. കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നായിരുന്നു മോദിയുടെ പ്രസ്താവന. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്‌ലിംകളാണെന്നാണ് മൻമോഹൻ സിങ് മുൻപ് വ്യക്തമാക്കിയിട്ടുള്ളതെന്നു ആരോപിച്ചായിരുന്നു ഇത്തരമൊരു പരാമർശം.

'രാജ്യത്തെ ശമ്പളക്കാരുടേതടക്കം സ്വത്തിന്‍റെ കണക്കെടുക്കുകയാണ് കോൺഗ്രസ്. അത് വീതിച്ചു നൽകുമെന്നാണ് കോൺഗ്രസ് പറയുന്നത്. ആർക്കായിരിക്കും അതു നൽകുക? രാജ്യത്തെ വികസനത്തിന്‍റെ ആദ്യ നേട്ടം ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‌ലിംകൾക്ക് ലഭിക്കണമെന്നാണ് പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് പറഞ്ഞത്. അതുപ്രകാരം സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും വീതിച്ചു നൽകും. നമ്മുടെ അമ്മമാരുടെയും നല്‍കുമെന്നും മോദി പറഞ്ഞു. അമ്മമാർക്കും സഹോദരിമാർക്കും സ്ത്രീധനമായി ലഭിച്ച സ്വർണവും താലിയും വരെ നഷ്ടമാകും'- മോദി പറഞ്ഞു.

മോദിയെ പിന്തുണച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രം​ഗത്തെത്തിയിരുന്നു. വികസന നേട്ടത്തിന്‍റെ ആദ്യ ഗുണഭോക്താക്കൾ ന്യൂനപക്ഷങ്ങളായിരിക്കണം എന്നു പറഞ്ഞത് കോൺഗ്രസാണെന്നു പറഞ്ഞ അമിത് ഷാ, എന്തിനാണ് സ്വത്തിന്‍റെ കണക്കെടുക്കുന്നതെന്നും ചോദിച്ചു. മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺ​ഗ്രസ്, സിപിഎം എന്നീ പാർട്ടികളുടെയടക്കം 20,000ലേറെ പരാതികൾ ലഭിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതിനെതിരെയും പ്രതിഷേധം ശക്തമാണ്.

മുസ്‌ലിംകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിവാദ പ്രസം​ഗത്തിനെതിരായ പ്രതിഷേധം വ്യാപകമായിരിക്കെ വിദ്വേഷ പരാമർശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും രം​ഗത്തെത്തി. കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പാക്കുമെന്നും ഇൻഡ്യ മുന്നണിയെന്ന പേരിൽ വന്നിരിക്കുന്നവർ രാജ്യത്തെ വഞ്ചിച്ചവരാണെന്നും യോ​ഗി ആരോപിച്ചു.




TAGS :

Next Story