‘പണത്തിനേക്കാൾ വോട്ടിന് ശക്തി നൽകും’; ഇലക്ടറൽ ബോണ്ട് അസാധുവാക്കിയ വിധി സ്വാഗതം ചെയ്ത് കോൺഗ്രസ്
‘നരേന്ദ്ര മോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവാണ് സുപ്രീം കോടതി വിധി’
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് പദ്ധതി അസാധുവാക്കിയ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് കോൺഗ്രസ്. പണത്തിനേക്കാൾ വോട്ടിന് ശക്തി നൽകുന്നതാണ് വിധിയെന്ന് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
മോദി സർക്കാറിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇലക്ടറൽ ബോണ്ട് പദ്ധതി പാർലമെന്റും ഇന്ത്യൻ ഭരണഘടനയും പാസാക്കിയ രണ്ട് നിയമങ്ങളുടെയും ലംഘനമാണെന്നാണ് സുപ്രീം കോടതി വിലയിരുത്തിയത്. ഏറെനാളായി കാത്തിരുന്ന ഈ വിധി സ്വാഗതാർഹമാണ്.
വിവിപാറ്റ് വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളെ കാണാൻ പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ നിരന്തരം വിസമ്മതിക്കുന്ന കാര്യവും സുപ്രീം കോടതി ശ്രദ്ധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വോട്ടിങ് പ്രക്രിയയിൽ എല്ലാം സുതാര്യമാണെങ്കിൽ പിന്നെ എന്തിനാണ് ഈ പിടിവാശിയെന്നും അദ്ദേഹം ചോദിച്ചു.
നരേന്ദ്ര മോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവാണ് സുപ്രീം കോടതി വിധിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കൈക്കൂലിയും കമ്മീഷനും വാങ്ങാനുള്ള ഉപാധിയായി ബി.ജെ.പി ഇലക്ടറൽ ബോണ്ടുകളെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ചാണ് സുപ്രീം കോടതി റദ്ദാക്കിയത്. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവന അറിയാനുള്ളത് വോട്ടർമാരുടെ അവകാശമാണ്. ഉറവിടം വ്യക്തമാക്കാത്ത ഇലക്ടറൽ ബോണ്ടുകൾ വിവരാവകാശ ലംഘനമാണ്. കള്ളപ്പണം ഇല്ലാതാക്കാനുള്ള വഴി ഇലക്ടറൽ ബോണ്ടുകൾ മാത്രമല്ല. വിവരങ്ങൾ മറച്ചുവെക്കുന്നത് വിവരാവകാശ നിയമത്തിനു എതിരാണെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.
Adjust Story Font
16