പഞ്ചാബിൽ സിദ്ദുവോ ഛന്നിയോ? മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് രാഹുൽ
മുഖ്യമന്ത്രിയായി നേതൃത്വം ഏതു പേര് പ്രഖ്യാപിച്ചാലും അത് പൂർണമായി അംഗീകരിക്കുമെന്ന് ചരൺജീത്ത് സിങ് ഛന്നിയും നവജ്യോത് സിങ് സിദ്ദുവും രാഹുലിനെ സാക്ഷിയാക്കി വ്യക്തമാക്കിയിട്ടുണ്ട്
പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലിയുള്ള തർക്കങ്ങൾ അനുരഞ്ജനമാകുന്നതായി സൂചന. മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിലവിലെ മുഖ്യമന്ത്രി ചരൺജീത്ത് സിങ് ഛന്നിയും നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള തർക്കം സംസ്ഥാനത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം.
രണ്ടുപേർ നയിക്കുക എന്നതില്ല. ഒരാൾ മാത്രമേ നായകനായി ഉണ്ടാകൂവെന്ന് രാഹുൽ ജലന്ധറിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന നിങ്ങളുടെ ആവശ്യം ഉടൻ തന്നെ യാഥാർത്ഥ്യമാക്കും. സാധാരണ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാറില്ല. എന്നാൽ, പാർട്ടി പ്രവർത്തകർക്ക് അത്തരമൊരു ആഗ്രഹമുണ്ടെങ്കിൽ ഒരാളെ തെരഞ്ഞെടുക്കും. അത് പ്രവർത്തകരുമായി ആലോചിച്ചു തന്നെയായിരിക്കും. അവരാണ് അക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗികമായി നാന്ദികുറിക്കാനായി സംസ്ഥാനത്തെത്തിയതാണ് രാഹുൽ. സിദ്ദുവിനെയും ഛന്നിയെയും വേദിയിലിരുത്തിയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. പാർട്ടി തീരുമാനം എന്താണെങ്കിലും അംഗീകരിക്കുമെന്ന് രാഹുലിന് ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് സിദ്ദു ചടങ്ങിൽ വ്യക്തമാക്കിയത്. അച്ചടക്കമുള്ള സൈനികനെപ്പോലെ താങ്കളുടെ തീരുമാനം അംഗീകരിക്കുമെന്ന് താൻ ഉറപ്പുനൽകുകയാണെന്ന് സിദ്ദു രാഹുലിനെ നോക്കി പറഞ്ഞു.
താൻ ഒരു പദവിയും തേടിനടക്കുന്നില്ലെന്ന് ഛന്നിയും ഇതേ വേദിയിൽ തന്നെ അറിയിച്ചു. നിങ്ങൾ മുഖ്യമന്ത്രിയായി ഏതുപേര് പ്രഖ്യാപിച്ചാലും അയാൾക്കുവേണ്ടി ആദ്യം പ്രചാരണത്തിനിറങ്ങുക താനായിരിക്കുമെന്നും ഛന്നി പറഞ്ഞു. കെജ്രിവാളിനെപ്പോലുള്ള പുറത്തുനിന്നുള്ള ഒരാളും കോൺഗ്രസിനുള്ളിൽ പരസ്പര പോരുണ്ടെന്ന് പറയാൻ പറ്റില്ലെന്ന് സിദ്ദുവിനെ പ്രത്യേകം പേരെടുത്തു പറഞ്ഞ് അദ്ദേഹം വ്യക്തമാക്കി.
Summary: Rahul Gandhi said the Congress will soon announce a Chief Minister candidate in Punjab and the decision will be taken by workers
Adjust Story Font
16