Quantcast

ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് നിലനിൽക്കാനാവില്ലെന്ന് ഡി.കെ ശിവകുമാര്‍

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നേതൃത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Updated:

    2022-03-12 02:39:06.0

Published:

12 March 2022 2:27 AM GMT

ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് നിലനിൽക്കാനാവില്ലെന്ന് ഡി.കെ ശിവകുമാര്‍
X

ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിനെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ കഴിയില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. പാര്‍ട്ടിയുടെ തലപ്പത്ത് ഗാന്ധി കുടുംബം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നേതൃത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് ഒറ്റക്കെട്ടായി നിൽക്കാനാവില്ല. കോൺഗ്രസ് പാർട്ടിയുടെ ഐക്യത്തിന് അവർ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് നിലനിൽക്കാനാവില്ല'' ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കുകള്‍ നോക്കുമ്പോള്‍ എങ്ങനെ ഈ പാര്‍ട്ടിയെ ഒന്നിച്ചു നിര്‍ത്താനാകുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അധികാര മോഹമുള്ളവര്‍ക്കും വ്യക്തി താല്‍പര്യം ആഗ്രഹിക്കുന്നവര്‍ക്കും പാര്‍ട്ടിയില്‍നിന്ന് പോകാമെന്ന് ശിവകുമാര്‍ പറഞ്ഞു. ബാക്കിയുള്ളവര്‍ അധികാരത്തില്‍ താല്‍പര്യമുള്ളവരല്ല. ഞങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടും പ്രത്യയശാസ്ത്രത്തോടും വിശ്വാസ്യത പുലര്‍ത്തുന്നവരാണ്. എല്ലായ്‌പ്പോഴും ഞങ്ങള്‍ ഗാന്ധി കുടുംബത്തോടൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''പ്രിയങ്ക ഗാന്ധി വളരെയധികം കഠിനാധ്വാനം ചെയ്തിരുന്നു. എന്നാല്‍ അതിനുള്ള ഫലം ലഭിച്ചില്ല. ഈ രാജ്യത്തെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഈ രാജ്യത്തെ ജനങ്ങൾ മനസ്സിലാക്കുന്നില്ല. അവരോട് അത് വിശദീകരിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചെങ്കിലും പരാജയപ്പെട്ടു'' ശിവകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ സംഘടാന നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്ന് ശശി തരൂര്‍ എം.പി വ്യാഴാഴ്ച പറഞ്ഞിരുന്നു. ''ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നു.കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്. ഒരു കാര്യം വ്യക്തമാണ് -- നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്'' എന്നായിരുന്നു തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

TAGS :

Next Story