Quantcast

'ന്യൂനപക്ഷ വിഷയങ്ങളിലെ ഇടപെടൽ ഏതാനും ട്വീറ്റുകളിൽ ഒതുങ്ങരുത്'; രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പ്രവർത്തകയുടെ തുറന്ന കത്ത്

സംഭൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോൺ​ഗ്രസ് പ്രവർത്തകയായ രാധിക ബർമൻ ആണ് എക്സിൽ കത്ത് പങ്കുവെച്ചത്.

MediaOne Logo

Web Desk

  • Updated:

    2024-11-28 05:59:25.0

Published:

28 Nov 2024 5:51 AM GMT

This is fight between Constitution and Manusmriti, will conduct caste census and remove 50 per cent reservation cap: Rahul Gandhi
X

ന്യൂഡൽഹി: രാജ്യത്ത് സംഘ്പരിവാർ നടത്തുന്ന മുസ്‌ലിം വിരുദ്ധ നീക്കങ്ങളിൽ ശക്തമായ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവായ രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് പ്രവർത്തകയുടെ കത്ത്. ഇത്തരം വിഷയങ്ങളിൽ നേതൃത്വത്തിന്റെ ഇടപെടൽ ഏതാനും ട്വീറ്റുകളിൽ ഒതുങ്ങുകയാണ്. പലപ്പോഴും ഇതിന് സ്ഥിരതയില്ല. എല്ലാ കാര്യത്തിലും പ്രതികരിക്കാനാവില്ലെന്നറിയാം, എങ്കിലും ചില വിഷയങ്ങളിൽ ശക്തമായ ഇടപെടൽ അനിവാര്യമാണെന്നും കോൺഗ്രസ് പ്രവർത്തകയായ രാധിക ബർമൻ എക്‌സിൽ പങ്കുവെച്ച കത്തിൽ പറയുന്നു.

കത്തിന്റെ പൂർണരൂപം:

പ്രിയപ്പെട്ട രാഹുൽ ജീ...

എനിക്ക് താങ്കളുമായി ബന്ധപ്പെടാൻ മറ്റു വഴികളില്ലാത്തതുകൊണ്ടാണ് ഈ ട്വീറ്റുമായി വരുന്നത്. ഒരു പാർട്ടി പ്രവർത്തക, ഒരു ഭരണഘടനാവാദി, ഒരു ഇന്ത്യൻ പൗര, ഒരു മനുഷ്യൻ, ഒരു ഹിന്ദു എന്ന നിലയിലാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. ഇത് നിങ്ങൾക്ക് മാത്രമല്ല ഇൻഡ്യാ സഖ്യത്തെ പിന്തുണക്കുന്ന മതേതരത്വത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കമുള്ള സന്ദേശമാണ്.

ന്യൂനപക്ഷ വിഷയങ്ങളിൽ ഇടപെടുന്നതിൽ കോൺഗ്രസിന് ചില ആശങ്കകളുണ്ടെന്ന് എനിക്ക് തോന്നുന്നു. ഇടപെടലുകൾ ഏതാനും ട്വീറ്റുകളിൽ ഒതുങ്ങുകയാണ്, ചിലപ്പോൾ അതിന് പോലും സ്ഥിരതയില്ല. എല്ലാ വിഷയങ്ങളിലും താങ്കൾ പ്രതികരിക്കണമെന്ന് ആഗ്രഹിക്കുന്നത് യുക്തിരഹിതമാണെന്ന് എനിക്കറിയാം. എന്നാൽ പ്രതിപക്ഷനേതാവെന്ന നിലയിൽ ചില സന്ദർഭങ്ങൾ താങ്കളുടെ നിർണായക ഇടപെടൽ ആവശ്യപ്പെടുന്നുണ്ട്.

അഞ്ച് മുസ്‌ലിംകൾ കൊല്ലപ്പെട്ട സംഭലിലെ കൂട്ടക്കൊല അത്തരത്തിലുള്ള ഒന്നാണ്. ഇത് കേവലം ഒരു സംഘർഷമല്ല, അതൊരു കൂട്ടക്കൊലയാണ്. ബദൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു നേതാവെന്ന നിലയിൽ താങ്കളുടെ ധീരമായ ഇടപെടൽ സംഭലിൽ ഉണ്ടാവേണ്ടതുണ്ട്.

ഇനി പറയുന്ന കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു

  • സംഭൽ സന്ദർശിച്ച് ദുഃഖിതരായ അമ്മമാരെ അനുശോചനം അറിയിക്കണം.
  • ഇരകളുടെ കുടുംബങ്ങൾക്ക് നീതി കിട്ടാനും കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാനുള്ള സമ്മർദത്തെ മറികടക്കാനും അവർക്ക് നിയമസഹായം നൽകണം.
  • ഇരകൾക്ക് കേന്ദ്രസർക്കാരിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടണം.
  • കേസിന്റെ പുരോഗതി പരിശോധിക്കാനും അത് പൊതുസമൂഹത്തെ അറിയിക്കാനും ഹിന്ദുക്കളും മുസ്‌ലിംകളും ഉൾപ്പെടുന്ന പത്തംഗ വസ്തുതാന്വേഷണസംഘം രൂപീകരിക്കണം.
  • പ്രദേശത്തെ മുസ്‌ലിംകളെ നേരിട്ട് കണ്ട് അവരുടെ കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും അവർ നേരിടുന്ന പ്രശ്‌നങ്ങൾ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഉന്നയിക്കുകയും വേണം.

ഇത് മുസ്‌ലിം സമുദായത്തിന്റെ മാത്രം ആവശ്യമല്ല, എന്നെപ്പോലുള്ള മതേതര ഹിന്ദുക്കളുടെ കൂടി ആവശ്യമാണ്. എല്ലാ സമുദായത്തിന്റെയും പ്രശ്‌നങ്ങൾ ആശങ്കകളില്ലാതെയും ധീരതയോടെയും ഏറ്റെടുക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇൻഡ്യാ സഖ്യത്തിന് വോട്ട് ചെയ്തത്. ട്രോളിങ്, കുറ്റബോധം, നിശബ്ദത എന്നിവയെ ഭയപ്പെടാതെ പാർട്ടിക്കുള്ളിലെ വിയോജിപ്പുകൾ പോലും പ്രകടിപ്പിക്കാൻ കഴിയുന്ന സുരക്ഷിത ഇടമായിരിക്കണം ഇത്.

ഒരു ഗാന്ധിയൻ എന്ന നിലയിൽ, നിങ്ങൾ ഹിന്ദുത്വയുടെ വിഭജന രാഷ്ട്രീയത്തിന്റെ എതിർദിശയെയാണ് പ്രതിനിധീകരിക്കുന്നത്. കോൺഗ്രസ് പാർട്ടിയെ രാഷ്ട്രീയ കൃത്യതയോടെ മാത്രമല്ല, സ്‌നേഹത്തോടെയും സഹാനുഭൂതിയോടെയും നയിക്കണം. നയതന്ത്രം ആർക്കും ചെയ്യാവുന്നതാണ്, എന്നാൽ യഥാർഥ നേതൃത്വത്തിന് വൈകാരിക ധൈര്യം ആവശ്യമാണ്. ഇത് അതിജീവനത്തിനായുള്ള പോരാട്ടമാണ്, അതിന് കേവലമായ തന്ത്രമല്ല, അനുകമ്പയാൽ നയിക്കപ്പെടുന്ന ആഖ്യാനം ആവശ്യമാണ്.

ഈ നടപടികൾ സ്വീകരിക്കുന്നത് താങ്കളെ താൽക്കാലികമായി ജനപ്രീതിയില്ലാത്തവനാക്കിയേക്കാം. എന്നാൽ, മതേതരത്വം ഒരേസമയം ധൈര്യവും അപകടസാധ്യതകളും ആവശ്യപ്പെടുന്നു. മോദി വിരുദ്ധനാകുന്നത് ഒരു നേട്ടമല്ല, നിലവിലെ അവസ്ഥയെ വെല്ലുവിളിക്കുന്ന ധീരവും ക്രിയാത്മകവുമായ നടപടികൾ കൈക്കൊള്ളുന്നതാണ് യഥാർഥ നേതൃത്വത്തെ നിർവചിക്കുന്നത്. ഈ പ്രവർത്തനങ്ങൾ അറസ്റ്റുകൾ ഉൾപ്പെടെയുള്ള തിരിച്ചടിയിലേക്ക് നയിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ ധാർമിക അധികാരത്തെയും നീതിയോടുള്ള പാർട്ടിയുടെ പ്രതിബദ്ധതയെയും ഇരട്ടിയാക്കും.

ഈ സന്ദർഭത്തിൽ ഹിന്ദുമതവും ഹിന്ദുത്വയും വേർതിരിക്കാതെ പാർലമെന്റിൽ ഈ വിഷയങ്ങൾ അഭിസംബോധന ചെയ്യാനും ഞങ്ങൾ നിങ്ങളോട് അഭ്യർഥിക്കുന്നു. പലരും വ്യത്യാസം മനസ്സിലാക്കുന്നുണ്ടെങ്കിലും, അത്തരമൊരു ദുരന്തത്തിന് ശേഷം ഈ വ്യത്യാസം ഉപയോഗിക്കുന്നത് നിർവികാരവും തന്ത്രപരവുമല്ല. ഭരണഘടനാ മൂല്യങ്ങളിലും മാനവികതയിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ന്യൂനപക്ഷത്തിന് പകരം മുസ്‌ലിം എന്ന വാക്ക് ഉപയോഗിച്ച് അത് ചെയ്യുക. ജൈനന്മാരും ഒരു ന്യൂനപക്ഷ സമുദായമാണ്, എന്നാൽ അവർ മുസ്‌ലിംകൾ നേരിടുന്ന അതേ അടിച്ചമർത്തൽ നേരിടുന്നുണ്ടോ? അതിനാൽ പ്രത്യേക എടുത്ത് പറയുന്നത് പ്രധാനമാണ്.

രാഹുൽ ജി, ഒരു മതേതര ഹിന്ദു എന്ന നിലയിൽ, ഇന്ന് ഇന്ത്യയിൽ ഒരു ഹിന്ദുവിന് കഴിയുന്നത്ര സ്വതന്ത്രമായി സംസാരിക്കാൻ കഴിയാത്ത മുസ്‌ലിംകൾക്ക് വേണ്ടി ഈ ആശങ്കകൾ ഉന്നയിക്കാൻ ഞാൻ എന്റെ അവകാശം ഉപയോഗിക്കുന്നു. ഒരു ശരാശരി മുസ്‌ലിം പുരുഷനെക്കാൾ ശക്തി ഹിന്ദു സ്ത്രീക്ക് ഉണ്ട്. പാർട്ടിക്കുള്ളിൽ പലരും ഈ ചിന്തകൾ പങ്കിടുന്നുണ്ടെങ്കിലും അവ പ്രകടിപ്പിക്കാനുള്ള വേദിയില്ല. നിങ്ങൾ ഈ കൂട്ടായ ശബ്ദം കേട്ട് നിർണായകമായി പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് സംഭലിനോടുള്ള നീതി മാത്രമല്ല. നമ്മുടെ പാർട്ടി നിലകൊള്ളുന്ന ഇന്ത്യ എന്ന ആശയം വീണ്ടും ഉറപ്പിക്കലാണ്. ഒരു സഹോദരി സഹോദരനോട് നടത്തുന്ന ഹൃദയംഗമമായ അഭ്യർഥനയായി ഇത് പരിഗണിക്കുക... നിങ്ങളുടെ സമയവും ശ്രദ്ധയും ഇതിനായി ഉപയോഗിച്ചതിന് നന്ദി.

TAGS :

Next Story