ആഗ്രഹമുണ്ട്, എന്നാലും കോൺഗ്രസ് ജയിക്കുമെന്ന് തോന്നുന്നില്ല: ഗുലാം നബി ആസാദ്
ജമ്മു കശ്മീരിലെ പൂഞ്ചിൽ പാർട്ടി കൺവഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കണം എന്നാണ് ആഗ്രഹമെന്നും എന്നാൽ അതിനുള്ള സാധ്യത കാണുന്നില്ലെന്നും മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. മുന്നൂറ് സീറ്റുകളിൽ ജയിക്കാനുള്ള ശേഷി പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ പൂഞ്ചിൽ പാർട്ടി കൺവഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വർഷങ്ങളോളം കശ്മീരിന്റെ പ്രത്യേകാധികാരമായ വകുപ്പ് 370നെ കുറിച്ച് പാർലമെന്റിൽ സംസാരിച്ചിട്ടുണ്ട്. ആരും അങ്ങനെ ചെയ്തിട്ടില്ല. വിഷയത്തിൽ ജനങ്ങളെ തൃപ്തിപ്പെടുത്താനായി ഞാനൊന്നും പറയാറില്ല. ഇപ്പോൾ കേസ് സുപ്രിം കോടതിയിലാണ് ഉള്ളത്. എന്ന് വിധി വരുമെന്ന് ഒരു നിശ്ചയവുമില്ല. സുപ്രിം കോടതിക്കും സർക്കാറിനും മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാകൂ. വകുപ്പ് റദ്ദാക്കിയ കേന്ദ്രസർക്കാർ ഇനിയെന്തു ചെയ്യാനാണ്' - അദ്ദേഹം പറഞ്ഞു.
#WATCH | Addressing a rally in J&K's Poonch, former CM & senior Congress leader Ghulam Nabi Azad on Wednesday said he does not see the party winning 300 seats in the next general elections. pic.twitter.com/fsoRuCtnpH
— ANI (@ANI) December 2, 2021
കോൺഗ്രസിന്റെ പ്രകടനത്തെ കുറിച്ച് ആസാദ് പറഞ്ഞതിങ്ങനെ; '2024ലെ തെരഞ്ഞെടുപ്പിൽ മുന്നൂറു സീറ്റു നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് എനിക്കൊരിക്കലും ഉറപ്പു പറയാനാകില്ല. കോൺഗ്രസ് ഇത്രയും സീറ്റിൽ ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ അതു സംഭവിക്കുമെന്ന് തോന്നുന്നില്ല.' - ആസാദ് പറഞ്ഞു.
നേതൃത്വത്തെ ചൊല്ലി കുറച്ചുകാലമായി കോൺഗ്രസ് നേതൃത്വത്തോട് കലഹിക്കുന്ന നേതാവാണ് ഗുലാം നബി ആസാദ്. പാർട്ടിക്ക് മുഴുസമയ അധ്യക്ഷൻ വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച ജി 23 നേതാക്കളിൽ അംഗമാണ് ഇദ്ദേഹം.
Adjust Story Font
16