സോണിയാ ഗാന്ധിയെക്കുറിച്ചുള്ള പരാമർശം; അമിത് ഷാക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കോൺഗ്രസ്
എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ് നോട്ടീസ് നൽകിയത്.

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി കോൺഗ്രസ്. സോണിയാ ഗാന്ധിക്കെതിരെ വസ്തുതാവിരുദ്ധമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ് നോട്ടീസ് നൽകിയത്.
ദുരന്തനിവാരണ ബില്ലിൽ നടന്ന ചർച്ചക്ക് മറുപടി പറയുമ്പോഴായിരുന്നു സോണിയ ഗാന്ധിയുടെ പേര് പറയാതെ അമിത് ഷായുടെ വിമർശനം. സോണിയാ ഗാന്ധിയുടെ പ്രശസ്തിക്ക് കളങ്കം വരുത്തുകയെന്ന ഉദ്ദേശ്യത്തോടെ വസ്തുതാവിരുദ്ധമായ പരാമർശം നടത്തിയെന്നാണ് ജയറാം രമേശിന്റെ നോട്ടീസിൽ പറയുന്നത്.
സോണിയ ഗാന്ധിയുടെ പേര് ആഭ്യന്തരമന്ത്രി പരാമർശിച്ചില്ലെങ്കിലും, അദ്ദേഹം അവരെ വ്യക്തമായി പരാമർശിക്കുകയും അവരുടെ പേരിൽ ആരോപണമുന്നയിക്കുകയും ചെയ്തു. സോണിയാ ഗാന്ധിയുടെ പ്രശസ്തിയെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ആഭ്യന്തരമന്ത്രി അവർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചത്. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന തികച്ചും വ്യാജവും അപകീർത്തികരവുമാണെന്ന് ജയറാം രമേശ് പറഞ്ഞു.
കോൺഗ്രസ് ഭരിക്കുമ്പോൾ ഒരു കുടുംബമാണ് രാജ്യത്തിന്റെ ഭരണം നിയന്ത്രിച്ചിരുന്നത് എന്നായിരുന്നു അമിത് ഷായുടെ ആരോപണം. ഒരു കോൺഗ്രസ് നേതാവ് പിഎം റിലീഫ് ഫണ്ടിന്റെ ഭാഗമായിരുന്നു. ഇതിന് രാജ്യത്തെ ജനങ്ങളോട് എന്ത് മറുപടി പറയാനുണ്ട്? ഇതൊന്നും ആരും അറിയുന്നില്ല എന്നാണോ നിങ്ങൾ കരുതുന്നതെന്നും അമിത് ഷാ ചോദിച്ചിരുന്നു.
Adjust Story Font
16