‘മുർഷിദാബാദ് സംഘർഷത്തിന് പിന്നിൽ ബിഎസ്എഫിന്റെയും കേന്ദ്ര ഏജൻസികളുടെയും ഗൂഢാലോചന’; ആരോപണവുമായി തൃണമൂൽ കോൺഗ്രസ്
‘സർക്കാർ രൂപീകരിക്കാൻ വേണ്ടി രാജ്യത്തിന്റെ സുരക്ഷയെ അസ്ഥിരപ്പെടുത്തരുത്’

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നടന്ന വർഗീയ സംഘർഷത്തിന് പിന്നിൽ കേന്ദ്ര ഏജൻസികളിലെ ചില വിഭാഗങ്ങളും അതിർത്തി സുരക്ഷാ സേനയും (ബിഎസ്എഫ്) രണ്ടോ മൂന്നോ രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് ആരോപിച്ചു. ചില അക്രമികൾ ജില്ലയിൽ പ്രവേശിച്ച് കുഴപ്പങ്ങൾ സൃഷ്ടിച്ചുവെന്നും അവർക്ക് തിരികെ പോകാൻ സുരക്ഷിതമായ വഴി നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘മുർഷിദാബാദ് അക്രമത്തിന് പിന്നിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഞങ്ങൾക്ക് ചില വിവരങ്ങൾ ലഭിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളിലെ ചില വിഭാഗങ്ങൾ, ബിഎസ്എഫിലെ ഒരു വിഭാഗം, രണ്ടോ മൂന്നോ രാഷ്ട്രീയ പാർട്ടികളിലെ ഒരു വിഭാഗം എന്നിവർ ഈ ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ട്. ബിഎസ്എഫിന്റെ ഒരു വിഭാഗത്തിന്റെ സഹായത്തോടെ അതിർത്തിയിൽ വിടവ് സൃഷ്ടിക്കുകയും ചില അക്രമികൾ അകത്തുകടക്കുകയും ചെയ്തു. അവരാണ് കുഴപ്പങ്ങൾ സൃഷ്ടിച്ചത്. അവർക്ക് തിരികെ പോകാൻ സുരക്ഷിതമായ വഴിയും നൽകി. ഇത് സത്യമാണെങ്കിലും അല്ലെങ്കിലും ശരിയായ അന്വേഷണം ആവശ്യമാണ്’ -അദ്ദേഹം പറഞ്ഞു.
‘പ്രദേശവാസികൾക്ക് പരിചിതമായ മുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആരാണ് സൂത്രധാരന്മാർ? ചിലർക്കെതിരെ പൊലീസ് ചില നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ, പ്രധാന സൂത്രധാരന്മാർ എവിടെ നിന്നാണ് വന്നത്, അവർ എവിടേക്കാണ് പോയത്? പശ്ചിമ ബംഗാളിനെ മോശമായി ചിത്രീകരിക്കാനും ആ പ്രദേശങ്ങളിൽ ചില പ്രശ്നങ്ങൾ സൃഷ്ടിക്കാനും ബിഎസ്എഫിന്റെ സഹായത്തോടെ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന ആരോപണമുണ്ട്. അങ്ങനെ ബിജെപിക്കും പ്രതിപക്ഷത്തിനും ഈ സംഘർഷങ്ങൾ അവരുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും’ -അദ്ദേഹം ആരോപിച്ചു.
ബിജെപിയും മറ്റു പ്രതിപക്ഷ പാർട്ടികളും മുർഷിദാബാദ് അക്രമത്തിന്റേതെന്ന പേരിൽ പുറത്തുനിന്നുള്ള ചിത്രങ്ങൾ ഉപയോഗിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ചില ചിത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. മിക്ക ചിത്രങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്. ബംഗാളിലെ ജനങ്ങളെ പ്രകോപിപ്പിക്കാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും മമത ബാനർജിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരും പാർട്ടിയും ഗൂഢാലോചനയെ ചെറുക്കാനും അത് സാധാരണ നിലയിലാക്കാനും പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുർഷിദാബാദ് അക്രമത്തിൽ ചില ബിഎസ്എഫ് ജവാൻമാർക്ക് പങ്കുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് ഐടി സെൽ മേധാവി ദേബാങ്ഷു ഭട്ടാചാര്യയും ആരോപിച്ചു. ‘ചില ബിഎസ്എഫ് ജവാൻമാർ ചെരുപ്പ് ധരിച്ച് മാർച്ച് ചെയ്യുന്നുണ്ടെന്ന് ഞങ്ങളുടെ പ്രാദേശിക ഇന്റലിജൻസ് പറയുന്നു. അവർ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുഴക്കുന്നു. ബിഎസ്‌എഫ് ജവാൻമാർ ചെരിപ്പുകളുമായി മാർച്ച് ചെയ്യുന്നുവോ? അങ്ങനെ സംഭവിക്കുമോ? കേന്ദ്ര സർക്കാർ ഇത് ഗൗരവമായി കാണേണ്ടതുണ്ട്. സർക്കാർ രൂപീകരിക്കാൻ വേണ്ടി നിങ്ങൾ രാജ്യത്തിന്റെ സുരക്ഷയെ അസ്ഥിരപ്പെടുത്തരുത്. ഇഡിയെയും സിബിഐയെയും പോലെ ബിജെപി എൻഐഎയെയും രാഷ്ട്രീയവൽക്കരിക്കുകയാണെന്നും ഭട്ടാചാര്യ ആരോപിച്ചു.
Adjust Story Font
16