'മത്സരം കോൺഗ്രസിന് വേണ്ടി'; എകെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി ഖാർഗെ
നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് ഖാർഗെ എകെ ആന്റണിയെ കാണാൻ എത്തിയത്
ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെ. അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് ഖാർഗെ എകെ ആന്റണിയെ കാണാൻ എത്തിയത്.
നടന്നത് സൗഹൃദ സന്ദർശനം മാത്രമെന്ന് ഖാർഗെ പ്രതികരിച്ചു. അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം വ്യക്തിപരമല്ലെന്നും കോൺഗ്രസിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നാമനിർദേശ പത്രിക നൽകിയതിന് ശേഷം കേരള ഹൗസിൽ വെച്ചായിരുന്നു എകെ ആന്റണിയുമായുള്ള കൂടിക്കാഴ്ച. മാധ്യമങ്ങളുടെ മറ്റ് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഖാർഗെ തയ്യാറായില്ല.
അതേസമയം, കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്‌ത്രിയുടെ നേതൃത്വത്തിൽ എഐസിസി ആസ്ഥാനത്ത് ഇപ്പോൾ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുകയാണ്. ഖാർഗെ പതിനാലും തരൂർ അഞ്ചും പത്രികകളാണ് ഇന്നലെ സമർപ്പിച്ചത്. ഇതിനിടെയാണ് ഖാർഗെ കേരള ഹൗസിൽ എത്തിയത്. പിന്തുണയടക്കമുള്ള കാര്യങ്ങൾ ഉറപ്പിക്കാനാണ് ഖാർഗെ എത്തിയതെന്നാണ് സൂചന. ഇത് സംബന്ധിച്ച് എകെ ആന്റണിയും പ്രതികരിച്ചിട്ടില്ല.
Adjust Story Font
16