20 ലക്ഷത്തിന്റെ ക്വട്ടേഷൻ തുക നല്‍കിയില്ല; പൊലീസിന്റെ 'സഹായം തേടി' കൊലക്കേസ് പ്രതി
കഴിഞ്ഞ വർഷമാണ് യുപിയിലെ മീറത്തിൽ യുവ അഭിഭാഷകയായ അഞ്ജലി ഗാർഗ് വെടിയേറ്റു മരിച്ചത്
ലഖ്‌നൗ: ഒരു വർഷം പഴക്കമുള്ള യുവ അഭിഭാഷകയുടെ കൊലക്കേസ്. കൊലയ്ക്കു പിന്നാലെ പിടിയിലായത് വിവാഹമോചിതനായ ഭർത്താവും കുടുംബവും. ദിവസങ്ങള്‍ക്കുശേഷം കൃത്യം നിർവഹിച്ച പ്രതികൾ അറസ്റ്റിലാകുന്നു. ഇവർ ആരോപണമുന മറ്റു രണ്ടുപേരിലേക്കു വഴിതിരിച്ചുവിട്ടതോടെ മുൻ ഭർത്താവും കുടുംബവും ജയിൽമോചിതരാകുന്നു. എന്നാൽ, ഒരു വർഷം കഴിഞ്ഞ് പ്രതികൾ പുറത്തിറങ്ങിയതോടെയാണ് കേസിൽ ട്വിസ്റ്റ് സംഭവിക്കുന്നത്. ക്വട്ടേഷൻ കൊലയ്ക്കു പിന്നിലെ യഥാർഥ 'വില്ലന്മാർ' യുവതിയുടെ മുൻ ഭർത്താവും കുടുംബവും തന്നെയാണെന്ന് പ്രതി പൊലീസിനോട് സമ്മതിക്കുന്നു. ക്വട്ടേഷനിൽ വാഗ്ദാനം ചെയ്ത 20 ലക്ഷം പൂർണമായി നൽകാതിരുന്നതാണത്രെ ഇയാളെ വെളിപ്പെടുത്തലിലേക്കു നയിച്ചത്.
അഭിഭാഷകയായ അഞ്ജലി ഗാർഗിന്റെ കൊലക്കേസിലാണ് ഒരു വർഷത്തിനുശേഷം പൊലീസ് വീണ്ടും പുനരന്വേഷണത്തിലേക്കു നീങ്ങുന്നത്. ഉത്തർപ്രദേശിലെ മീറത്തിനടുത്ത് ഉമേഷ് വിഹാർ കോളനി സ്വദേശിയാണ് അഞ്ജലി. 2023 ജൂൺ ഏഴിനാണ് രണ്ടംഗ സംഘം ഇവരെ വെടിവച്ചു കൊല്ലുന്നത്. പാൽ വാങ്ങി വീട്ടിലേക്കു മടങ്ങുംവഴിയായിരുന്നു സംഭവം.
സംഭവത്തിനു പിന്നാലെ യുവതിയുമായി പിരിഞ്ഞു കഴിയുന്ന ഭർത്താവ് നിതിൻ ഗുപ്തയെയും ഭർതൃ മാതാപിതാക്കളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ജലിയും ഭർതൃവീട്ടുകാരും തമ്മിൽ ഒരു സ്വത്തുതർക്കം നിലനിൽക്കുന്നുണ്ട്. ഇതാകും കൊലയിലേക്കു നയിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. നിതിന്റെ പേരിലുള്ള വീട് യശ്പാൽ, സുരേഷ് ഭാട്ടിയ എന്നിങ്ങനെ രണ്ടുപേർക്ക് വിറ്റിരുന്നെങ്കിലും വീടൊഴിയാൻ അഞ്ജലി കൂട്ടാക്കിയിരുന്നില്ല. ഇതിൽ ഇവർ തമ്മിൽ തർക്കം തുടരുന്നതിനിടെയായിരുന്നു കൊലപാതകം നടന്നത്.
എന്നാൽ, കൊലയ്ക്കു പിന്നിൽ വീട് വാങ്ങിയ യശ്പാലും ഭാട്ടിയയുമാണെന്ന തരത്തിൽ വാർത്തകൾ വന്നു. ഇവർ നീരജ് ശർമ എന്നയാളെ രണ്ടു ലക്ഷം നൽകി അഞ്ജലിയെ വകവരുത്താനുള്ള ക്വട്ടേഷൻ ഏൽപിച്ചെന്നായിരുന്നു റിപ്പോർട്ട്. പിന്നാലെ ഇവർ മൂന്നുപേരും കൃത്യത്തിൽ പങ്കാളികളായ മറ്റു രണ്ടുപേരും അറസ്റ്റിലായി. ഒരു വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസമാണു പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങുന്നത്.
ഇതിനു പിന്നാലെയായിരുന്നു നീരജ് ശർമ പുതിയ വെളിപ്പെടുത്തലുമായി പൊലീസിനെ സമീപിച്ചത്. അഭിഭാഷകയുടെ ഭർത്താവ് നിതിൻ ഗുപ്തയും കുടുംബവുമാണ് തന്നെ ക്വട്ടേഷൻ ഏൽപിച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. 20 ലക്ഷം രൂപയും അഞ്ച് കടകളുമായിരുന്നു ക്വട്ടേഷൻ തുകയായി വാഗ്ദാനം ചെയ്തിരുന്നത്. സംഭവദിവസം യുവതിയുടെ ലൊക്കേഷൻ ഉൾപ്പെടെ എല്ലാ വിവരങ്ങളും തത്സമയം കൈമാറിയതും മുൻ ഭർത്താവിന്റെ കുടുംബമായിരുന്നുവെന്നും പ്രതി പറഞ്ഞു.
കേസിൽ മുൻകൂറായി നൽകിയ ഒരു ലക്ഷം രൂപ മാത്രമാണു ലഭിച്ചത്. കൃത്യം നിർവഹിച്ചാൽ ബാക്കി തുക നൽകാമെന്നായിരുന്നു ഓഫർ. ജാമ്യത്തിലിറങ്ങിയ ശേഷം കുടുംബത്തെ സമീപിച്ചെങ്കിലും ഇവർ പണം നൽകാൻ കൂട്ടാക്കിയില്ല. ഇതോടെയാണു പ്രതി പൊലീസിനെ സമീപിച്ചത്. സിസിടിവി ദൃശ്യങ്ങളും കോൾ ഡീറ്റെയിൽ റെക്കോർഡും(സിഡിആർ) പരിശോധിച്ചാൽ തെളിവ് ലഭിക്കുമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
കേസന്വേഷണം അഡിഷനൽ എസ്പിക്ക് കൈമാറിയിരിക്കുകയാണെന്ന് മീറത്ത് സീനിയർ പൊലീസ് സൂപ്രണ്ട് വിപിൻ താഡ പറഞ്ഞു. കൊലക്കേസിൽ വിചാരണ നേരിടുന്നയാളായതുകൊണ്ടുതന്നെ പ്രതിയുടെ മൊഴി പൂർണമായും മുഖവിലയ്‌ക്കെടുക്കാനാകില്ല. കേസിൽ തെളിവുകൾ ശേഖരിച്ച ശേഷം മാത്രമേ തുടർനടപടികളിലേക്കു കടക്കൂവെന്നും പൊലീസ് വ്യക്തമാക്കി.
Summary: Contract killer seeks UP Police help over unpaid fees for murdering young lawyer in Meerut
Adjust Story Font
16