Quantcast

32,000 യുവതികളെ മതപരിവർത്തനം നടത്തിയെന്ന ആരോപണവുമായി 'കേരള സ്റ്റോറി' ടീസർ; വലിയ കളവെന്ന് രാഹുൽ ഈശ്വർ

ഏഴ് മാസങ്ങൾക്ക് മുമ്പാണ് സിനിമയുടെ അനൗൺസ്‌മെന്റ് ടീസർ പുറത്തിറങ്ങിയത്. ഇതിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ പഴയ വാർത്താസമ്മേളനമാണ് തങ്ങളുടെ പ്രമേയത്തിന് തെളിവായി അണിയറ പ്രവർത്തകർ കാണിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    5 Nov 2022 8:11 AM GMT

32,000 യുവതികളെ മതപരിവർത്തനം നടത്തിയെന്ന ആരോപണവുമായി കേരള സ്റ്റോറി ടീസർ;  വലിയ കളവെന്ന് രാഹുൽ ഈശ്വർ
X

കൊച്ചി: വിപുൽ അമൃത് ലാൽ ഷായുടെ കേരള സ്റ്റോറി സിനിമയുടെ ടീസറിനെതിരെ വിമർശനം. കേരളത്തെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ടീസറിൽ പറയുന്നതെന്ന് ആരോപിച്ച് രാഹുൽ ഈശ്വർ അടക്കമുള്ളവർ രംഗത്തെത്തി. കേരളത്തിൽനിന്ന് ബലം പ്രയോഗിച്ച് ഇസ്‌ലാമിലേക്ക് മതപരിവർത്തനം നടത്തി ഐ.എസിൽ ചേർത്ത പെൺകുട്ടികളുടെ കഥയാണ് പറയുന്നതെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

ഹിന്ദി സിനിമാ താരം അദാ ശർമ ആണ് ഹിജാബ് ധരിച്ച് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. തനിക്കൊരു നഴ്‌സായി മനുഷ്യർക്ക് സേവനം ചെയ്യാനായിരുന്നു ആഗ്രഹമെന്നും പക്ഷേ താൻ ഇപ്പോൾ ഒരു തീവ്രവാദിയാണെന്നും അഫ്ഗാനിസ്ഥാനിൽ തടവിലാണെന്നുമാണ് അവർ പറയുന്നത്. കേരളത്തിലെ 32,000 സ്്ത്രീകളുടെ ഹൃദയം തകർക്കുന്ന കഥയെന്ന ക്യാപ്ഷനോടെയാണ് അദാ ശർമ ടീസർ ട്വിറ്ററിൽ പങ്കുവെച്ചത്.

ഏഴ് മാസങ്ങൾക്ക് മുമ്പാണ് സിനിമയുടെ അനൗൺസ്‌മെന്റ് ടീസർ പുറത്തിറങ്ങിയത്. ഇതിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ പഴയ വാർത്താസമ്മേളനമാണ് തങ്ങളുടെ പ്രമേയത്തിന് തെളിവായി അണിയറ പ്രവർത്തകർ കാണിക്കുന്നത്. 2010 ജൂലൈ 24ന് നടത്തിയ വാർത്താസമ്മേളനത്തിന്റെ ഭാഗമാണ് ഇതിലുള്ളത്. പോപുലർ ഫ്രണ്ട് കേരളത്തെ മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും 20 വർഷം കൊണ്ട് കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കാനാണ് അവർ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും വി.എസ് പറയുന്നത് ഈ വാർത്താസമ്മേളനത്തിലാണ്.

അതേസമയം 32,000 പെൺകുട്ടികൾ ഐ.എസിൽ ചേർന്നുവെന്നത് അതിശയോക്തിപരമായ കണക്കാണെന്ന് രാഹുൽ ഈശ്വർ ട്വീറ്റ് ചെയ്തു.

''കേരളത്തിൽനിന്ന് 32,000 പെൺകുട്ടികൾ ഐ.എസിൽ ചേർന്നെങ്കിൽ അത് കേരളത്തെ മാത്രം തരംതാഴ്ത്തുന്ന ഒന്നല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും നമ്മുടെ ജയിംസ് ബോണ്ട് അജിത് ഡോവലിനെയും എൻ.ഐ.എ, റോ അടക്കമുള്ള ഇന്റലിജൻസ് ഏജൻസികളുടെയും അന്തസ് കുറയ്ക്കുന്നതാണ്. ദയവായി വളരെയധികം അതിശയോക്തി കലർത്തരുത്''-രാഹുൽ ട്വീറ്റ് ചെയ്തു.

കേരളം രാജഭരണകാലത്തും അതിന് ശേഷം വന്ന സാമൂഹ്യ പരിഷ്‌കർത്താക്കളുടെ കാലത്തും വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഒന്നാം സ്ഥാനത്താണ്. കേരളത്തിൽനിന്ന് 100 ആളുകൾ ഐ.എസിൽ ചേർന്നിരക്കാം. ഒരാൾ ചേർന്നാൽ പോലും അത് അപമാനകരമാണ്, പക്ഷേ 32,000 എന്നത് വലിയ കളവാണ്-രാഹുൽ ട്വീറ്റ് ചെയ്തു.


TAGS :

Next Story