Quantcast

ബിജെപി നേതാവിന്റെ പ്രായപൂർത്തിയാകാത്ത മകൻ വോട്ടുചെയ്‌തു; വിവാദത്തിന് പിന്നാലെ അന്വേഷണം

ഭോപ്പാലിലെ ബെരാസിയയിൽ ബിജെപി പഞ്ചായത്ത് നേതാവായ വിനയ് മെഹറിൻ്റെ മകനാണ് വോട്ടുചെയ്തതെന്നാണ് വിവരം

MediaOne Logo

Web Desk

  • Updated:

    2024-05-09 10:45:40.0

Published:

9 May 2024 10:38 AM GMT

Minor Son_vote
X

മധ്യപ്രദേശിൽ ബിജെപി നേതാവിന്റെ പ്രായപൂർത്തിയാകാത്ത മകൻ വോട്ടുചെയ്തതായി ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ഭോപ്പാലിലെ ബെരാസിയയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി വോട്ടുചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം.

ബിജെപി പഞ്ചായത്ത് നേതാവായ വിനയ് മെഹറിൻ്റെ മകനാണ് വോട്ടുചെയ്തതെന്നാണ് വിവരം. പിതാവിനൊപ്പം പോളിംഗ് ബൂത്തിൽ എത്തിയ കുട്ടിയാണ് വോട്ടുചെയ്തത്. അച്ഛന്റെ വോട്ടാണ് കുട്ടി രേഖപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഇവിഎമ്മിൽ കുട്ടി വോട്ടുചെയ്യുന്ന വീഡിയോ വിനയ് മെഹർ തന്നെയാണ് പകർത്തിയത്.

14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ആറുവയസ് തോന്നിക്കുന്ന ആൺകുട്ടി വോട്ടുചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്. കുട്ടി ഇവിഎമ്മിലെ താമര ചിഹ്നത്തിൽ പ്രസ് ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. ഈ സമയം വിനയ് മെഹർ തൊട്ടടുത്ത് നിൽക്കുന്നതായും കാണാം. വിനയ് മെഹർ ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. എന്നാൽ, വിവാദമായതോടെ പിൻവലിക്കുകയായിരുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്നുയരുന്നത്. പോളിംഗ് ബൂത്തിലേക്ക് മൊബൈൽ ഫോൺ എങ്ങനെ അനുവദിച്ചുവെന്നാണ് പ്രധാന ചോദ്യം. ചെറിയ കുട്ടിയെ ബൂത്തിനുള്ളിലേക്ക് കയറ്റാൻ ആരാണ് അനുവാദം നൽകിയതെന്നും ചോദ്യം ഉയരുന്നുണ്ട്. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ കുട്ടിയുടെ കളിപ്പാട്ടമാക്കിയെന്നും എന്തെങ്കിലും നടപടി ഉണ്ടാകുമോ എന്നും മുൻ മുഖ്യമന്ത്രി കമൽനാഥിൻ്റെ ഓഫീസിലെ മാധ്യമ ഉപദേഷ്ടാവ് പിയൂഷ് ബാബെലെ വീഡിയോ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.

വീഡിയോ വാസ്തവമാണെന്ന് ജില്ലാ അധികാരികൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ജില്ലാ കളക്ടർ കൗശലേന്ദ്ര വിക്രം സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു. പോളിംഗ് ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർക്കും ബന്ധപ്പെട്ട വ്യക്തികൾക്കുമെതിരെ നടപടിയെടുക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story